• HOME
  • »
  • NEWS
  • »
  • india
  • »
  • ഇതാ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ഇതാ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം

ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വളർച്ചയ്ക്കുള്ള അവസരങ്ങൾ സംസ്ഥാനം നൽകുന്നുണ്ടെന്നും രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിൽ കണ്ടെത്തി.

  • Share this:

    മിസോറാമിനെ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച് ഗുരുഗ്രാമിലെ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറായ രാജേഷ് കെ പിലാനിയ. 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം കൂടിയാണ് മിസോറാം. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വളർച്ചയ്ക്കുള്ള അവസരങ്ങൾ സംസ്ഥാനം നൽകുന്നുണ്ടെന്നും രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിൽ കണ്ടെത്തി.

    കുടുംബ ബന്ധങ്ങൾ, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹിക പ്രശ്‌നങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതം, കോവിഡ്-19 ന്റെ സ്വാധീനം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവ ഉൾപ്പെടെ ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് രാജേഷ് കെ പിലാനിയ പഠനം നടത്തിയത്.

    പല ബുദ്ധിമുട്ടുകൾക്കിടയിലും ഐസ്വാളിലെ ഗവൺമെന്റ് മിസോ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ വെച്ചുപുലർത്തുന്ന പോസിറ്റീവ് മനോഭാവത്തെക്കുറിച്ചും ഈ പഠനത്തിൽ എടുത്തു പറയുന്നുണ്ട്. ഈ വിദ്യാർത്ഥികളിൽ പലരും ചാർട്ടേഡ് അക്കൗണ്ടന്റുമാരാകാനും സിവിൽ സർവീസ് പരീക്ഷ എഴുതാനും നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരാനും ആഗ്രഹിക്കുന്നവരാണ്.

    Also Read-സ്വവർഗ വിവാഹത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം; 10 ദിവസത്തിനകം മറുപടി നൽകണം

    മിസോറാമിന്റെ സാമൂഹിക ഘടനയും സാംസ്കാരിക രീതികളും യുവാക്കളുടെ സന്തോഷം വർ​​ദ്ധിക്കാൻ കാര്യമായ സ്വാധീനം ചെലുത്തുന്നതായും പഠനത്തിൽ കണ്ടെത്തി. ഒരു ജാതിരഹിത സമൂഹമാണ് സംസ്ഥാനത്തുള്ളത്. വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ മാതാപിതാക്കൾ അധികം സമ്മർ​ദം ചെലുത്താറില്ല. മിസോറാമിലെ അധ്യാപകർ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും പതിവായി കൂടിക്കാഴ്ചകൾ നടത്താറുണ്ട്. വിദ്യാർത്ഥികൾ അഭിമുഖീകരിക്കുവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരം കൂടിക്കാഴ്ചകൾ.നേരത്തെ തന്നെ സമ്പാദിച്ചു തുടങ്ങാനും ഇവിടുത്തെ വിദ്യാഭ്യാസ സമ്പദായം കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇവിടെ പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ യാതൊരു വിവേചനവുമില്ല.‌

    തകർന്ന കുടുംബങ്ങൾ മിസോറാമിൽ ധാരാളം കണ്ടെത്താൻ സാധിക്കുമെങ്കിലും സംസ്ഥാനത്തെ യുവാക്കളിൽ പലരും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നില്ല. കാരണം, സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന നിരവധി സമപ്രായക്കാർ അവർക്കു ചുറ്റുമുണ്ട്. അമ്മമാരിൽ പലരും ജോലി ചെയ്യുന്നവരാണ്. ചെറുപ്പം മുതലേ ഇവർക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ട്.

    ഉപജീവനമാർഗം കണ്ടെത്താനും അനാവശ്യമായി പരസ്പരം ആശ്രയിക്കാതിരിക്കാനുമാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും തങ്ങൾ പഠിപ്പിക്കുന്നതെന്നും അനാരോഗ്യകരമായ ബന്ധങ്ങൾ ഇവിടെ ആവശ്യമില്ലെന്നും സംസ്ഥാനത്തെ ഒരു സ്വകാര്യ സ്‌കൂളായ എബൻ-ഏസർ ബോർഡിംഗ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റർ ലാൽറിൻമാവി ഖിയാങ്‌ടെ പറയുന്നു.

    ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്ക് സാമ്പത്തിക വളർച്ച അനിവാര്യമാണ്. എന്നാൽ ജനങ്ങളുടെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒരേയൊരു ഘടകം അതു മാത്രം അല്ലെന്നാണ് പഠനത്തിലെ കണ്ടെത്തലുകൾ തെളിയിക്കുന്നത്. യുവജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും സാമൂഹിക ഘടനയും സാംസ്കാരിക രീതികളും വളർച്ചയ്ക്കുള്ള അവസരങ്ങളുമെല്ലാം ജനങ്ങളുടെ സന്തോഷത്തെ സ്വാധീനിക്കുന്നു എന്നും പഠനം സൂചിപ്പിക്കുന്നു.

    Published by:Jayesh Krishnan
    First published: