ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയും ശതകോടീശ്വരനുമായ മെഹുൽ ചോക്സി തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് വൈകിപ്പിക്കാൻ ആന്റിഗ്വയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് റിപ്പോർട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധൻ കെന്നെത്ത് റിജോക്ക് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാൻ ആന്റിഗ്വൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ചോക്സിയുടെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരും ജഡ്ജിമാരും നടപടികൾ വൈകിപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. .
ആന്റിഗ്വയിലെ കോടതി നടപടികൾ വൈകിപ്പിക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ചും മുതിർന്ന ആന്റിഗ്വ പോലീസ് ഉദ്യോഗസ്ഥൻ അഡോണിസ് ഹെന്റി ഉൾപ്പെടെയുള്ള മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതിനെക്കുറിച്ചും റിജോക്ക് വെളിപ്പെടുത്തി.
ആന്റിഗ്വ മജിസ്ട്രേറ്റ് കോൺലിഫ് ക്ലാർക്കിന് പണം നൽകി കൈമാറ്റം അനിശ്ചിതമായി വൈകിപ്പിക്കാൻ ശ്രമിച്ചു. കൈമാറ്റം തടയുന്നതിനായി ക്ലാർക്കും ഹെന്റിയും ഗൂഢാലോചന നടത്തിയതായും റിജോക്ക് പറഞ്ഞു. ചോക്സിയുടെ ഉടമസ്ഥതയിലുള്ള ജോളി ഹാർബറിലെ റസ്റ്റോറന്റായ അൽ പോർട്ടോയിൽ വെച്ച് ചോക്സിയും ഇൻസ്പെക്ടർ ഹെന്റിയും ദിവസത്തിൽ മൂന്ന് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നതായി ഒന്നിലധികം സാക്ഷികൾ റിപ്പോർട്ട് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കൈമാറ്റം ഒഴിവാക്കാൻ ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് കടക്കാനാണ് ചോക്സി ഉദ്ദേശിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ചോക്സിയെ ക്യൂബയിലേക്ക് കൊണ്ടുപോകാനിരുന്ന കപ്പലിന്റെ ജീവനക്കാർക്ക് പണം നൽകാത്തതിനെത്തുടർന്ന് ഇയാളെ ഡൊമിനിക്കയുടെ തീരത്ത് (2021 മെയ് മാസത്തിൽ) ഇറക്കിവിടുകയായിരുന്നു. ഇവിടുത്തെ അനധികൃത പ്രവേശന ചാർജുകൾ ഒഴിവാക്കുന്നതിനായി ഡൊമിനിക്കൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ചോക്സി നിർബന്ധിതനായെന്നും റിജോക്ക് പറഞ്ഞു.
ആരാണ് മെഹുൽ ചോക്സി?
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഒളിച്ചോടിയ ശതകോടീശ്വരനാണ് മെഹുൽ ചോക്സി. ഇന്ത്യയിലെ നിയമനടപടികൾ നേരിടാതെ ആന്റിഗ്വൻ പൗരത്വം നേടുകയായിരുന്നു ഇയാൾ. 2018-ൽ ഇന്ത്യ വിടുന്നതിനു മുമ്പുതന്നെ ഇന്റർപോൾ ചോക്സിക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം, അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും മെഹുൽ ചോക്സി നേരത്തെ പറഞ്ഞിരുന്നു. ഡൊമനിക്കൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്സി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ണ് വെട്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ചോക്സി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി താന്നോട് എന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ ക്ഷണിച്ചിരുന്നുവെന്നും എട്ടു പേജുള്ള സത്യവാങ്മൂലത്തിൽ ചോക്സി അവകാശപ്പെട്ടു. ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ആരായനുണ്ടെങ്കിൽ ചോദിച്ചറിയുന്നതിനായി ക്ഷണപത്രം അയച്ചിരുന്നു എന്നാണ് ചോക്സിയുടെ വാദം.
Also read-ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
പൊതുമേഖല ബാങ്കിലെ ഉദ്യോഗസ്ഥർക്ക് കോഴ നൽകി ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകൾ സ്വന്തമാക്കുകയും അതുപയോഗിച്ച് ബാങ്കുകളിൽ നിന്ന് വൻതുക കടമെടുക്കുകയും അത് തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.