ബെംഗളുരു: കർണാടകയിൽ തെരഞ്ഞടുപ്പിൽ മത്സരിക്കുന്ന വിവാദ ഖനി വ്യവസായി ഗാലി ജനാർദ്ദന റെഡ്ഡിയുടെ ഭാര്യ ലക്ഷ്മി അരുണ ഞെട്ടിക്കുന്ന സ്വത്ത് വിവരക്കണക്കുകൾ പുറത്ത് വിട്ടു. തന്റേയും ഭർത്താവിന്റേയും പേരിലുള്ള 250 കോടിയുടെ രൂപയുടെ ആസ്തി വിവരങ്ങളാണ് പുറത്ത് വിട്ടത്. 84 കിലോ വജ്രങ്ങൾ 437 കിലോ വെള്ളി, മറ്റ് സ്വർണാഭരണങ്ങൾ എന്നിവയുടെ കണക്കുകളാണ് നാമ നിർദ്ദേശ പത്രികക്ക് ഒപ്പം സമർപ്പിച്ചത്.
ബല്ലാരി സിറ്റിയിൽ നിന്നാണ് കല്യാണ രാജ്യ പ്രഗതിപക്ഷ സ്ഥാനാർത്ഥിയായി ലക്ഷ്മിഅരുണ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ലക്ഷ്മി അരുണ നാമനിർദേശ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 25 നു ബിജെപി വിട്ടാണ് ജനാർദ്ദന റെഡ്ഡി പ്രഗതി പക്ഷ എന്ന പാർട്ടി രൂപീകരിച്ചത്. വടക്കൻ കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതി മണ്ഡലത്തിൽ നിന്നും ജനാർദ്ദന റെഡ്ഡിയും മത്സരിക്കുന്നുണ്ട്.
ലക്ഷ്മിഅരുണയുടെ പത്രിക പ്രാകരം കൂടുതൽ സ്വർണവും വജ്രവും ജനാർദ്ദന റെഡ്ഡിയുടെ പേരിലാണ്. 46 കിലോ വജ്രവും സ്വർണവും ജനാർദ്ദന റെഡ്ഡിയുടെ പേരിലുള്ളപ്പോൾ 38 കിലോയുടെ ആഭരണമാണ് ഭാര്യയുടേതായുള്ളത്.
ഇതുകൂടാതെ, ബിസിനസ് രംഗത്തും കാർഷിക മേഖലയിലും ദമ്പതികൾക്ക് നിക്ഷേപമുണ്ട്. ഹോസ്പിറ്റാലിറ്റി, ട്രാവൽ, മൈനിംഗ്, ഏവിയേഷൻ, കെമിക്കൽ മേഖലകളിലായി ഒരു ഡസനോളം കമ്പനികളിലായി 79 കോടിയുടെ നിക്ഷേപമാണ് ലക്ഷ്മിഅരുണയ്ക്കുള്ളത്. ജനാർദ്ദന റെഡ്ഡിക്ക് 21 കോടിയുടെ നിക്ഷേപവും. കർണാടകയിലും ആന്ധ്രപ്രദേശിലുമായി 93 കാർഷിക ഇടങ്ങളാണ് ലക്ഷ്മിഅരുണയ്ക്കുള്ളത്. എൽഐസി പെൻഷൻ, പലിശ, വാടക, എന്നിവയാണ് തന്റെ വരുമാന സ്രോതസ്സായി ഇവർ കാണിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.