നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ അമേരിക്കയെ എങ്ങനെ അട്ടിമറിച്ചുവെന്ന് നോക്കുക' ; കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

  'അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്‍ അമേരിക്കയെ എങ്ങനെ അട്ടിമറിച്ചുവെന്ന് നോക്കുക' ; കേന്ദ്രത്തിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

  • Share this:
   അഫ്ഗാനിസ്ഥാനില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന മുന്നറിയിപ്പുമായി പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്മാറിയതും താലിബാന്‍ ഭരണം പിടിച്ചതും മുന്‍നിര്‍ത്തിയായിരുന്നു മെഹബൂബയുടെ പ്രസ്താവന. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.

   നാറ്റോയെയും മറ്റ് വിദേശ ശക്തികളെയും താലിബാന്‍ എങ്ങനെ പുറത്താക്കി എന്ന് വിവരിക്കാന്‍ മെഹബൂബ മുഫ്തി ആന-ഉറുമ്പ് ഉപമയാണ് ഉപയോഗിച്ചത്. കുല്‍ഗാം ജില്ലയിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.

   ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഉണ്ടായ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള സ്ഥാപനങ്ങള്‍ 'താലിബാനിസീകരിക്കപ്പെട്ടു' എന്ന് മുഫ്തി നേരത്തെ പറഞ്ഞിരുന്നു.

   ഞങ്ങളെ പരീക്ഷിക്കരുത്, സ്ഥിതിഗതി മനസ്സിലാക്കണമെന്നും എന്താണ് അയല്‍ രാജ്യങ്ങളില്‍ സംഭവിച്ചതെന്ന് വീക്ഷിക്കണമെന്നും മെഹബൂബ പറഞ്ഞു. വലിയ ശക്തരായ അമേരിക്ക വരെ രക്ഷപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

   ആയുധങ്ങള്‍ എടുക്കരുതെന്നും കല്ലു കൊണ്ടും തോക്കു കൊണ്ടും പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അവര്‍ യുവാക്കളോട് പറഞ്ഞു. 370-ാം വകുപ്പ് പുനഃസ്ഥാപിച്ച്, തട്ടിയെടുത്തതെല്ലാം തിരിച്ചു നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു.

   അതേ സമയം മെഹബൂബ മുഫ്തിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ നശിപ്പിക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.

   ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രണ്ടാം വാർഷികമാണ് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയ ഭരണഘടനാനുച്ഛേദമായിരുന്നു. എന്നാൽ 2019 ആഗസ്റ്റ് 5 ന് ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നു. ഇതിനെ തുടർന്ന് ഉടനടി രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ഇതോടെ ലഡാക്ക്‌, ജമ്മു കാശ്‌മീർ എന്നീ രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളായി സംസ്ഥാനം മാറി.

   ആർട്ടിക്കിൾ 370 റദ്ദായതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആർട്ടിക്കിൾ 35A യും ഇല്ലാതായി. 1952 ൽ ന്യൂഡൽഹിയും ശ്രീനഗറും തമ്മിൽ ഉണ്ടാക്കിയ കരാറാണ് ആർട്ടിക്കിൾ 35 എ. 1954 ലെ പ്രസിഡന്റ് ഉത്തരവിലൂടെ ഇത് ഭരണഘടനയിൽ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് സ്ഥിര താമസക്കാർ ഒഴികെ മറ്റാർക്കും സംസ്ഥാനത്ത് സ്ഥിരമായി താമസമാക്കാനോ സ്ഥാവര വസ്‌തുക്കൾ നേടാനോ പ്രയോജനപ്പെടുത്താനോ കഴിയില്ല. സർക്കാർ ജോലികൾ, സ്കോളർഷിപ്പുകൾ, മറ്റ് സഹായങ്ങൾ എന്നിവ സ്ഥിര താമസക്കാർക്ക് മാത്രമെ ലഭിക്കുകയുള്ളു.

   കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് കേന്ദ്രം കശ്മീരിന്റെ അമിത അധികാരം റദ്ദ് ചെയ്തത്. അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ രണ്ടാം വാർഷികത്തിന്റെ തലേന്നായ ഇന്നലെ, ബിജെപിയുടെ ‘നയാ കശ്മീരിർ’ ഒരു തമാശയാണെന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) വ്യക്തമാക്കിയിരുന്നു.
   Published by:Karthika M
   First published: