ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്ശനത്തിനിടെയെടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിനിടെ അദ്ദേഹം ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വീണ്ടും ഇന്ത്യയിലേക്ക് വരാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമുള്ള ചിത്രവും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. യൂട്യൂബറും അഭിനേത്രിയുമായ പ്രജക്താ കോലിയോടൊപ്പമുള്ള ചിത്രം, വിവിധ എന്‍ജിഒ പ്രവര്‍ത്തകരോടൊപ്പമുള്ള ചിത്രം എന്നിവയും ബില്‍ ഗേറ്റ്സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
View this post on Instagram
‘ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ മടങ്ങിവന്നതേയുള്ളു. വീണ്ടും പോകാന്‍ ആഗ്രഹം തോന്നുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. കാരണം ഓരോ പുതിയ കാര്യങ്ങളും പഠിക്കാനുള്ള അവസരമായിരുന്നു,’ ബില്‍ ഗേറ്റ്സ് പറഞ്ഞു.
Also Read – ഇനി യാത്രക്കാർക്ക് നന്നായി ഉറങ്ങാം; രാത്രി നിയമങ്ങൾ കർശനമാക്കി റെയിൽവേ
”കഴിഞ്ഞ ആഴ്ച മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഞാന്‍ യാത്ര നടത്തി. ആരോഗ്യം, കാലാവസ്ഥ, വികസനത്തിന്റെ വെല്ലുവിളികള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ശാസ്ത്രത്തിന്റെ ശക്തി എങ്ങനെ ഉപയോഗിക്കുന്നുവെന്ന് എന്നെ പഠിപ്പിച്ച ചില ആളുകളെ ഞാന്‍ ഈ യാത്രയില്‍ കണ്ടുമുട്ടി,”ബില്‍ഗേറ്റ്സ് പറഞ്ഞു.
സന്ദര്‍ശനത്തിനിടെ നിരവധി പേരുമായി ബില്‍ഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, വ്യവസായി ആനന്ദ് മഹീന്ദ്ര, ക്രിക്കറ്റ് താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിപ്രോ ചെയര്മാന് റിഷാദ് പ്രേംജി, കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, സ്മൃതി ഇറാനി, അശ്വിനി വൈഷ്ണവ് എന്നിവരുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
വളരെയധികം സുരക്ഷിതമായതും ഫലപ്രദമായതുമായ വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അവയില്‍ ചിലതിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് സമയത്ത് ലക്ഷക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാന്‍ ഈ വാക്സിനുകള്‍ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം മുതല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപകമാക്കിയ കേന്ദ്രസര്‍ക്കാര്‍ നയത്തെയും അദ്ദേഹം പിന്താങ്ങി. അതേസമയം ഇന്ത്യ വികസിപ്പിച്ച നൂതനാശയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് എത്തിക്കാന്‍ സഹായിക്കുന്ന മികച്ച അവസരമാണ് ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.