എംബിബിഎസ് (MBBS) പാഠ്യപദ്ധതിയിൽ ഇനി യോഗയും. ഇതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗാ പരിശീലനം (yoga training) നല്‍കും. ദേശീയ മെഡിക്കല്‍ കമ്മീഷനാണ് (NMC) ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ പാഠ്യപദ്ധതി അനുസരിച്ച്, ഫൗണ്ടേഷന് കോഴ്സിന്റെ (foundation course) സമയത്താണ് യോഗ പരിശീലനം അവതരിപ്പിച്ചിരിക്കുന്നത്. 10 ദിവസത്തെ (10 days) യോഗ പരിശീലനമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ എല്ലാ ദിവസവും പരമാവധി ഒരു മണിക്കൂര്‍ ക്ലാസില്‍ പങ്കെടുക്കണം. എന്‍എംസി പുറത്തിറക്കിയ ഏറ്റവും പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, പരിശീലനം ജൂണ്‍ 12 ന് ആരംഭിച്ച് അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് അവസാനിക്കും. ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും ഇത് ബാധകമാണ്.
ഇന്ത്യയിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും യോഗ പരിശീലന പരിപാടികളില്‍ തുല്യത നിലനിര്‍ത്തുന്നതിനായി, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, പൊതു യോഗാ മാർഗ നിർദ്ദേശങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍ ഈ പൊതു മാനദണ്ഡങ്ങൾ പിന്തുടരേണ്ടതാണ്. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ എന്‍എംസി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പ്രവേശനം നേടിയ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ബാച്ചിന് യോഗ പരിശീലന ക്ലാസുകൾ ഉടന്‍ ആരംഭിക്കും. ഇതിനായി ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള വീഡിയോകള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ആയുഷ് ഔദ്യോഗിക വെബ്സൈറ്റില്‍ ബുക്ക്ലെറ്റുകളും ലഭ്യമാണ്. yoga.ayush.gov.in എന്നതാണ് ആയുഷ് വെബ്സൈറ്റ്.
അതേസമയം, പുതിയ സിബിഎം പാഠ്യപദ്ധതിയിൽ പുതിയതും പഴയതുമായ ബാച്ചുകള്‍ ഒന്നിപ്പിക്കാന്‍ കമ്മീഷന് നേരത്തെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വര്‍ഷം മുതല്‍ പുതിയ സിബിഎംഇ പാഠ്യപദ്ധതി നടപ്പിലാക്കാന്‍ കമ്മീഷന് വിജ്ഞാപനം ചെയ്തിട്ടുണ്ട്.
മെഡിക്കല്‍ സ്ഥാപനങ്ങളില്‍ 2019 ഓഗസ്റ്റിലാണ് സിബിഎംഇ പദ്ധതി ആദ്യമായി നടപ്പിലാക്കിയത്. മെഡിക്കല്‍ ബിരുദ കോഴ്സ് പരിഷ്കരിക്കുകയായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ വൈദഗ്ധ്യവും അറിവും വര്‍ധിപ്പിക്കുന്ന പ്രസക്തമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മാറ്റം കൊണ്ടുവരാനാണ് ഇതുവഴി ഊന്നല്‍ നല്‍കുന്നത്. പ്രാഥമിക മെഡിക്കല്‍ വിഷയങ്ങള്‍ക്കൊപ്പം ഫൗണ്ടേഷന് കോഴ്സുകളും പഠിപ്പിച്ച് മൊത്തത്തിലുള്ള വിദ്യാഭ്യാസത്തിന് മികച്ച അടിത്തറയും സന്തുലിതമായ സമീപനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് ശാരീരിക ക്ഷമത. ഇത് നിലനിര്‍ത്തുന്നതില്‍ യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യോഗ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാരോഗ്യത്തെയും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ആരോഗ്യകരമായ വ്യായാമമാണിത്. യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂണ്‍ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.