• HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു കോടി രൂപ കൈക്കൂലി വാ​ഗ്ദാനം ചെയ്‌തെന്ന പരാതിയുമായി ഡിസൈനർക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ

ഒരു കോടി രൂപ കൈക്കൂലി വാ​ഗ്ദാനം ചെയ്‌തെന്ന പരാതിയുമായി ഡിസൈനർക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ

കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു.

  • Share this:

    വനിതാ ഡിസൈനർക്കും പിതാവിനും എതിരെ കൈക്കൂലി ആരോപണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. അനിക്ഷ എന്ന ഡിസൈനർക്കും അനിക്ഷയുടെ പിതാവിനും എതിരായുള്ള അമൃത ഫഡ്‌നാവിസിന്റെ പരാതിയിൽ മുംബൈ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈയിലെ മലബാർ ഹിൽ പോലീസ് സ്‌റ്റേഷനിലാണ് അമൃത ഫട്നാവിസ് പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നും മുംബൈ പോലീസ് അറിയിച്ചു.

    പതിനാറു മാസത്തിലേറെയായി അമൃത ഫഡ്‌നാവിസുമായി അനിക്ഷ ബന്ധമുണ്ടായിരുന്നതായും അമൃതയുടെ വസതിയിൽ എത്തിയിരുന്നതായും ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. ചില വാതുവെപ്പുകാരുടെ വിവരങ്ങൾ അമൃതയോട് പങ്കുവെയ്ക്കാമെന്നും അതിലൂടെ അവർക്ക് പണം സമ്പാദിക്കാൻ കഴിയുമെന്നും അനിക്ഷ പറഞ്ഞു. തന്റെ പിതാവ് അനിൽ ജയ്‌സിംഗാനി പോലീസ് കേസിൽ നിന്ന് മോചിപ്പിക്കാൻ ഒരു കോടി രൂപ അനിക്ഷ നേരിട്ട് വാഗ്ദാനം ചെയ്തെന്നും അമൃത പരാതിയിൽ പറയുന്നു.

    Also read-ജയിലിൽ കുട്ടികളുമായി കഴിയുന്നത് 1650 വനിതാതടവുകാര്‍; ഏറ്റവുംകൂടുതൽ തമിഴ്നാട്ടിലും ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും

    ഫെബ്രുവരി 18, 19 തീയതികളിൽ ഒരു അജ്ഞാത ഫോൺ നമ്പറിൽ നിന്ന് അനിക്ഷ വീഡിയോ ക്ലിപ്പുകളും വോയ്‌സ് നോട്ടുകളും നിരവധി മേസേജുകളും അയച്ചതായും അമൃത എഫ്‌ഐആറിൽ പറയുന്നു. പിതാവിനൊപ്പം ചേർന്ന് ഈ യുവതി തന്നെ പരോക്ഷമായി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അമൃത പറയുന്നു.

    വിഷയത്തെക്കുറിച്ച് പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രം​ഗത്തെത്തി. ”എന്റെ ഭാര്യ ഈ കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. എന്നെ സമ്മർദത്തിലാക്കാൻ അമൃതയെ ഉപയോഗിച്ചെന്നും അതിൽ പറഞ്ഞിട്ടുണ്ട്. അനിൽ ജയ്‌സിംഗാനി എന്നയാൾ ഒളിവിൽ കഴിയുന്ന വ്യക്തിയാണ്. ഇയാൾക്കെതിരെ പല കേസുകളുണ്ട്. 2015-16 കാലയളവിൽ ഇയാളുടെ മകൾ അമൃതയെ കാണാറുണ്ടായിരുന്നു. പിന്നീട് അവർ വരാതായി. താൻ ഒരു ഡിസൈനറാണെന്ന് പറഞ്ഞ് 2021ൽ അവൾ വീണ്ടും അമൃതയെ കാണാൻ എത്താൻ തുടങ്ങി. പല കഥകൾ പറഞ്ഞും ഒരു പുസ്തകം പ്രസിദ്ധീകരിച്ചു എന്നവകാശപ്പെട്ടും അവൾ അമൃതയുടെ വിശ്വാസം നേടിയെടുത്തു. സംസ്ഥാനത്തെ ഭരണമാറ്റത്തിനുശേഷം, ഈ യുവതി വാതുവെപ്പുകാരുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചു. താൻ അവരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുമെന്നും അധികൃതർ റെയ്ഡുകൾ നടത്തിയതിന് ശേഷം തനിക്ക് രണ്ട് കക്ഷികളിൽ നിന്നും പണം ലഭിക്കുമെന്നും അവർ അവകാശപ്പെട്ടു. പിതാവിനെതിരായ കേസുകൾ പിൻവലിച്ചില്ലെങ്കിൽ, എനിക്കെതിരെ നീങ്ങുമെന്നും അവർ സൂചനകൾ നൽകി”, ഫഡ്‌നാവിസ് പറഞ്ഞു.

    Also read-‘സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ റിപ്പോർട്ട് പ്രകാരം ശമ്പളം നല്‍കും’: പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി

    സംസ്ഥാന നിയമസഭയിൽ പ്രതിപക്ഷ നേതാവ് അജിത് പവാർ ഈ വിഷയത്തിൽ ദേവേന്ദ്ര ഫഡ്നാവിസിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫട്നാവിസ് പ്രതികരിച്ചത്. അമൃതയ്ക്ക്, അനിക്ഷ ഡിസൈനർ വസ്ത്രങ്ങൾ വാഗ്ദാനം ചെയ്തതായും ഫഡ്നാവിസ് പറഞ്ഞു.

    ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 120 (ബി) (ഗൂഢാലോചന), 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 8, 12 എന്നിവ പ്രകാരമാണ് അനീക്ഷക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തത്.

    First published: