'രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കൂ'; സോണിയയ്ക്ക് ഉപദേശവുമായി ബിജെപി
'രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ അയക്കൂ'; സോണിയയ്ക്ക് ഉപദേശവുമായി ബിജെപി
ശരിയായ മാനസിക സന്തുലിതാവസ്ഥയുള്ള ആരും പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വടികൊണ്ട് അടിക്കുമെന്ന തരത്തിൽ സംസാരിക്കാറില്ലെന്നും നഖ്വി പറഞ്ഞു.
ഇൻഡോർ: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉപദേശവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്വി. സോണിയ ഗാന്ധി മകൻ രാഹുലിനെ പൊളിറ്റിക്കൽ പ്ലേ സ്കൂളിൽ ചേർക്കണമെന്നാണ് മുഖ്താർ അബ്ബാസ് നഖ്വിയുടെ നിർദേശം. രാഹുൽ ഗാന്ധിക്ക് മര്യാദയും മാന്യമായ ഭാഷയും പഠിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കിൽ ആറുമാസത്തിനുള്ളിൽ യുവാക്കൾ മോദിയെ വടിയെടുത്ത് തല്ലുമെന്ന രാഹുലിന്റെ പരാമർശത്തെ കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യം.
കോൺഗ്രസ് നേതാക്കൾ കൈയ്യിൽ കോടാലിയുമായി ചുറ്റിനടന്ന് അവസരം ലഭിക്കുമ്പോഴെല്ലാം സ്വന്തം കാലിൽ അടിക്കുന്നു. കോൺഗ്രസ് നേതാക്കൾക്കായി ഒരു ഉപദേശം നൽകാനുണ്ട്. പ്രത്യേകിച്ച് സോണിയഗാന്ധി അവരുടെ പപ്പുജിയെ ഒരു പൊളിറ്റിക്കൽ പ്ലേസ്കൂളിൽ അയക്കണം. അതിലൂടെ രാഷ്ട്രീയം, അന്തസ്സ്, മാന്യത, ഭാഷാ മര്യാദ എന്നിവയുടെ എ ബി സി ഡി പഠിക്കാൻ അദ്ദേഹത്തിന് കഴിയും- മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
ശരിയായ മാനസിക സന്തുലിതാവസ്ഥയുള്ള ആരും പൊതുജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രിയെ വടികൊണ്ട് അടിക്കുമെന്ന തരത്തിൽ സംസാരിക്കാറില്ലെന്നും നഖ്വി പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് എന്ത് അഭിപ്രായമാണ് പറയേണ്ടതെന്നും ഫലം വരട്ടേ എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.