വിജയ് സിംഗ് പർമാർ
അഹമ്മദാബാദ്: ഗുജറാത്തിലെ ജുനഗഡിൽ ഒരു ജീവകാരുണ്യ സംഘടനയുടെ ഇടപെടലിലൂടെ ജലക്ഷാമം പരിഹരിക്കപ്പെട്ടത് ലോകത്തിനു തന്നെ മാതൃകയാക്കാവുന്നതാണ്. ശ്രീ ഖിംജി ജംനാദാസ് ഛത്രല ചാരിറ്റബിൽ ട്രസ്റ്റ് എന്ന സംഘടനയാണ് രൂക്ഷമായ ജലക്ഷാമം ജനങ്ങളുടെ പങ്കാളിത്തതോടെ തന്നെ പരിഹരിച്ചത്.
ജലക്ഷാമം പരിഹരിക്കുന്നതിന് മഴവെള്ളം സംഭരിക്കുകമാത്രമാണ് വഴിയെന്ന് തിരിച്ചറിഞ്ഞ സംഘടന വീടുകളിലും അപ്പാർട്ട്മെന്റുകളിലും മഴവെള്ള സംഭരണി സ്ഥാപിക്കുന്നവർക്ക് 1500 രൂപ വാഗ്ദാനം ചെയ്തു. 100 കുടുംബങ്ങളാണ് ഇതിൽ പങ്കാളികളായത്.
also read:
MISSION PAANI: ഇന്ത്യ നേരിടുന്ന ജലക്ഷാമത്തിന്റെ കാരണം ഇതാണ്
ഈ മൺസൂൺ സീസണിൽ മാക്സിമം മഴവെള്ളം സംഭരിക്കുക എന്നതായിരുന്നു ഈ ട്രസ്റ്റിന്റെ ലക്ഷ്യം. ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണയാണ് ഉണ്ടായിരിക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറയുന്നു. ഈ വർഷം ജുനഗഡിലെ 2000 കുഴൽ കിണറുകൾ മൂടുക എന്നതാണ് ലക്ഷ്യമെന്ന് സംഘടനയിലെ അംഗങ്ങൾ വ്യക്തമാക്കുന്നു. ധാരാളം മഴവെള്ളം കുഴൽ കിണറുകളിലെത്തുന്നതോടെ ഭൂഗർഭ ജലത്തിന്റെ അളവ് ഉയരുമെന്നും ട്രസ്റ്റിലുള്ളവർ പറയുന്നു.
ഈ മേഖലയിലെ ജല ലഭ്യത വളരെ മോശം അവസ്ഥയിലായിരുന്നു. ഭൂഗർഭ ജലത്തെയാണ് ഏറെയും ആശ്രയിച്ചിരുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ഒരു അപ്പാർട്ട്മെന്റിൽ തന്നെ രണ്ട് കുഴൽക്കിണറുകൾ വരെ നിർമ്മിച്ചിരുന്നു.
ടെറസിൽ എത്തുന്ന മഴവെള്ളം പൈപ്പുകൾ വഴി ഭൂമിക്കടിയിലേക്ക് എത്തിക്കുന്നു. മറ്റൊരു പൈപ്പ് ഉപയോഗിച്ച് കുഴൽക്കിണറുമായി ഘടിപ്പിക്കുന്നു. ഇത്തരത്തിൽ മഴവെള്ളം സംഭരിക്കുന്നതിന് 2000 രൂപവരെയാണ് ചെലവ്. അതുകൊണ്ടാണ് ഇത്തരത്തിൽ പണം നൽകി ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങൾ വ്യക്തമാക്കുന്നു. പൈപ്പുകൾ ഘടിപ്പിക്കുന്നതിന് വേണ്ട സഹായവും ട്രസ്റ്റ് നൽകും.
ഭൂഗർഭ ജലത്തിന്റെ ചൂഷണം ജുനഗഡിൽ വളരെ കൂടുതലാണ്. 6000 മുതൽ 10,000 ലിറ്റർ വരെയുള്ള ടാങ്കുകൾ ഉപയോഗിച്ച് ജലം സംഭരിച്ചതോടെ കുഴൽക്കിണറുകളും വറ്റി. വളരെ ലളിതമാണെങ്കിലും ജലക്ഷാമം പരിഹരിക്കുന്നതിനുള്ള സുസ്ഥിരമായ വഴി ഇതാണെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷമായി മഴവെള്ളം സംഭരിക്കുകയാണെന്ന് ജോധാബായി സോരാധിയ എന്ന ജുനഗർ സ്വദേശി പറയുന്നു. മഴവെള്ളം തന്നെയാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇപ്പോൾ മഴവെള്ള സംഭരണിയെ കുഴൽക്കിണറുമായി ബന്ധിപ്പിച്ചു. കോംപൗണ്ടിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും പാഴായിപ്പോകില്ലെന്നാണ് സോരാധിയ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.