നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദുർഗാ പൂജയ്ക്കൊരുങ്ങി കൊൽക്കത്തയിലെ അലിമുദ്ദീൻ തെരുവ്; ആഘോഷം 9 വർഷങ്ങൾക്ക് ശേഷം

  ദുർഗാ പൂജയ്ക്കൊരുങ്ങി കൊൽക്കത്തയിലെ അലിമുദ്ദീൻ തെരുവ്; ആഘോഷം 9 വർഷങ്ങൾക്ക് ശേഷം

  അലിമുദ്ദീൻ തെരുവിലെ മുസ്‌ലിം നിവാസികളാണ് ഇപ്പോൾ പൂജ തുടരാൻ മുൻകൈ എടുത്ത് മുൻപോട്ട് വന്നിരിക്കുന്നത്

  • Share this:
   ദുർഗാ പൂജയ്ക്കൊരുങ്ങി കൊൽക്കത്തയിലെ മുസ്ലീം കുടുംബങ്ങൾ. ഹിന്ദുമത വിശ്വാസപ്രകാരം വളരെ പ്രധാനപ്പെട്ട ആഘോഷമാണ് നവരാത്രി പൂജ. രാജ്യത്ത് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ആചാരാനുഷ്ഠാനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഹിന്ദു കുടുംബങ്ങളുടെ സഹായത്തോടെ ദുർഗാ പൂജയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് കൊൽക്കത്തയിലെ ചില മുസ്ലീം കുടുംബങ്ങൾ.

   കൊൽക്കത്തയിലെ അലിമുദ്ദീൻ തെരുവിന് സമീപമുള്ള പ്രദേശത്ത് 9 വർഷങ്ങൾക്കു മുമ്പ് ഹിന്ദു കുടുംബങ്ങൾ താമസിച്ചിരുന്നു. അന്ന് ഇവിടെ വളരെ ആഘോഷപൂർവം നവരാത്രി പൂജ നടത്തിയിരുന്നു. എന്നാൽ ഈ പ്രദേശത്തെ ഭൂരിഭാഗം ബംഗാളി ഹിന്ദു കുടുംബങ്ങളും അവിടെ നിന്ന് താമസം മാറിയതിനു ശേഷം നീണ്ട ഒൻപത് വർഷമായി പൂജ നിർത്തിവച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശേഷിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് പൂജാ പാരമ്പര്യം തുടരാൻ കഴിഞ്ഞിരുന്നില്ല അതിനാലാണ് 9 വർഷമായി പൂജ മുടങ്ങിയത്.

   അലിമുദ്ദീൻ തെരുവിലെ മുസ്‌ലിം നിവാസികളാണ് ഇപ്പോൾ പൂജ തുടരാൻ മുൻകൈ എടുത്ത് മുൻപോട്ട് വന്നിരിക്കുന്നത്. ശേഷിക്കുന്ന ഹിന്ദു കുടുംബത്തിന്റെ നിർദേശാനുസരണം പൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു.
   ഹിന്ദു കുടുംബങ്ങളിലെ അംഗങ്ങളായ ജയന്തയെയും ഷർമിള സെന്നിനെയും പൂജ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മുസ്ലീം നിവാസികൾ സമീപിച്ചതായാണ് റിപ്പോർട്ട്. നിന്നുപോയ പൂജ പാരമ്പര്യം തുടരാൻ നിർദേശം ചോദിച്ചപ്പോൾ ഈ ദമ്പതികൾ ആശ്ചര്യപ്പെടുകയാണുണ്ടായത്.

   കൊൽക്കത്തയിൽ ദുർഗാപൂജാ ഉത്സവം സംഘടിപ്പിക്കുന്നത് ഒരു ചെറിയ കാര്യമല്ല, ഇതിന് ദീർഘകാല ആസൂത്രണവും പണവും ആവശ്യമാണ്.അലിമുദ്ദീൻ തെരുവിലെ മുസ്ലിം വിഭാഗം ആദ്യം ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും ഫണ്ട് സംഘടിപ്പിക്കുകയും ചെയ്തു. അതിനുശേഷം ജയന്ത സെൻ, മുഹമ്മദ് തൗസീഫ് റഹ്മാൻ തുടങ്ങിയവർ കുമാർത്തൂലിയിൽ നിന്ന് ദുർഗാ വിഗ്രഹം വാങ്ങി. നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള കൊൽക്കത്തയിലെ പ്രശസ്ത കരകൗശല കേന്ദ്രമാണ് കുമാർത്തൂലി. നഗരത്തിലെ പ്രത്യേകിച്ച് എല്ലാ വലിയ പൂജകൾക്കും കളിമൺ ദുർഗാ വിഗ്രഹങ്ങളുടെ നിർമ്മാണത്തിന് പേരുകേട്ട സ്ഥലമാണ് ഇവിടം.

   സ്ഥലത്തെ സാമുദായിക ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കാൻ പൂജ ഉപകരിക്കുമെന്ന് സാമൂഹിക പ്രവർത്തകനായ റഹ്മാൻ പറഞ്ഞു. വിവിധ വിഭാഗങ്ങൾക്കിടയിൽ അത്തരം സമാധാനപരമായ സഹവർത്തിത്വത്തിന്റെ ഒരു നീണ്ട പാരമ്പര്യമുണ്ട്. അലിമുദ്ദീൻ തെരുവ് പ്രദേശത്ത് പ്രധാനമായും മധ്യവർഗക്കാരാണ് താമസിക്കുന്നത്. അതിൽ കൂടുതലും ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങളാണുള്ളത്.

   കോവിഡ് -19 കാരണം, ഈ വർഷവും ദുർഗാ പൂജയുടെ മാറ്റു കുറയാനാണ് സാധ്യത. പകർച്ചവ്യാധി മൂലം ബിസിനസ്സ് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന കുമാർത്തൂലിയിലെ കരകൗശല വിദഗ്ധരെയാണ് ഏറ്റവും കൂടുതൽ ഇത് ബാധിച്ചത്. കഴിഞ്ഞ വർഷം ആഘോഷിച്ചതുപോലെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും ഇത്തവണയും ആഘോഷം.
   Published by:Karthika M
   First published:
   )}