ജയ്പുർ: രാജ്യത്തെ മുസ്ലിങ്ങൾക്ക് എതിരല്ല പൌരത്വ ഭേദഗതി നിയമമെന്നും അതുകൊണ്ടു തന്നെ തങ്ങളുടെ പൌരത്വത്തെ ഇത് ബാധിക്കുമെന്ന് ഓർത്ത് ആരും ഭയക്കേണ്ടതില്ലെന്നും അജ്മിർ ദർഗ ആത്മീയനേതാവ് സയിനുൽ അബീദിൻ അലി ഖാൻ പറഞ്ഞു. മുസ്ലിങ്ങളുടെ മനോവികാരത്തെ പരിഗണിക്കുന്നതിന് ഒരു ഉന്നതതല കമ്മിറ്റിയെ സർക്കാർ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവരുടെ ആവലാതികൾ കേട്ടതിനു ശേഷം ഒരു വസ്തുനിഷ്ഠമായ റിപ്പോർട്ട് കമ്മിറ്റി സമർപ്പിക്കണം. എങ്കിൽ മാത്രമേ പുതിയ നിയമത്തെക്കുറിച്ചുള്ള ഭയവും കെട്ടുകഥകളും സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
"പൌരത്വ ഭേദഗതിനിയമം രാജ്യത്തെ മുസ്ലിങ്ങൾക്ക് എതിരല്ല. രാജ്യത്ത് ജീവിക്കുന്ന ഒരു മുസ്ലിമും അവരുടെ പൌരത്വം അപകടത്തിലാണെന്ന് ഭയക്കേണ്ടതില്ല. പക്ഷേ, രാജ്യത്തെ മുസ്ലിങ്ങൾക്ക് ഇടയിൽ പ്രചരിക്കുന്ന ഭയത്തിനും കെട്ടുകഥകൾക്കും വ്യക്തത വരുത്തേണ്ടതുണ്ട്' - ദർഗ ധീവാൻ പറഞ്ഞു.
ജാമിയ സംഭവത്തിൽ കുട്ടികൾ കുറ്റക്കാരാണെങ്കിൽ പോലും പൊലീസ് ഇത്തരത്തിൽ ബലം പ്രയോഗിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥികൾ നിയമം കൈയിലെടുക്കില്ലെന്നും അവർ രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും അവരെക്കുറിച്ച് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.