ന്യൂഡൽഹി: കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി വിവാദത്തിൽ. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജോലി തരില്ലെന്ന് മുസ്ലീംകളോട് മന്ത്രി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. സുൽത്താൻപൂരിലെ തുരബ് ഖാനി ഗ്രാമത്തിലാണ് മനേക ഗാന്ധി വിവാദ പരാമർശം നടത്തിയത്.
also read: 'അഞ്ച് തലമുറയെ പ്രാകി കളയരുത്... അതൊക്കെ കൊഞ്ചം ഓവർ അല്ലെ?'
മുസ്ലിംകൾക്ക് പ്രാതിനിധ്യമുള്ള ഈ മേഖലയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മനേക ഗാന്ധി. മുസ്ലിംകളുടെ പിന്തുണ ഇല്ലാതെ താൻ വിജയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മനേക ഗാന്ധി പറഞ്ഞു.
ജോലി ഒരു കരാറാണെന്നും വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംകൾ ജോലി പ്രതീക്ഷിക്കരുതെന്നുമാണ് മനേക ഗാന്ധി പറഞ്ഞത്. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ പ്രതിഷേധവും ഉയർന്നു.
പിലിഫിത് മണ്ഡലത്തിൽ എന്തൊക്കെ ഞാൻ ചെയ്തിട്ടുണ്ടെന്ന് അവിടെയുള്ളവരോട് ചോദിക്കു. ഞാൻ അവിടെ ഒന്നും ചെയ്തിട്ടില്ലെന്ന് തോന്നുകയാണെങ്കിൽ എനിക്ക് നിങ്ങൾ വോട്ട് ചെയ്യണ്ട- മനേക ഗാന്ധി പറഞ്ഞു.
2014ൽ ഉത്തർപ്രദേശിലെ പിലിഫിത് മണ്ഡലത്തിൽ നിന്നാണ് മനേക ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇത്തവണ വരുൺ ഗാന്ധിയെയാണ് പിലിഫിത്തിൽ പാർട്ടി നിർത്തിയത്. സുൽത്താൻപൂരിൽ നിന്നാണ് മനേക ഗാന്ധി മത്സരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.