നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Muslim Sculptor| 40 വര്‍ഷമായി കാളീവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന മുസ്ലീം ശിൽപ്പി; മതത്തിന്റെ അതിരുകളില്ലാത്ത ഗ്രാമം

    Muslim Sculptor| 40 വര്‍ഷമായി കാളീവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന മുസ്ലീം ശിൽപ്പി; മതത്തിന്റെ അതിരുകളില്ലാത്ത ഗ്രാമം

    പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മേദിനിപൂരില്‍ നിന്നുള്ള ഈ മുസ്ലീം ശില്പിയുടെയും ആ ഗ്രാമത്തിന്റെയും കഥ ആരിലും സ്‌നേഹം നിറയ്ക്കും.

    • Share this:
      മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് പോരടിക്കുന്നവര്‍ ഈ ഗ്രാമത്തെയും ഇവിടുത്തെ ആളുകളെയും അറിയണം. കാരണം ഹിന്ദു വിശ്വാസികളുടെ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഇസ്ലാം വിശ്വാസിയും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ഗ്രാമീണരും രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്. പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മേദിനിപൂരില്‍ നിന്നുള്ള ഈ മുസ്ലീം ശില്പിയുടെയും ആ ഗ്രാമത്തിന്റെയും കഥ ആരിലും സ്‌നേഹം നിറയ്ക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇസ്മയിലും അദ്ദേഹത്തിന്റെ കുടുംബവും അവരുടെ ദാസ്പൂര്‍ ഗ്രാമവും ഉറച്ച സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്.

      61 വയസ്സുള്ള ഇസ്മയില്‍ ഒരു ശില്പിയാണ്, കൃത്യമായി പറഞ്ഞാല്‍ ഹിന്ദു ദേവി-ദേവന്മാരുടെ കളിമണ്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ശില്പി. ഇസ്മയിലും ഭാര്യയും അഞ്ച് പെണ്‍മക്കളും ചേര്‍ന്നാണ് ഗ്രാമത്തിലേക്ക് വേണ്ട ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം കാളി മാതാവിന്റെയും ദുര്‍ഗ്ഗദേവിയുടെയും മറ്റ് ദേവി-ദേവന്മാരുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നു. വിഗ്രഹ നിര്‍മ്മാണത്തിനായി ഭാര്യയും മക്കളും പൂർണ്ണമനസ്സോടെ അദ്ദേഹത്തെ സഹായിക്കുന്നു.

      തന്റെ പെണ്‍മക്കളെ പഠിപ്പിക്കാന്‍ ഇസ്മയില്‍ വളരെ കഷ്ടപ്പെട്ടിരുന്നു. പക്ഷേ അവര്‍ പഠിക്കുകയും നല്ല ജീവിതം നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. കാരണം തന്റെ പെണ്‍കുട്ടികള്‍ക്ക് 'ഈശ്വരന്റെയും അല്ലാഹുവിന്റെയും' അനുഗ്രഹമുണ്ടെന്നാണ് ഇസ്മയില്‍ പറയുന്നത്. ഓര്‍ഡര്‍ ചെയ്ത വിഗ്രഹങ്ങള്‍ കാളി പൂജയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ ഇസ്മയില്‍ വളരെ തിരക്കിലാണ്. ''കുട്ടിക്കാലം മുതല്‍ ഞാന്‍ ചെയ്യുന്നത് ഇതാണ്, ഗ്രാമവാസികളും മറ്റ് സ്ഥലങ്ങളില്‍ നിന്നും ആളുകളും വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ എന്റെ അടുക്കല്‍ വരുന്നു. ഞാന്‍ ദരിദ്രനാണ്, പക്ഷേ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാന്‍ എന്റെ കുടുംബം മുന്നോട്ട്‌ കൊണ്ടുപോകുന്നു.'' അദ്ദേഹം പറയുന്നു.

      ഇസ്മയില്‍ നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ വളരെ മികച്ചതാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ഇസ്മായിലിനോടും അദ്ദേഹത്തിന്റെ കരവിരുതിനോടും ഗ്രാമവാസികള്‍ക്ക് ഏറെ സ്‌നേഹവും സന്തോഷവുമൊക്കെയാണ്. ഈ ചെറിയ ഗ്രാമം സാമുദായിക സൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണയിട്ടാണ് വര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമവാസികള്‍ പറയുന്നത് ഇതില്‍ പുതുമയില്ല എന്നാണ്. ''ഇവിടുത്തെ എല്ലാ പന്തലിലേക്കുമുള്ള വിഗ്രഹം ഇസ്മയിലാണ് നിര്‍മ്മിച്ചത്. അയാള്‍ ഈ തൊഴിലില്‍ വളരെ വിദഗ്ദ്ധനാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് വളര്‍ന്നത്, ഇതാണ് നമ്മുടെ സംസ്‌കാരം'', പ്രദേശവാസിയായ ബീരേന്ദ്ര റോയ് പറയുന്നു.

      ദുര്‍ഗ്ഗ പൂജയോട് അനുബന്ധിച്ച് ബംഗാളില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കി ദേവി വിഗ്രഹം വെച്ച് ആരാധിക്കുന്നത് പതിവാണ്. പൂജയ്ക്ക് മുമ്പുള്ള ദിവസങ്ങളാണ് ഇസ്മയിലിനും കുടുംബത്തിനും ഏറ്റവും തിരക്കേറിയ സമയം. തന്റെ കരവിരുതുകള്‍ കാണാനും, മറ്റ് ശില്പികള്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ കാണാനും വേണ്ടി പൂജാവേളയില്‍ തയ്യാറാക്കുന്ന മനോഹരമായ താല്‍ക്കാലിക പന്തല്‍ കാണാനും ഇസ്മയില്‍ പോകാറുണ്ട്.

      സാമുദായിക സൗഹാര്‍ദം എങ്ങനെ നിലനിര്‍ത്താമെന്നും ഒരുമയോടെ ജീവിക്കാമെന്നും ഈ ചെറിയ ഗ്രാമം ലോകത്തെ കാണിച്ചുതരുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇതിനെക്കുറിച്ച് അറിയുമെന്നും ആളുകള്‍ക്കിടയില്‍ ഐക്യം നിലനിൽക്കുന്ന ഇത്തരം ഒരുപാട് ദാസ്പൂരുകൾ ലോകത്തുണ്ടാകുമെന്നും ഇസ്മയില്‍ പ്രതീക്ഷിക്കുന്നു.
      Published by:Naveen
      First published:
      )}