• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | മോദിയുടെ ബിജെപിയും രാഹുൽ ​ഗാന്ധിയുടെ കോൺ​ഗ്രസും; ആരുടെ തന്ത്രങ്ങൾ ഫലിക്കും?

Modi@8 | മോദിയുടെ ബിജെപിയും രാഹുൽ ​ഗാന്ധിയുടെ കോൺ​ഗ്രസും; ആരുടെ തന്ത്രങ്ങൾ ഫലിക്കും?

പ്രധാനമന്ത്രിപദത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ മോദി, 2024- പൊതുതെരഞ്ഞെടുപ്പിനോട് അടുക്കുമ്പോളും പാറ പോലെ ഇളകാതെ ഉറച്ചു നിൽക്കുന്നു. പൊതുവികാരം അദ്ദേഹത്തിന്റെ പാർട്ടിക്ക് അനുകൂലമാണെന്നാണ് ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ സൂചിപ്പിക്കുന്നത്.

 • Share this:
  അമൻ ശർമ

  എട്ടുവർഷത്തെ ഭരണം എന്നു പറയുന്നത് വലിയൊരു കാലയളവാണ്. പൊതുബോധത്തിൽ പോലും ഈ കാലയളവിനുള്ളിൽ നിരവധി മാറ്റങ്ങൾ സംഭവിക്കാം. 2012 ഓടെ തുടർച്ചയായ അഴിമതി ആരോപണങ്ങൾ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ (United Progressive Alliance) സർക്കാരിനെ പിടിച്ചുലച്ചത് നാം കണ്ടതാണ്. തുടർച്ചയായി രണ്ട് വർഷം അധികാരത്തിലേറിയെങ്കിലും വീണ്ടുമൊരു തിരിച്ചു വരവ് യുപിഎ സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു.

  പക്ഷേ, നരേന്ദ്ര മോദിയും (Narendra Modi) അദ്ദേഹത്തിന്റെ സർക്കാരും മേൽപ്പറഞ്ഞതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിപദത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ മോദി, 2024- പൊതുതെരഞ്ഞെടുപ്പിനോട് അടുക്കുമ്പോളും പാറ പോലെ ഇളകാതെ ഉറച്ചു നിൽക്കുന്നു. പൊതുവികാരം അദ്ദേഹത്തിന്റെ പാർട്ടിക്ക് അനുകൂലമാണെന്നാണ് ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ സൂചിപ്പിക്കുന്നത്.

  പണപ്പെരുപ്പം, കോവിഡ് മഹാമാരി, അതിർത്തിയിലെ ചൈനയുമായുള്ള തർക്കം, റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു ശേഷമുള്ള മാറുന്ന ലോക രാഷ്ട്രീയം തുടങ്ങിയ വെല്ലുവിളികൾക്കിടെയും പൊതുജനാഭിപ്രായം മോദിക്കനുകൂലമായാണ് കാണപ്പെടുന്നത്. രാഹുൽ ഗാന്ധി എന്ന നേതാവിൽ നിന്നും തികച്ചും വിപരീതമായ മാർഗങ്ങളാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ നേരിടുന്നത് വലിയ രാഷ്ട്രീയ പോരാട്ടം തന്നെയാണെന്ന് ബിജെപി നേതാക്കൾ സമ്മതിച്ചേക്കാം. പക്ഷേ കോൺ​ഗ്രസിനു മേൽ വിജയിക്കാനുള്ള തന്ത്രങ്ങൾ ഇപ്പോൾ അവർക്ക് ഉറക്കത്തിൽ പോലും അറിയാം.

  2014 മുതൽ മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യവും ദേശീയ തലത്തിൽ തന്നെ എതിർപ്പുകളുള്ള കോൺ​ഗ്രസിലെ കുടുംബ വാഴ്ചയും തങ്ങൾക്ക് അനുകൂലമാകുമെന്ന് മോദിയുടെ നേതൃത്വത്തിനു കീഴിലുള്ള ബിജെപി വിശ്വസിക്കുന്നു. ഉയർന്ന ദേശീയത, ജാതി അതിഷ്ഠിത രാഷ്ട്രീയത്തിന് വിപരീതമായുള്ള വിശാലമായ ഹിന്ദുത്വ അടിത്തറ, മോദീ പദ്ധതികളുടെ ​ഗുണഭോക്താക്കളായ പാവപ്പെട്ട ഗ്രാമീണ വോട്ടർമാരുടെ പിന്തുണ തുടങ്ങിയവയൊക്കെയാകും ബിജെപിയുടെ വിജയ ഫോർമുല.

