ഭോപ്പാൽ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലിരിക്കെ തുറന്നു പ്രവർത്തിച്ച മാർക്കറ്റ് അടപ്പിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് ജനങ്ങൾ. മധ്യപ്രദേശ് സിഗ്രൗളിയിലെ ബൈദാനിലാണ് സംഭവം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയിരിക്കുന്ന പ്രദേശത്തെ പഴം-പച്ചക്കറി മാർക്കറ്റ് തുറന്നു പ്രവർത്തിച്ചിരുന്നു. സാമൂഹിക അകലം അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച മാർക്കറ്റ് അടപ്പിക്കാനെത്തിയ പൊലീസ്-തദ്ദേശഭരണ അധികൃതർക്ക് നേരെയാണ് ആൾക്കൂട്ടത്തിന്റെ ആക്രമണം.
ഹിർവാ മേഖലയിലെ ഒരു മാർക്കറ്റിലായിരുന്നു സംഭവം. കൊറോണ കർഫ്യു നടപ്പിലാക്കിയിരിക്കുന്ന ഇവിടെ രാവിലെ ഏഴ് മുതൽ ഒൻപത് മണിവരെ മാർക്കറ്റുകൾ പ്രവർത്തനാനുമതിയുണ്ട്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇവ പ്രവർത്തിച്ചിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പട്രോളിംഗിനിടെ ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം ഇത്തരത്തിൽ മാർക്കറ്റ് പ്രവർത്തിക്കുന്നതിനെതിരെ എതിർപ്പ് അറിയിച്ചുവെങ്കിലും വ്യാപാരികളും സാധനങ്ങൾ വാങ്ങാനെത്തിയവരും ഇത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.
സ്ഥലത്തു നിന്നും മടങ്ങിയ പട്രോളിംഗ് സംഘം കൂടുതല്‍ പൊലീസുകാരും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അടക്കമുള്ള അധികാരികളുമായി മടങ്ങിയെത്തി മാർക്കറ്റ് അടപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആളുകൾ ഇവർക്കു നേരെ തിരിഞ്ഞത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത് ചോദ്യം ചെയ്യാനെത്തിയ അധികാരികളെ കല്ലുകൊണ്ടാണ് ആളുകൾ നേരിട്ടത്. സ്ത്രീകളും കുട്ടികളും വരെ കല്ലുമായി തങ്ങളെ നേരിടാനെത്തി എന്നാണ് പൊലീസ് തന്നെ പറയുന്നത്.
കല്ലേറിൽ കുറച്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിലെ ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ പൊലീസ് സംഘത്തെ നിയോഗിച്ചുവെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോവിഡ് രണ്ടാംതരംഗം രൂക്ഷമായി വ്യാപിച്ചിരിക്കുന്ന രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ മെയ് 27 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9715 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിയാറ് ദിവസത്തിനിടെ ഇതാദ്യമായാണ് കോവിഡ് പ്രതിദിന കണക്ക് പതിനായിരത്തിൽ താഴെയാകുന്നത്. നിലവിൽ 1.11 ലക്ഷം ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 6501 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.