കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ 17 മലയാളികളടക്കമുള്ള മത്സ്യതൊഴിലാളികളുടെ വിഷയത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാനത്തെ പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളിൽ നിന്നും പോയവരാണ് പുറത്തിറങ്ങാൻ പോലും കഴിയാതെ മുറിയിൽ കഴിയുന്നതെന്നാണ് ലഭിച്ച വിവരം. നാലുമാസം മുമ്പാണ് മത്സ്യ ബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്.
ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് വരികയാണ്. ലോകാരോഗ്യ സംഘടനയും ഇറാനിലെ ഭരണകൂടവും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ അനുസരിക്കാനും സഹകരിക്കാനും ഇറാനിലെ എല്ലാ ഇന്ത്യക്കാരോടും അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കു വയ്ക്കാനാകുമെന്ന് കരുതുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സഹായത്തിനായി വിളിക്കേണ്ട ഹെൽപ്പ്ലൈൻ നമ്പർ: 98-9128109115, ഇമെയിൽ വിലാസം: indiahelplinetehran@gmail.com
Read Also-
കോവിഡ് 19: ഇറാനില്‍ 23 മൽസ്യത്തൊഴിലാളികൾ കുടുങ്ങി; 17 പേർ മലയാളികൾ
കോവിഡ് 19(കൊറോണ വൈറസ്) പടര്‍ന്നു പിടിക്കുന്നതിനാൽ 23 മൽസ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങിയത്. ഇതിൽ 17 പേർ മലയാളികളാണ്. മൽസ്യബന്ധന വിസയില്‍ തിരുവനന്തപുരത്തു നിന്നും ഇറാനിലേക്ക് പോയ 17 തൊഴിലാളികളാണ് കുടുങ്ങിയത്. ഇറാനിൽ കോവിഡ് 19 പടരുന്നതിനാൽ മുറിക്ക് പുറത്തിറങ്ങാനാകുന്നില്ല എന്നും ഭക്ഷണം ലഭിക്കുന്നില്ല എന്നും മൽസ്യത്തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇവർ പറയുന്നു.
അതേസമയം, ഇറാനില്‍ കുടുങ്ങിയ മല്‍സ്യ തൊലാളികളുമായി സംസാരിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ആഹാരം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.