  Also Read- Modi@8 | മോദി ഇതിഹാസം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സ്വന്തം കുടുംബംപോലെ കാണുന്നു: മണിപ്പൂർ മുഖ്യമന്ത്രി

  ഉയർത്തിക്കാട്ടാൻ ശക്തനായൊരു നേതാവ് ഇല്ല എന്നതു മാത്രല്ല പ്രതിപക്ഷത്തിന്റെ പരാജയം. കോൺ​ഗ്രസിന് മുന്നോട്ടു വെയ്ക്കാൻ കൃത്യമായ ആശയങ്ങളോ അജണ്ടകളോ പോലുമില്ല. തെരഞ്ഞെടുപ്പുകളിൽ രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് തുടർച്ചയായി തോൽക്കുന്നതിനു പിന്നാലെ, 2014 മുതൽ വലിയ പ്രതിപക്ഷ മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ​ഗാന്ധിയെ ഉയർത്തിക്കാട്ടിയാൽ മോദി തന്നെ വീണ്ടും വിജയിക്കും എന്നത് അവർ‌ക്കു പോലും ഉറപ്പുള്ള കാര്യമാണ്.

  മോദീ വിജയങ്ങൾ എങ്ങനെയാണ്?

  2014 ലും 2019 ലും നരേന്ദ്ര മോദിയുടെ പൊതുതെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണങ്ങൾ പലതാണ്. 2014-ൽ, 10 വർഷത്തെ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം, അഴിമതി ആരോപണങ്ങൾ, ലോക്പാലിനെച്ചൊല്ലിയുള്ള അണ്ണാ മൂവ്‌മെന്റ് എന്നിവയായിരുന്നു കോൺഗ്രസ് സഖ്യത്തിനെതിരെ മോദീ സർക്കാരിന്റെ വിജയത്തിന്റെ കാരണങ്ങൾ.

  ദേശീയതയും കുടുംബ വാഴ്ചക്കെതിരായ പ്രചാരണവും പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദുത്വ അടിത്തറയും വികസന വാഗ്ദാനങ്ങളുും അദ്ദേഹത്തിന് അനുകൂലമായി ഭവിച്ചു. അങ്ങനെ 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് 282 സീറ്റുകൾ നേടുകയും ഉത്തർപ്രദേശിൽ 80 ൽ 73 സീറ്റുകളും തൂത്തുവാരുകയും ചെയ്തു.

  2019 ലെ വിജയം അതിലും വലുതായിരുന്നു. ആ വിജയത്തിനും വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. തന്റെ അഞ്ച് വർഷത്തെ ഭരണ കാലയളവിനുള്ളിൽ മോദി ഒരു പുതിയ വിഭാഗം വോട്ടർമാരെ തന്നെ സൃഷ്ടിച്ചു. സർക്കാർ പദ്ധതികളുടെ ​ഗുണഭോക്താക്കളായ ഗ്രാമീണർ, പാവപ്പെട്ടവർ, സർക്കാരിൽ നിന്ന് സൗജന്യ നിന്ന് ഗ്യാസ് സിലിണ്ടർ, ശുചിമുറി, എന്നിങ്ങനെ ഒന്നോ അതിലധികമോ ആനുകൂല്യങ്ങൾ നേടിയവർ തുടങ്ങിയവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. മോദിയെ പിന്തുണച്ചവരിൽ ഭൂരിഭാ​ഗവും സ്ത്രീകളായിരുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ജാതി പോലുള്ള പരമ്പരാഗത ഘടകങ്ങളെ മറികടന്ന്, 2019-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്തുന്നതിന് ഇക്കാരണങ്ങളെല്ലാം പ്രധാന പങ്കു വഹിച്ചു.

