• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഫോട്ടോ എടുക്കേണ്ട, കാഴ്ച ആസ്വദിക്കൂ'; മാധ്യമപ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിന് മുൻപ് അക്രമികളുടെ മുന്നറിയിപ്പ്; ഒരു വനിതാ ജേർണലിസ്റ്റിന്റെ കുറിപ്പ്

'ഫോട്ടോ എടുക്കേണ്ട, കാഴ്ച ആസ്വദിക്കൂ'; മാധ്യമപ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിന് മുൻപ് അക്രമികളുടെ മുന്നറിയിപ്പ്; ഒരു വനിതാ ജേർണലിസ്റ്റിന്റെ കുറിപ്പ്

Delhi Violence | വടക്ക് കിഴക്കൻ ഡൽഹിയിൽ പാഞ്ഞടുത്ത അക്രമകാരികളിൽ നിന്ന് മൂന്ന് മാധ്യമപ്രവർത്തകരെ രക്ഷപ്പെടുത്തിയത് പേരിനൊപ്പമുള്ള 'ശർമ'യും 'ശുക്ല'യും പിന്നെ ഒരു രുദ്രാക്ഷ മാലയും

News18 Malayalam

News18 Malayalam

  • Share this:
റുഞ്ജുൻ ശർമ (റിപ്പോർട്ടർ, സിഎൻഎൻ- ന്യൂസ്18)

ന്യൂഡൽഹി: ഒരു സിനിമ കാണുകയാണെന്നാണ് തോന്നിയത്. ഭയാനകവും മരവിപ്പിക്കുന്നതുമായ കാഴ്ചകളായിരുന്നു ചുറ്റിലും. വാളുകളും ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളുമായി ആള്‍ക്കൂട്ടം പാഞ്ഞടുക്കുന്നു. ജയ് ശ്രീറാം വിളികളുമായി വരുന്ന അവരിൽ ഭൂരിഭാഗം പേരും ഹെൽമറ്റ് ധരിച്ചിരുന്നു.

വീടുകളിലേക്ക് അതിക്രമിച്ചുകടന്നയുടൻ അവിടെ നിന്ന് അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങൾ. കുറച്ചുസമയത്തിന് ശേഷം ജനാലയിലൂടെ തീകത്തി പടരുന്നത് കണ്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖാസൂരി ഖാസ് പ്രദേശത്ത് മറ്റ് രണ്ട് മാധ്യമപ്രവർത്തകർക്കൊപ്പം ഞാൻ ഒരു വലിയ മലിനജല അഴുക്കുചാലിന് സമീപം നിൽക്കുകയായിരുന്നു.

അവിടെ നടക്കുന്ന യാതൊന്നും ഷൂട്ട് ചെയ്യാൻ ഞങ്ങളെ അനുവദിച്ചില്ല. പോക്കറ്റിൽ നിന്ന് ഫോൺ പുറത്തെടുക്കേണ്ട, ഈ കാഴ്ചകൾ ആസ്വദിക്കൂ- ആൾക്കൂട്ടം ഞങ്ങളെ ഭീഷണിപ്പെടുത്തി.

Also Read- ഡൽഹി കലാപത്തിൽ മരണം 20 ആയി; കൊല്ലപ്പെട്ടവരിൽ ഐബി ഉദ്യോഗസ്ഥനും

ഞങ്ങൾക്ക് മുന്നിലും പുറകിലുമായി കല്ലുകളും ആസിഡുകളും തുരുതുരെ എറിയുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള ഒരു ആരാധനാലയം തീയിട്ടുനശിപ്പിച്ചു. അതിന്റെ അടുത്തേക്കൊന്നും പോകാൻ അവർ ഞങ്ങളെ അനുവദിച്ചില്ല. പക്ഷേ ആകാശത്തേക്ക് ഉയരുന്ന കറുത്ത പുക വളരെ ദൂരെ നിന്നുപോലും ദൃശ്യമായിരുന്നു.

വീടുകൾ നിലംപൊത്തുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവന്നു. കുറച്ച് കിലോമീറ്ററുകൾ മാത്രം അകലെയുള്ള പൊലീസുകാർ ഇവിടേക്ക് എത്താത്തത് എന്തുകൊണ്ടാണെന്നത് അതിശയിപ്പിച്ചു. മാധ്യമപ്രവർത്തകർക്ക് വിവരം ലഭിച്ചുവെങ്കിൽ, പൊലീസിനും ലഭിച്ചിരിക്കണം.

വീടുകൾ കത്തിച്ചശേഷം ആഹ്ളാദപൂർവം മടങ്ങിയെത്തിയ ജനക്കൂട്ടം ഒടുവിൽ ഒരു ചിത്രം എടുക്കാൻ ഞങ്ങളെ അനുവദിച്ചു.

പഴയ മൗജ്പൂരിന് സമീപം മറ്റൊരു സ്ഥലത്തേക്ക് ഞങ്ങൾ പോയി. 144 പ്രഖ്യാപിച്ചിരുന്നെങ്കിലും അവിടെ ആയുധധാരികളായ ആൾക്കൂട്ടമുണ്ടായിരുന്നു.മീറ്റ്നഗറിൽ മറ്റൊരു മതസ്ഥാപനം കൂടി തകർക്കപ്പെട്ടു. ആരാധനാലയത്തിന്റെ ഓരോ കട്ടയും 200-300 പേർ വരുന്ന സംഘം പൊളിച്ചിടുകയാണ്. പുറകിൽ തീ കത്തുന്നു. അവിടെ നിന്ന് പുക ഉയരുന്നു.

