വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് മൊബൈല്‍ ഫോണുകള്‍ (mobile phones) കൊണ്ടുപോകരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി (Anbil mahesh poyyamozhi). ഇത്തരം ഉപകരണങ്ങള്‍ കൊണ്ടുവന്നാല്‍ അവ സ്കൂളുകളിൽ വാങ്ങി വെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി (covid pandemic) കാരണം, കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി പ്രധാനമായും മൊബൈല്‍ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതിനും ഇത് ഒരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ പാഠ്യപദ്ധതിയിലൂടെ കുട്ടികള്‍ക്ക് പുത്തനുണര്‍വ് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
''വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാനുള്ള അനുവാദമില്ല. മൊബൈല്‍ ഫോണുകള്‍ കൊണ്ടുവന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫോണുകള്‍ വാങ്ങി വെയ്ക്കും, പിന്നീട് അത് തിരികെ നല്‍കില്ല,'' പൊയ്യമൊഴി പറഞ്ഞു.
1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നതിന് പിന്നാലെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ കുറച്ച് ദിവസങ്ങളില്‍ സര്‍ക്കാരിതര സംഘടനകള്‍ക്കും (എന്‍ജിഒകള്‍) പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്പെഷ്യല്‍ ക്ലാസുകള്‍ എടുക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണിത്. ക്ഷേമനിധി വിതരണത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒരാഴ്ചത്തേക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് എല്ലാ സ്കൂളുകളിലും നിര്‍ബന്ധമായും പരാതിപ്പെട്ടികള്‍ സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ, എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളിലെല്ലാം ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതിന് കുട്ടികള്‍ക്കായി പരാതിപ്പെട്ടികള്‍ നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിലൊരിക്കല്‍ പരാതിപ്പെട്ടികള്‍ പരിശോധിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
അധ്യാപകരും പ്രധാനാധ്യാപകരും സ്കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ചെന്നൈയിലെ സുശീല്‍ ഹരി ഇന്റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവശങ്കര്‍ ബാബ സ്കൂള്‍ വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. സ്കൂളിലെ വിദ്യാര്‍ഥികളും മുന്‍ വിദ്യാര്‍ഥികളും ശിവശങ്കര്‍ ബാബയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്തരം സംഭവങ്ങളെത്തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ക്കായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാഭ്യാസം വീട്ടുപടിക്കല്‍ എത്തിച്ച് 'ഇല്ലം തേടി കല്‍വി' പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു. 25.45 ലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളും 3.96 ലക്ഷം എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളും 60,000 സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥികളും പദ്ധതിയുടെ പ്രയോജനം നേടിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.