അമ്മയെ കാണാൻ അനുമതി തേടി മെഹബൂബ മുഫ്തിയുടെ മകൾ സുപ്രീം കോടതിയിലേക്ക്
അമ്മയെ കാണാൻ അനുമതി തേടി മെഹബൂബ മുഫ്തിയുടെ മകൾ സുപ്രീം കോടതിയിലേക്ക്
നിലവിൽ സർക്കാർ അധീനതയിലുള്ള ഗസ്റ്റ്ഹൗസിൽ സുരക്ഷാ വലയത്തിൽ കഴിയുകയാണ് കശ്മീർ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ.
Last Updated :
Share this:
ന്യൂഡൽഹി : വീട്ടുതടങ്കലിൽ കഴിയുന്ന മെഹബൂബ മുഫ്തിയെ കാണാൻ അനുമതി തേടി മകൾ. അമ്മയെ കണ്ടിട്ട് ഒരുമാസമായെന്നും അവരുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും കാട്ടി മകൾ ഇൽതിജയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയെല്ലാം മുൻകരുതൽ നടപടിയെന്നോണം സർക്കാർ അറസ്റ്റ് ചെയ്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. നിലവിൽ സർക്കാർ അധീനതയിലുള്ള ഗസ്റ്റ്ഹൗസിൽ സുരക്ഷാ വലയത്തിൽ കഴിയുകയാണ് കശ്മീർ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ.
ഇൽതിജയുടെ പരാതിയിൽ കോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ് എ നാസർ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തെ തന്റെ സുഹൃത്തും പാർട്ടി നേതാവുമായ യൂസഫ് തരിഗാമിയെ കാണാൻ അനുമതി തേടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കോടതി അനുമതിയോടെ തന്നെ അദ്ദേഹം ശ്രീനഗറിലെത്തി സുഹൃത്തിനെ സന്ദർശിക്കുകയും ചെയ്തു. സമാന പരിഗണന തന്റെ കക്ഷിയുടെ പരാതിക്കും നൽകണമെന്നാണ് ഇൽതിജയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി വിഭാവനം ചെയ്യുന്ന ആർട്ടിക്കിൾ 370 ഇക്കഴിഞ്ഞ ആഗസ്റ്റ് 5നാണ് കേന്ദ്രം റദ്ദു ചെയ്തത്. സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കുകയും ചെയ്തു. ഇതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.