ബംഗാളിലെ ബിർഭും ജില്ലയിൽ സന്യാസിയെ കൊലപ്പെടുത്തിയത് ഗുണ്ടാത്തലവൻ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഞായറാഴ്ചയാണ് ബിർഭൂമിലെ പുരന്ദർപൂരിലുള്ള കാളീ ക്ഷേത്രത്തിന് സമീപത്തെ മരത്തിൽ ഭുവൻ ബാബ എന്ന അഘോരി സന്യാസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
”ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ആ സന്യാസിയെ കൊന്ന് കെട്ടിത്തൂക്കി. ജമാത്തുൽ വിദ പോലുള്ള തീവ്ര സംഘടനകളാണ് സന്യാസിയുടെ കൊലപാതകത്തിനു പിന്നിൽ. അവർ ആളുകളെ കൊല്ലുകയും തൂക്കിലേറ്റുകയും ചെയ്യുന്നു”, കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ നന്ദിഗ്രാമിലെ രേയാപരയിൽ നടന്ന ബി.ജെ.പി. പ്രവർത്തകരുടെ യോഗത്തിൽ വെച്ച് സുവേന്ദു അധികാരി പറഞ്ഞു.
സന്യാസിയുടെ മരണവാർത്ത പുറത്തു വന്നതിനു ശേഷം, സംസ്ഥാനത്തുടനീളമുള്ള ഹിന്ദു സന്യാസിമാരിൽ നിന്നും ആത്മീയ ഗുരുക്കന്മാരിൽ നിന്നും നൂറുകണക്കിന് ഫോൺ കോളുകൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് സുവേന്ദു അധികാരി ട്വീറ്റ് ചെയ്തു. വിഷയത്തിൽ ശരിയായ അന്വേഷണം നടത്തണം എന്നും കൊല്ലപ്പെട്ട സന്യാസിയുടെ പോസ്റ്റ്‌മോർട്ടം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്തണമെന്നും അത് വീഡിയോയിൽ പകർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also read: പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം പതിപ്പിൽ; 100 രൂപയുടെ നാണയം പുറത്തിറക്കും
ഉത്തർപ്രദേശിലെ കലിയഗഞ്ചിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും സുവേന്ദു അധികാരി പ്രതികരണവുമായി രംഗത്തെത്തി. വെള്ളിയാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കനാലിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയതിത്. തുടർന്ന് സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സെക്ഷൻ 144 കർശനമാക്കുകയും ചെയ്തിരുന്നു. “സംഭവം ബംഗാളിനെ ആകെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചു. പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ഇവർ കൊൽക്കത്തയിലെത്തുക. അവർക്ക് എന്ത് വില കൊടുത്തും ഞങ്ങൾ നിയമ പരിരക്ഷ ഉറപ്പാക്കും”, സുവേന്ദു അധികാരി പറഞ്ഞു.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരവും, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 20 കാരൻ ഉൾപ്പെടെ രണ്ട് പേർ ഇതിനകം അറസ്റ്റിലായി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കലിയഗഞ്ചിൽ നടന്ന സംഘർഷങ്ങളിലും അക്രമ പ്രവർത്തനങ്ങളിലും പങ്കുള്ളതായി കണ്ടെത്തിയ ആറ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.