ഞാൻ എൻഡിടിവിയിലെ റിപ്പോർട്ടർമാരായ സൗരഭ് ശുക്ലക്കും അരവിന്ദ് ഗുണശേഖറിനൊപ്പവുമായിരുന്നു അവിടെ എത്തിയത്. പ്രധാനപാത അല്ലാത്തതിനാൽ കുറച്ചു ദൂരെ കാറുകൾ നിർത്തി പുറത്തിറങ്ങി. ആയുധധാരികളായവർക്ക് ബൈക്കുകളിൽ അവിടേക്ക് എത്തിക്കാൻ പൊലീസ് സഹായം ഒരുക്കുന്നത് കണ്ടു.

എല്ലാ റിപ്പോർട്ടർമാരും ചെയ്യുന്നതുപോലെ അരവിന്ദ് ഗുണശേഖർ ഈ രംഗങ്ങളെല്ലാം തന്റെ കൈവശമുള്ള മൊബൈൽ ഫോണിൽ പകർത്താൻ തുടങ്ങി. ഷർട്ടിന്റെ പോക്കറ്റിലായിരുന്നു ഈ സമയം മൊബൈൽ.

മിനിറ്റുകൾക്കകം അൻപതോളംവരുന്ന ആയുധധാരികൾ ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു. തെറ്റുപറ്റിയെന്നും മാപ്പ് നൽകണമെന്നും മാധ്യമപ്രവർത്തകരാണെന്നും ഞങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ ആരും അത് കേൾക്കാൻ തയാറായില്ല.

Also Read- അക്രമാസക്തമായ ആൾക്കൂട്ടം, കല്ലേറും മുദ്രാവാക്യങ്ങളും, നിശബ്ദരായ പൊലീസുകാരും; കലാപം കത്തിപ്പടന്ന് ഡൽഹിയിലെ മോജ്പുർ

മിനിറ്റുകളോളം അരവിന്ദിനെ മർദിച്ചശേഷം അവർ ഫോണിൽ ഒരു ഫോട്ടോ പോലും അവശേഷിക്കാതെ എല്ലാം ഡിലീറ്റ് ചെയ്തു. അതിനുശേഷമാണ് അവർ അദ്ദേഹത്തെ പോകാൻ അനുവദിച്ചത്. അരവിന്ദ് മുടന്തുകയും വായിൽ നിന്ന് രക്തം വരികയും ചെയ്തിരുന്നു. ഒരു പല്ല് പൂർണമായി ഇളകി. രണ്ട് പല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.

ഞാനും അരവിന്ദും കൂടി അകലെ നിർത്തിയിട്ടിരുന്നു കാറിനടുത്തേക്ക് എത്തിയപ്പോഴായിരുന്നു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു റിപ്പോർട്ടർ സൗരഭ് ശുക്ലക്കെതിരെ നടന്ന അക്രമത്തിന്റെ ഭീകരത വെളിവായത്. സൗരഭിന് ചുറ്റും അക്രമകാരികൾ വലയം തീർത്തു. ഫോണിലുള്ള മുഴുവൻ ചിത്രങ്ങളും നശിപ്പിക്കാൻ അവർ പറഞ്ഞു. ഇല്ലെങ്കിൽ ഫോൺ തീയിലേക്ക് എറിയുമെന്നും അവർ ഭീഷണിപ്പെടുത്തി.

ഞാൻ വീണ്ടും അക്രമകാരിളോട് കേണപേക്ഷിച്ചു. എന്റെ ഫോൺ എന്റെ ട്രാക് പാന്റിലുണ്ടായിരുന്നുവെങ്കിലും അവരോട് അത് കാറിലുണ്ടെന്നാണ് പറഞ്ഞത്. അവർ എന്നെ ആക്രമിക്കരുതെന്ന് പ്രാർത്ഥിച്ചു. ഒടുവിൽ ആക്രമണത്തിന് ഇരയാകാതെ ഞാൻ രക്ഷപ്പെട്ടു.

അവർ ഞങ്ങളോട് മത അടയാളം ചോദിച്ചു. ഞാൻ എന്റെ പ്രസ് ഐഡി കാർഡ് കാണിച്ചു. അതിൽ എന്റെ പേരിനൊപ്പം 'ശർമ' എന്ന വാലുണ്ടായിരുന്നു. സൗരഭ് ശുക്ല തന്റെ രുദ്രാക്ഷ മാല കാണിച്ചു. 'അവരിൽ ഒരാളാണോ' എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. നിരന്തരമായ യാചനക്കൊടുവിൽ ഞങ്ങളുടെ മതം വ്യക്തമായതോടെയാണ് അവർ ഞങ്ങളെ പോകാൻ അനുവദിച്ചത്.

കൈകൾ കെട്ടി ഞങ്ങൾ തിരികെ മടങ്ങി. ഞങ്ങളെ യാത്രയാക്കാൻ എന്ന രീതിയിൽ അവർ അവസാനമായി ഒരിക്കൽ കൂടി ‘ജയ് ശ്രീ റാം’എന്ന് വിളിച്ചു.
Published by:Rajesh V
First published: