ന്യൂഡൽഹി: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഏകോപനത്തോടെ പ്രവർത്തിക്കുന്ന ആറ് യൂട്യൂബ് ചാനലുകളെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിഐബി ഫാക്റ്റ് ചെക്ക് യൂണിറ്റ് കണ്ടെത്തി. ഈ ചാനലുകൾ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ പ്രതിരോധിക്കാൻ 100ലധികം പരിശോധിക്കപ്പെട്ട വസ്തുതകളുള്ള ആറ് വ്യത്യസ്ത ട്വിറ്റർ ത്രെഡുകൾ, ഫാക്റ്റ് ചെക്ക് യൂണിറ്റ് പുറത്തിറക്കി. കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ യൂണിറ്റിൽ നിന്നുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ നടപടിയാണിത്.
ഏകദേശം 20 ലക്ഷം വരിക്കാർ ഉണ്ടായിരുന്ന ഈ ആറ് യൂട്യൂബ് ചാനലുകളിലെ വീഡിയോകൾ 51 കോടിയിലധികം തവണ കണ്ടിട്ടുണ്ട്. പിഐബി വസ്തുതാപരമായി പരിശോധിച്ച ഈ യൂട്യൂബ് ചാനലുകളുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
യൂട്യൂബ് ചാനലിന്റെ പേര് | വരിക്കാർ | എത്ര തവണ കണ്ടു |
നേഷൻ ടിവി | 5.57 ലക്ഷം | 21,09,87,523 |
സംവാദ് ടിവി | 10.9 ലക്ഷം | 17,31,51,998 |
സരോകാർ ഭാരത് | 2,11,000 | 45,00,971 |
നേഷൻ 24 | 2,54,000 | 43,37,729 |
സ്വർണിം ഭാരത് | 6,07,000 | 10,13,013 |
സംവാദ് സമാചാർ | 3.48 ലക്ഷം | 11,93,05,103 |
ആകെ | 20.47 ലക്ഷം | 51,32,96,337 |
തിരഞ്ഞെടുപ്പ്, സുപ്രീം കോടതിയിലെയും ഇന്ത്യൻ പാർലമെന്റിലെയും നടപടികൾ, കേന്ദ്ര ഗവൺമെന്റിന്റെ പ്രവർത്തനം മുതലായവയെ കുറിച്ച് ഈ യൂട്യൂബ് ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതായി പി ഐ ബി ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നിരോധനം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങളും, രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ നടത്തി എന്ന് പറയപ്പെടുന്ന തെറ്റായ പ്രസ്താവനകളും ഇതിൽ ഉൾപ്പെടുന്നു.
Also Read- എലിയെ കൊന്നാൽ അകത്താകുമോ? കാക്കയെ കൊന്നാൽ കേസ് ആകുമോ? വന്യജീവി സംരക്ഷണ ഭേദഗതി നിയമം പറയുന്നത്
വ്യാജ വാർത്തകളിലൂടെ ധനസമ്പാദനത്തിനായി ഈ ചാനലുകൾ പ്രവർത്തിക്കുന്നുവെന്നാണ് പിഐബി ഫാക്റ്റ് ചെക്ക് വിഭാഗം പറയുന്നത്. വാർത്ത ആധികാരികമാണെന്ന് വിശ്വസിപ്പിക്കാനും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനും അവർ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താനായി പ്രേക്ഷകരുടെ എണ്ണം കൂട്ടുന്നതിനുമായി ഈ യുട്യൂബ് ചാനലുകൾ, ടിവി ചാനലുകളുടെ വാർത്താ അവതാരകരുടെ ചിത്രങ്ങളും വ്യാജവും ക്ലിക്ക് ബെയ്റ്റും വൈകാരികവുമായ തമ്പ്നെയിലുകളും ഉപയോഗിക്കുന്നു.
പി ഐ ബി ഫാക്ട് ചെക്കിന്റെ ഇത്തരം രണ്ടാമത്തെ നടപടിയാണിത്. നേരത്തെ 2022 ഡിസംബർ 20 ന് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് ചാനലുകളെ ഈ യൂണിറ്റ് കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.