• HOME
  • »
  • NEWS
  • »
  • india
  • »
  • Muslim Personal Law | മുസ്ലീം വ്യക്തി നിയമം; 45 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിധവയ്ക്കും മകള്‍ക്കും പൂര്‍വ്വിക സ്വത്ത് നഷ്ടമായി

Muslim Personal Law | മുസ്ലീം വ്യക്തി നിയമം; 45 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിധവയ്ക്കും മകള്‍ക്കും പൂര്‍വ്വിക സ്വത്ത് നഷ്ടമായി

പൂർവികസ്വത്തിന്മേലുള്ള അവകാശം സ്വത്തുടമയുടെ മരണസമയത്ത് ജീവിച്ചിരിപ്പുള്ള അനന്തരാവകാശികൾക്ക് മാത്രമാക്കി നിജപ്പെടുത്തുന്ന മുസ്ലീം വ്യക്തിനിയമത്തിലെ (Muslim Personal Law) വ്യവസ്ഥ പ്രകാരമാണ് വിധി

സുപ്രീം കോടതി

സുപ്രീം കോടതി

  • Share this:
    പൂര്‍വ്വിക സ്വത്തിന്മേലുള്ള അവകാശത്തിൽ നിന്ന് ഒരു വിധവയെയും (Widow) അവരുടെ മകളെയും ഒഴിവാക്കിക്കൊണ്ടുള്ള വിധിയുമായി സുപ്രീം കോടതി (Supreme Court). പൂർവികസ്വത്തിന്മേലുള്ള അവകാശം സ്വത്തുടമയുടെ മരണസമയത്ത് ജീവിച്ചിരിപ്പുള്ള അനന്തരാവകാശികൾക്ക് മാത്രമാക്കി നിജപ്പെടുത്തുന്ന മുസ്ലീം വ്യക്തിനിയമത്തിലെ (Muslim Personal Law) വ്യവസ്ഥ പ്രകാരമാണ് വിധി. മൊഹിയുദ്ദീന്‍ പാഷ എന്ന വ്യക്തിയുടെ സ്വത്തുക്കള്‍ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് 1977ല്‍ വിചാരണക്കോടതിയില്‍ (Trial Court) ആരംഭിച്ച കേസിൽ 45 വര്‍ഷത്തെ വ്യവഹാരം അവസാനിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ജസ്റ്റിസുമാരായ എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.

    മുസ്ലീം വ്യക്തിനിയമപ്രകാരം സ്വത്ത് വിഭജനത്തിന് കര്‍ണാടക ഹൈക്കോടതി നൽകിയ നിർദ്ദേശത്തെ സുപ്രീം കോടതി അംഗീകരിച്ചു. അതിന്റെ ഫലമായി പാഷയുടെ മൂത്തമകന്‍ റഹ്മാന്‍ ബാരിദിന്റെ വിധവയ്ക്കും മകള്‍ക്കും സ്വത്തിന്റെ വിഹിതം അനുവദിച്ചില്ല. റഹ്മാൻ ബാരിദ് പിതാവിനേക്കാൾ മുമ്പ് മരണപ്പെട്ടതാണ് സ്വത്തിന്റെ വിഹിതം നിഷേധിച്ചതിനുള്ള കാരണമായത്. ഹിന്ദു നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, മരണപ്പെട്ട മുസ്ലീം വ്യക്തിയുടെ സ്വത്ത് - അദ്ദേഹം ഒസ്യത്ത് എഴുതാതെയാണ് മരണപ്പെട്ടതെങ്കിൽ - മരണസമയത്ത് ജീവിച്ചിരിപ്പുള്ള അനന്തരാവകാശിക്ക് കൈമാറുന്നു. മുസ്ലീം വ്യക്തിഗത നിയമപ്രകാരം ജന്മാവകാശം അംഗീകരിക്കപ്പെടുന്നില്ല.

    ലിംഗഭേദമില്ലാതെ പിന്‍ഗാമികള്‍ക്കിടയില്‍ പൂര്‍വ്വിക സ്വത്ത് തുല്യമായി വിഭജിക്കുന്നതിനുള്ള ഏകീകൃത സിവില്‍ കോഡിന് അനുകൂലമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് ഈ കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.

    മൊഹിയുദ്ദീന്‍ പാഷ ആദ്യം വിവാഹം കഴിച്ചത് നൂര്‍ബി എന്ന സ്ത്രീയെയായിരുന്നു. അവര്‍ക്ക് റഹ്മാന്‍, അസ്ഗര്‍ എന്നീ രണ്ട് ആണ്‍ മക്കളുണ്ടായിരുന്നു. 1944ല്‍ നൂര്‍ബി അന്തരിച്ചു. പാഷ പിന്നീട് മാസമ്പി എന്ന സ്ത്രീയെ വിവാഹം കഴിച്ചു, ആ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നു. പാഷയുടെ ആദ്യ മകന്‍ റഹ്മാന്‍, റഹമത്തുന്നിസയെ വിവാഹം കഴിക്കുകയും അതില്‍ അവര്‍ക്ക് നൂര്‍ജഹാന്‍ എന്ന മകളുണ്ടാവുകയും ചെയ്തു. റഹ്മാന്‍ 1945ല്‍ മരിച്ചു. 1964ല്‍ പാഷയും മരിച്ചു. തുടര്‍ന്ന് റഹ്മാന്റെ വിധവയായ റഹമത്തുന്നിസയും, മാസമ്പിയും മക്കളും ചേര്‍ന്ന് പാഷയുടെ സ്വത്ത് ഭാഗിക്കാന്‍ ശ്രമിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് വിഷയം കോടതിയിലെത്തി. കോലാര്‍ കോടതി റഹമത്തുന്നിസയുടെ മകള്‍ നൂര്‍ജഹാന് കുറച്ച് വിഹിതം നല്‍കുകയും ബാക്കിയുള്ളത് മാസമ്പിക്കും മക്കള്‍ക്കും അസ്ഗറിനും വീതിച്ചുകൊടുക്കുകയും ചെയ്തു.

    എന്നാല്‍ അപ്പീലില്‍, മുസ്ലീം വ്യക്തിഗത നിയമം അനുശാസിക്കുന്ന പ്രകാരം കര്‍ണാടക ഹൈക്കോടതി റഹമത്തുന്നിസയെയും നൂര്‍ജഹാനെയും സ്വത്ത് അവകാശത്തില്‍ നിന്ന് ഒഴിവാക്കി. ഹൈക്കോടതി നിർദ്ദേശിച്ച സ്വത്ത് വിഭജനത്തെ സുപ്രീം കോടതിയും അംഗീകരിച്ചു. അതനുസരിച്ച് മാസാമ്പിക്ക് പാഷയുടെ സ്വത്തിന്റെ 1/8ാം ഓഹരിയും അസ്ഗറിനും മാസമ്പിയിലെ രണ്ട് ആണ്‍മക്കള്‍ക്കും 7/36ാം ഓഹരി വീതവും മൂന്ന് പെണ്‍മക്കള്‍ക്ക് 7/72ാം ഓഹരി വീതവും ലഭിച്ചു.
    Published by:Rajesh V
    First published: