'സഭയിൽ സംരക്ഷണം പുരുഷന്മാർക്ക് മാത്രം' അരുണ ജ്ഞാനദാസൻ സംസാരിക്കുന്നു

news18india
Updated: October 4, 2018, 4:34 PM IST
'സഭയിൽ സംരക്ഷണം പുരുഷന്മാർക്ക് മാത്രം' അരുണ ജ്ഞാനദാസൻ സംസാരിക്കുന്നു
  • Share this:
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിനു പിന്നാലെ പള്ളികളിലും മഠങ്ങളിലും സ്ത്രീകൾക്കെതിരെ  നടക്കുന്ന നിരവധി അതിക്രമങ്ങൾ പുറത്തുവന്നിരുന്നു.  കന്യാസ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്ലാനിങ്ങ് ആൻഡ് ഇന്റഗ്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. അരുണ ജ്ഞാനദാസൻ സംസാരിക്കുന്നു.

'നോ ലോംഗർ എ സീക്രട്ട്' എന്ന പുസ്തകത്തെ കുറിച്ച് ?

പള്ളികളുടെ മറവിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. 1991 വേൾഡ് കൗൺസിൽ ഒാഫ് ചർച്ചസിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ സമയത്ത് ഒരു സ്ത്രീ അതിക്രമത്തിന് ഇരയായി. കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ഒാർത്തഡോക്സ് വിഭാഗത്തിലെ പുരോഹിതൻ കാനഡ വംശജയായ  യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഈ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. കൗൺസിലിന്റെ അടിത്തറക്ക് വരെ കോട്ടം തട്ടുന്ന ഒരു സംഭവമായിരുന്നു അത്. ഈ വർഷം തന്നെയാണ് ഞാൻ ഡബ്യുസിസിയിൽ എത്തുന്നതും. സംഘടനയുടെ ഭാഗമായി ജനീവയിലേക്ക് നീങ്ങിയപ്പോൾ ആദ്യ ജോലി ഈ വിഷയത്തെ ഡബ്യുസിസി എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നു.

പള്ളികളുടെ ഭരണം ഒരു പ്രത്യേക വിഭാഗത്തിന് കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇവിടെ പുരുഷന്മാർക്ക് മാത്രമാണ് സംരക്ഷണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പള്ളികൾ മൗനം പാലിക്കുകയാണ് പതിവ്. ഇതിന്റെ പശ്ചാത്തലത്തിലാണ് 'നോ ലോംഗർ എ സീക്രട്ട്' എന്ന പുസ്തകം എഴുതുന്നത്. അതുവരെ ഒരു സ്ത്രീക്ക് മോശം അനുഭവം ഉണ്ടായാൽ അത് അവരുടെ മാത്രം വിഷയമായിരുന്നു. എന്നാൽ ഈ സംഭവത്തിന് ശേഷമാണ്  സ്ത്രീകൾക്കെതിരെയുള്ള അധിക്രമ വിഷയങ്ങളിൽ പള്ളികൾ പ്രതികരിക്കാൻ തുടങ്ങിയത്. അതിക്രമത്തിന് ഇരയായ സ്ത്രീയോടൊപ്പം ഞങ്ങൾ ഒരുമിച്ച് നിന്നു, എല്ലാ പിന്തുണയും നൽകി. ഇങ്ങനെയാണ് ഡബ്ല്യുസിസിയുമായുള്ള പ്രവർത്തനം ആരംഭിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നേരിട്ട വെല്ലുവിളി ?

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ എപ്പോഴും പ്രതികരിച്ച് കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ പ്രവർത്തനം അത്ര സുഗമമായിരുന്നില്ല. എല്ലാവരും പുറത്തുള്ള അതിക്രമങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ടിരുന്നു. എന്നാൽ സ്വന്തം സ്ഥാപനത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് ആർക്കും അറിയില്ല.

സ്ത്രീകൾക്ക് സ്വന്തം അനുഭവങ്ങള്‍ പറയാനുള്ള വേദി ഉണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്.  ക്രിസ്തുവിന്റെ അനുഭവങ്ങളോട് സ്ത്രീകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ താരതമ്യം ചെയ്യുന്ന പതിവ് ഉണ്ടായിരുന്നു. ക്രിസ്തു ചെയ്തതുപോലെ തെറ്റുകളോട് സ്ത്രീകൾ ക്ഷമിക്കണമെന്നായിരുന്നു പറഞ്ഞുവെച്ചിരുന്നത്. ഈ സമയങ്ങളിൽ തന്നെ മധുരയിലെ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവവും വലിയ ചർച്ചയായിരുന്നു.

ഒരു പള്ളി പ്രമാണി ഏഴ് വര്‍ഷങ്ങളായി ഒരു സ്ത്രീയെ ഉപദ്രവിച്ച് കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ അനുജത്തിയെ വിവാഹം ചെയ്ത് അവരെയും പീഡിപ്പിക്കുന്നത് പതിവാക്കി. ഒടുവിൽ പല സംഘടനകളും പൊലീസും ഇടപെട്ടാണ് ഇവരെ വീട്ടിൽ നിന്നും മോചിപ്പിച്ചത്. സ്ത്രീകൾക്കുണ്ടാകുന്ന ഇത്തരത്തിലുള്ള അനുഭവങ്ങൾ ദൈവവിധിയാണെന്നും ഈ സംഭവങ്ങൾക്കെതിരെ പ്രതികരിക്കരുതെന്നും പറഞ്ഞ് ഒരു സമൂഹം ഇവരെ തളച്ചിട്ടിരിക്കുകയായിരുന്നു.

ഈ മാനസികാവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിച്ചോ ?

