news18india
Updated: November 25, 2018, 5:58 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യവിഷയത്തിൽ കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അയോധ്യയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പൊതുതിരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടി അയോധ്യക്കേസ് വൈകിപ്പിക്കാനും കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് മോദി ആരോപിച്ചു. രാമ ക്ഷേത്രം നിർമാണത്തിനു നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ശിവസേനയും അയോധ്യയിൽ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മോദി കോൺഗ്രസിനെ ആക്രമിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘ജുഡീഷ്യറിയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണു കോൺഗ്രസ്. 2019 ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അയോധ്യക്കേസിലെ വിചാരണ വൈകിപ്പിക്കണമെന്നു സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സാധ്യമായതെല്ലാം ചെയ്തവരാണു കോൺഗ്രസുകാർ. ഇങ്ങനെയെല്ലാം ചെയ്യുന്നത് എങ്ങനെ സ്വീകാര്യമാകും?’ മോദി ചോദിച്ചു.
'പ്രക്ഷോഭത്തിലൂടെ സുപ്രീം കോടതിയെ എതിർക്കുന്നു'
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ 2019 വരെ അയോധ്യക്കേസ് പരിഗണിക്കരുതെന്ന് കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കൾ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേസിൽ പരിഹാരം കാണരുതെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്ന് മോദി ചോദിച്ചു. അയോധ്യപോലുള്ള വൈകാരിക വിഷയത്തിൽ നീതിനടപ്പാക്കാൻ ശ്രമിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരെ ചില കോൺഗ്രസ് അഭിഭാഷകർ ഇംപീച്ച്മെന്റുകാട്ടി ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇത് അപകടകരമായ കളിയാണ്. കോൺഗ്രസിനു ജുഡീഷറിയിൽ വിശ്വാസമില്ല. രാജ്യസഭയിലെ അംഗബലം കാട്ടി അവർ ജുഡീഷറിയെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. ജഡ്ജിമാരോട് പറയാനുള്ളത് ഭയപ്പെടാതെ നീതിയുടെ പാതയിൽ മുന്നോട്ടുപോകണമെന്നാണ്- മോദി കൂട്ടിച്ചേർത്തു.
First published:
November 25, 2018, 5:57 PM IST