നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോവിഡ് 19നെ നേരിടാൻ കുടിയേറ്റ തൊഴിലാളികൾക്കുമേൽ ഉത്തർപ്രദേശിൽ അണുനാശിനി പ്രയോഗം; നടപടി വിവാദത്തിൽ

  കോവിഡ് 19നെ നേരിടാൻ കുടിയേറ്റ തൊഴിലാളികൾക്കുമേൽ ഉത്തർപ്രദേശിൽ അണുനാശിനി പ്രയോഗം; നടപടി വിവാദത്തിൽ

  Covid 19 | ഡൽഹിയിൽ നിന്ന് ഇരുന്നൂറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ചെറുപ്പക്കാൻ കഴിഞ്ഞ ദിവസം യുപി ഹൈവേയിൽ കുഴഞ്ഞു വീണ് മരിച്ചു. ഇങ്ങനെയുള്ള ദുരിതയാത്രയ്ക്കൊടുവിലാണ് ഈ തൊഴിലാളികൾ സ്വന്തം നാട്ടിലെത്തിയത്. ഇവർക്കാണ് ജില്ലഭരണകൂടത്തിന്റെ അണുനാശിനി പ്രയോഗം നേരിടേണ്ടി വന്നത്.

  migrant workers up

  migrant workers up

  • Share this:
   ടി.ജെ. ശ്രീലാൽ

   കണ്ണുകൾ ഇറുക്കിയടയ്ക്കൂ. കുട്ടികളുടെ കണ്ണും മൂക്കും വായും പൊത്തിപ്പിടിക്കൂ. ഇത് പറഞ്ഞതിന് പിന്നാലെയാണ് കണ്ണിൽ ചോരയില്ലാത്ത ആ നടപടിയുണ്ടായത്. അന്യസംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരുകൂട്ടം തൊഴിലാളികളെ ഒന്നിച്ചിരുത്തി അവർക്ക് മുകളിലേക്ക് അണുനാശിനി ചീറ്റിയടിച്ചു. കോവിഡ് അണുക്കളെ കൊല്ലാൻ ഉത്തർപ്രദേശ് സർക്കാർ കണ്ടെത്തിയ എളുപ്പമാർഗമാണിത്. രാസവസ്തുക്കൾ അടങ്ങിയ ഈ അണുനാശിനി തെരുവുകളിലും ഓടകളിലും തളിക്കുന്നത് പോലും മനുഷ്യർക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അപ്പോഴാണ് ഉത്തർപ്രദേശിലെ ബറേലിയിൽ പ്രാദേശിക ഭരണകൂടം തന്നെ ഈ മനുഷ്യത്തരഹിത നടപടിക്ക് നേതൃത്വം നൽകിയത്.

   https://twitter.com/i/status/1244508599038009344

   രാസവസ്തുക്കളല്ല, ക്ളോറിൻ വെള്ളമെന്ന് വിശദീകരണം

   ബറേലിയിൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് മേൽ തളിച്ചത് ക്ളോറിൻ വെള്ളമാണെന്നാണ് നടപടി വിവാദമായതോടെ ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതിൽ രാസവസ്തുക്കളൊന്നുമില്ലെന്നും ജില്ല ഭരണകൂടം അവകാശപ്പെട്ടു. അണുക്കളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാന്തരം രാസവസ്തുവാണ് ക്ളോറിൻ. ഇത് പോലും അറിയാതെയാണോ പാവപ്പെട്ട തൊഴിലാളികളുടെ മേൽ ഇത് തളിച്ചത്. തൊഴിലാളികൾക്ക് മേൽ ചീറ്റിയടിച്ചത് ക്ളോറിൻ വെള്ളമാണെന്ന അവകാശവാദമല്ലാതെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഇനി തൊഴിലാളികളെ കുളിപ്പിച്ചത് ക്ളോറിൻ വെള്ളത്തിലാണെങ്കില്‍ പോലും അത് കണ്ണിനുണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും. എന്നിട്ടും റായ്ബറേലി ജില്ലാ ഭരണകൂടം ഈ നടപടിയിൽ തെറ്റൊന്നും കാണുന്നില്ല.