ഇവരുടെ ഈ ശീലങ്ങളെ അങ്ങനെ മാറ്റുവാൻ കഴിയുന്നതല്ല. ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് പാപങ്ങളുടെ പ്രായശ്ചിത്തമായി കണക്കാക്കണമെന്ന തെറ്റായ ചിന്താഗതി സ്ത്രീകളിൽ പ്രത്യേകിച്ചും കത്തോലിക്ക സഭകളിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഒട്ടുമിക്ക കന്യാസ്ത്രീകളും ഈ രീതിയിൽ തന്നെയാണ് ചിന്തിക്കുന്നതും. ജലന്ധറിലെ കന്യാസ്ത്രീക്ക് ഉണ്ടായ അനുഭവവും ഈ രീതിയിൽ തന്നെയാണ് അവർ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. സ്ത്രീകൾ പള്ളികളുടെ ചട്ടക്കൂടുകൾക്കുള്ളിൽ മൗനമായിരിക്കണമെന്നാണ് നേതൃത്വങ്ങൾ ശീലിപ്പിക്കുന്നത്. പള്ളികളിലെ വൈദികർ ദൈവത്തിന്റെ പ്രതിനിധികളാണെന്ന് തന്റെ അമ്മ പറയുമായിരുന്നു. അതുകൊണ്ട് തന്നെ ഇവർക്കെതിരെ പ്രതികരിക്കുന്നതിൽ അമ്മക്ക് വളരെ ആശങ്ക ഉണ്ടായിരുന്നു.

പള്ളികളിലെ ലിംഗവിവേചനത്തെ എങ്ങനെ നേരിട്ടു

ഭയാനകമായി നിരവധി കഥകൾ ബൈബിളിലുണ്ട്. ഇവയിൽ കൂടുതലും സ്ത്രീകൾ സ്വന്തം അച്ഛനിൽ നിന്നും, അനുജന്മാരിൽ നിന്നും മറ്റ് മേലാളന്മാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ചാണ്. ഈ കഥകളാണ് പള്ളികൾ വിശ്വാസികളോട് സംസാരിക്കുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ തന്നെയാണ് കുട്ടികളും കേട്ട് വളരുന്നത്. തന്റെ കൊച്ചുമകനോട് ഞായറാഴ്ചത്തെ വേദപഠന ക്ലാസില്‍ ചോദിച്ച ചോദ്യം ബൈബിളിലുള്ള ശലോമോൻ രാജാവിന് എത്ര ഭാര്യമാർ ഉണ്ടായിരുന്നു എന്നതാണ്. രാജാവിന് പറ്റിയ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിന് പകരം രാജാവിന്റെ ഭാര്യമാരുടെ എണ്ണമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. മറ്റൊരു അവസരത്തിൽ എന്റെ കൊച്ചുമകൻ അമ്മ അത് ചെയ്യാൻ പാടില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട് എന്ന് ചോദിച്ചതിന് അമ്മ ഒരു സ്ത്രീയായത് കൊണ്ട് എന്നായിരുന്നു മറുപടി.

പുസ്തകത്തിന്റെ പേര് ഈ കാലഘട്ടത്തിലും ഉചിതമാണ്. ഇതിൽ നിന്ന് പ്രചേദനം ഉൾക്കൊണ്ടാണോ കൂടുതൽ കന്യാസ്ത്രീകൾ വെളിപ്പെടുത്തലുകളുമായി പുറത്ത് വരുന്നത് ?

1997 മുതൽ തന്നെ മാറ്റങ്ങൾ ആരംഭിച്ച് തുടങ്ങിയിരുന്നു. നവീകരണ വിഭാഗത്തിലുള്ള പള്ളികളിലും കത്തോലിക്കയല്ലാത്ത സഭകളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി. സ്ത്രീകളുടെ നേതൃപദവികളിലേക്ക് എത്തിത്തുടങ്ങി. ഇന്ത്യയിൽ ഒരു സ്ത്രീയായ ബിഷപ്പും ഉണ്ടായി. എന്നിട്ടും മാറ്റങ്ങൾ വേഗം ഉണ്ടാകാൻ വലിയ ബുദ്ധിമുട്ടാണ്. ഒരു സ്ത്രീപക്ഷവാദിയാണെങ്കിൽ അവരെ അകറ്റി നിർത്തുന്നതാണ് പതിവ്. അതുകൊണ്ട് തന്നെയാണ് 22 വർഷങ്ങൾക്ക് ശേഷം ഈ സംഘടനയിൽ നിന്നും പുറത്തേക്ക് വന്നത്.

വത്തിക്കാനിലെത്തി പോപ്പിനെ കണ്ടപ്പോഴുണ്ടായ അനുഭവം

പോപ്പിനെ കാണുമ്പോൾ സ്ത്രീകളുടെ ആവശ്യങ്ങൾ കേൾക്കണം എന്ന് പറയാനാണ് ഉദ്ദേശിച്ചത്. എന്നാൽ വത്തിക്കാനിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് അറിഞ്ഞത് പോപ്പ് ഒരു വുമൺ കമ്മീഷൻ തുടങ്ങാൻ നിർദേശം നൽകിയതെന്ന്. അതുകൊണ്ട് അക്കാര്യം പറഞ്ഞില്ല. വത്തിക്കാനിന്റെ അവസ്ഥ ഒരു സംസ്ഥാനത്തെക്കാളും പരിതാപമാണ്. എല്ലാത്തിനും കമ്മീഷനുകളുണ്ട്, എല്ലാം അവരാണ് തീരുമാനിക്കുന്നത്.
First published: October 4, 2018, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading