ദുബായ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്‍റെ പാകിസ്ഥാൻ സന്ദർശനത്തിന് തൊട്ടുപിന്നാലെ സൗദിയിലെ 2,107 പാകിസ്ഥാനി തടവുകാരെ സൗദി അറേബ്യ മോചിപ്പിക്കുന്നു. ഫെഡറൽ മിനിസ്റ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് ചൗധരി ഫവാഡ് ഹുസൈൻ തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. പാകിസ്ഥാനിൽ സന്ദർശനം നടത്തുന്ന സൗദി രാജകുമാരന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം ഉന്നയിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. സൗദിയിൽ തടവിൽ കഴിയുന്ന മറ്റ് പാകിസ്ഥാനി തടവുകാരുടെ കേസുകൾ പുനഃപരിശോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അപേക്ഷ പരിഗണിച്ച്, സൗദി ജയിലിലുള്ള 2,107 പാകിസ്ഥാനി തടവുകാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ സൗദി രാജകുമാരൻ നിർദ്ദേശിക്കുകയായിരുന്നെന്ന് പാക് മന്ത്രി ട്വിറ്ററിൽ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് സൗദി രാജകുമാരൻ പാകിസ്ഥാനിൽ എത്തിയത്.
പാകിസ്ഥാന് സൗദിയുടെ പിന്തുണ: കിരീടാവകാശി 20 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ചുപാകിസ്ഥാനിൽ നിന്ന് സൗദി അറേബ്യയിലെത്തി ജോലി ചെയ്യുന്നവരെ 'പ്രത്യക ആളുകളായി' പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയിരുന്നു ഇത്. അതേസമയം, സൗദി രാജകുമാരന്‍റെ തീരുമാനത്തെ പാകിസ്ഥാൻ പ്രകീർത്തിച്ചു.
തന്നെ സൗദി അറേബ്യയിലെ പാകിസ്ഥാന്‍റെ അംബാസഡറായി പരിഗണിക്കൂ എന്ന് സൗദി രാജകുമാരൻ പറഞ്ഞതായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. ഇങ്ങനെ പറഞ്ഞതിലൂടെ പാക് ജനതയുടെ ഹൃദയത്തിൽ സൗദി രാജകുമാരൻ ഇടം നേടിയിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു.
തൊട്ടുപിന്നാലെ, പാകിസ്ഥാൻ സർക്കാരും സൗദി രാജകുമാരന് നന്ദി പറഞ്ഞ് രംഗത്തെത്തി. 2107 പേരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ സൗദി രാജകുമാരൻ നിർദ്ദേശം നൽകിയതായും ജയിലിൽ കഴിയുന്ന ബാക്കിയുള്ളവരുടെ കേസുകൾ പുനഃപരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചതായും പാകിസ്ഥാൻ സർക്കാർ ട്വിറ്ററിലൂടെ അറിയിച്ചു.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയും ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.