   മനുഷ്യാവകാശ ലംഘനം

   ബറേലി സംഭവം മനുഷ്യത്തരഹിതം മാത്രമല്ല മനുഷ്യാവകാശ ലംഘനം കൂടിയാണ്. ഡൽഹിയിൽ നിന്ന് ദിവസങ്ങൾ നീണ്ട ദുരിതയാത്രയ്ക്കൊടുവിലാണ് ഈ തൊഴിലാളികൾ ബറേലിയിൽ എത്തിയത്. അരപട്ടിണിയിലും മുഴുപട്ടിണിയിലുമായിരുന്നു യാത്ര. ഡൽഹിയിൽ നിന്ന് കാൽനടയായി തുടങ്ങിയ യാത്രയ്ക്ക് ഒടുവിൽ ഉത്തർപ്രദേശ് സർക്കാർ ബസുകൾ വിട്ടുനിൽകുകയായിരുന്നു. ഈ യാത്രയുടെ അവസാനമാണ് ഇവരുടെ മേൽ ക്ളോറിൻ വെള്ളമെന്ന പേരിൽ അണുനാശിനി ചീറ്റിയടിച്ചത്. നാളിതുവരെയുള്ള സമ്പാദ്യമെല്ലാം ഇട്ടെറിഞ്ഞ് കൈയ്യിൽ കിട്ടിയതുമായി ഡൽഹിയിൽ നിന്ന് പലായനം ചെയ്തവരാണ് ഈ തൊഴിലാളികൾ. ഒന്ന് മാറിയുടുക്കാൻ പോലും ഇവരിൽ പലരുടേയും കൈവശം വസ്ത്രങ്ങളില്ല. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി വേണം ഈ മനുഷ്യരും അവർക്കൊപ്പമുള്ള കുട്ടികളും മുതിർന്നവരും കഴിയേണ്ടത്. പട്ടിണി പേടിച്ച് സ്വന്തം നാട്ടിലേക്ക് ഓടിയെത്തിയവരോടാണ് ഈ മനുഷ്യത്തരഹിത നടപടിയെന്നത് കാണാതെ പോകരുത്.

   പരിശോധിക്കും, അന്വേഷിക്കും; പറഞ്ഞൊഴിഞ്ഞ് ഭരണകൂടം

   ബറേലി സംഭവത്തിൽ ദേശീയതലത്തിൽ തന്നെ പ്രതിഷേധം കനത്തതോടെ ഉത്തർപ്രദേശ് സർക്കാരിന്റെ മറുപടി പരിശോധിക്കുമെന്നും അന്വേഷിക്കുമെന്നുമുള്ള പതിവ് പല്ലവിയാണ്. ഇങ്ങനെയൊരു നടപടിയുണ്ടായില്ലെന്നായിരുന്നു ആദ്യ നിലപാട്. തൊഴിലാളികളെ ഒന്നിച്ചിരുത്തി ശക്തമായി അണുനാശിനി ചീറ്റുന്ന വീഡിയോ പുറത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. ഇതോടെ വീഡിയോ എടുത്തതും അത് പുറത്തുവിട്ടതും ആരാണെന്നത് അന്വേഷിക്കാനായി ജില്ലഭരണകൂടത്തിന് വെപ്രാളം. അണുനാശിനി പ്രയോഗത്തിൽ ആരോഗ്യപ്രശ്നമുണ്ടായവർക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് പ്രകാരം പ്രത്യേക ചികിത്സ നൽകുമെന്ന് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമവും നടത്തി അധികാരികൾ. ബസുകൾ അണുവിമുക്തമാക്കാനായിരുന്നു നിർദ്ദേശം. പക്ഷെ അമിതാവേശം വിനയായി.
   You may also like:കേരളത്തിന് അഭിമാനം; കോവിഡിനെ അതിജീവിച്ച് റാന്നിയിലെ വൃദ്ധദമ്പതികൾ [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
   പലായനം

   രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് പോകാനായി അതിർത്തിയിലെത്തി കുടുങ്ങിയിട്ടുള്ളത്. ട്രെയിനുകളും ബസുകളുമില്ലാത്തതിനാൽ ഇവരിൽ പലരും നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങളിലേക്ക് നടക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെയുള്ള യാത്ര. കുട്ടികളും സ്ത്രീകളും പ്രായംചെന്നവരുമൊക്കെയുണ്ട് ഇക്കൂട്ടത്തിൽ. ഈ പലായനത്തിനിടെ വഴിയിൽ കുഴഞ്ഞു വീഴുന്നവരുണ്ട്. അവരെ മറികടന്ന് മറ്റുള്ളവർ മുന്നോട്ട് പോകുന്നു. ഡൽഹിയിൽ നിന്ന് ഇരുന്നൂറു കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത ചെറുപ്പക്കാൻ കഴിഞ്ഞ ദിവസം യുപി ഹൈവേയിൽ കുഴഞ്ഞു വീണ് മരിച്ചു. ഇങ്ങനെയുള്ള ദുരിതയാത്രയ്ക്കൊടുവിലാണ് ഈ തൊഴിലാളികൾ സ്വന്തം നാട്ടിലെത്തിയത്. ഇവർക്കാണ് ജില്ലഭരണകൂടത്തിന്റെ അണുനാശിനി പ്രയോഗം നേരിടേണ്ടി വന്നത്. ഈ മുഷ്യത്തരഹിത മനുഷ്യാവകാശ ലംഘനങ്ങൾക്ക് എന്ത് മറുപടിയാണുള്ളത് യോഗിജി.
   Published by:Anuraj GR
   First published:
   )}