  Also Read- Modi@8: മയിൽ തൊപ്പി മുതൽ വർണ്ണാഭമായ പഗ്ഡികൾ - പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിരോവസ്ത്രങ്ങൾ

  പുൽവാമ ആക്രമണത്തിന് ശേഷം 2019 ഫെബ്രുവരിയിൽ പാകിസ്ഥാനിലെ ബാലാകോട്ട് ആക്രമണത്തോടെ ദേശീയവികാരം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി. ഇതും എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ്. തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ ആയിരുന്നു ആക്രമണം. ഇതിനിടെ രാഹുൽ ഗാന്ധി ഉയർ‌ത്തിക്കൊണ്ടു വന്ന റഫാൽ കുംഭകോണ ആരോപണം പൊളിഞ്ഞു. പ്രതിപക്ഷത്തിന് പുതിയ ആയുധങ്ങളൊന്നും കിട്ടിയതുമില്ല. 2019 ലെ തെരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടിയാണ് ബിജെ‌പി വിജയിച്ചത്.

  രണ്ടാം വരവിലെ പ്രധാന സംഭവ വികാസങ്ങൾ

  ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കൽ തുടങ്ങിയ വിവാദ നീക്കങ്ങളിലൂടെയാണ് മോദിയുടെ രണ്ടാം ഭരണം ആരംഭിച്ചത്. വരും മാസങ്ങളിൽ ജമ്മു കശ്മീരിൽ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അതിനിടെ, സുപ്രീം കോടതിയിൽ നിന്നുള്ള രാമക്ഷേത്ര വിധി ബിജെപിക്ക് അനുകൂലമായി. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിച്ചു വരികയാണ്. 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമാണത്തിനും വലിയ പങ്കുണ്ടെന്നായിരുന്നു വിലയിരുത്തലുകൾ.

  കാർഷിക നിയമങ്ങളും, പൗരത്വ ഭേദഗതി നിയമവും (സിഎഎ) പോലുള്ള മറ്റ് വൻ നീക്കങ്ങൾ പ്രതീക്ഷിച്ചതുപോലെ നടപ്പാക്കിയില്ല. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയുടെ അതിർത്തിയിൽ നടത്തിയ ഒരു വർഷത്തോളം നീണ്ട പ്രതിഷേധത്തെ തുടർന്നാണ് മോദി സർക്കാരിന് മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത്. ഷഹീൻ ബാഗ് പ്രതിഷേധം ആഗോള ശ്രദ്ധയാകർഷിച്ചതിനെത്തുടർന്ന്, പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

  മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡ് മഹാമാരി മികച്ച രീതിയിൽ കൈകാര്യം ചെയ്തതും രണ്ട് തദ്ദേശീയ വാക്സിനുകളുടെ നിർമാണവുമൊക്കെ ആഗോളതലത്തിൽ തന്നെ ഇന്ത്യ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളാണ്. പ്രതിസന്ധികളിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ രക്ഷിച്ചത് മോദിയുടെ നിർണ്ണായക നേതൃത്വത്തിന് കീഴിലുള്ള സർക്കാരാണ് എന്ന കാര്യവും ബിജെപി ഉയർത്തിക്കാട്ടും.

  പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിൽ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന അതിക്രമങ്ങളും ഹിന്ദുത്വ അടിത്തറയുമൊക്കെ ആഗോള വേദികളിൽ രൂക്ഷ വിമർശനങ്ങൾ നേരിടുന്നതിന് കാരണമായെങ്കിലും 2024-ന് മുമ്പായി മോദിയുടെ രാഷ്ട്രീയ സാധ്യതകളെല്ലാം കൂടുതൽ ശക്തിപ്പെടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
  ഇത്തരം സംഭവങ്ങളോട് മുൻനിര രാജ്യങ്ങളിൽ നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തത് മോദിയുടെ കീഴിൽ ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു രാഷ്ട്രമാണെന്ന ബിജെപിയുടെ കാഴ്ചപ്പാടിനെ ബലപ്പെടുത്തുന്നു. ഇന്ത്യയിലെ ദുർബലമായ പ്രതിപക്ഷത്തിന് അതിനെ നേരിടാൻ കഴിയുന്നുമില്ല.
  Published by:Rajesh V
  First published: