• HOME
  • »
  • NEWS
  • »
  • india
  • »
  • Jayalalithaa | 'ജയലളിതയുടെ മരണത്തില്‍ ദുരൂഹത'; ശശികലയുൾപ്പെടെ നാലു പേർക്കെതിരെ അന്വേഷണത്തിന് കമ്മീഷൻ ശുപാർശ

Jayalalithaa | 'ജയലളിതയുടെ മരണത്തില്‍ ദുരൂഹത'; ശശികലയുൾപ്പെടെ നാലു പേർക്കെതിരെ അന്വേഷണത്തിന് കമ്മീഷൻ ശുപാർശ

ശശികല ഉൾപ്പെടെ നാലുപേർ കുറ്റക്കാരാണെന്നു കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

  • Share this:
    തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ (J Jayalalithaa) മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ കമ്മീഷന്‍. ജയലളിതയുടെ അടുത്ത സ​​ഹായി ആയിരുന്ന വി.കെ.ശശികലയെ (V K Sasikala) പ്രതികൂട്ടിൽ നിർത്തിയാണ് അറുമുഖസാമി കമ്മീഷന്‍ (Arumugasamy Commission) റിപ്പോര്‍ട്ട് നിയമസഭയില്‍ സമർപ്പിച്ചത്. ശശികല ഉൾപ്പെടെ നാലുപേർ ഇതിൽ കുറ്റക്കാരാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

    ജയലളിതയുടെ അടുത്ത സഹായി ശശികല, ഡോ. ശിവകുമാർ (ജയലളിതയുടെ പേഴ്‌സണൽ ഡോക്ടറും ശശികലയുടെ ബന്ധുവും), മുൻ ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ എന്നിവരും കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തിയതായും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജയലളിത മരിച്ച വിവരം പുറം ലോകം അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞാണെന്നും റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുണ്ട്.

    2016 ഡിസംബർ 5ന് രാത്രി 11.30നാണ് ജയലളിത മരിച്ചതായി അപ്പോളോ ആശുപത്രി ഔദ്യോ​ഗികമായി അറിയിച്ചത്. എന്നാൽ, തെളിവുകളുടെ അടിസ്ഥാനത്തിൽ ജയലളിതയുടെ മരണം 2016 ഡിസംബർ 4 ന് ഉച്ചകഴിഞ്ഞ് 3 നും 3.30 നും ഇടയിലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

    ജയലളിതയുടെ ആശുപത്രിവാസത്തെക്കുറിച്ചും അവർക്ക് നൽകിയ ചികിത്സയെക്കുറിച്ചും കമ്മീഷൻ വിശദമായി അന്വേഷിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടാണ് തമിഴ്നാട് സർക്കാർ ഇന്ന് നിയമസഭയിൽ വച്ചത്. ജസ്റ്റിസ് എ അറുമുഖസ്വാമി മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുന്നിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡിഎംകെ സർക്കാർ ജയലളിതയുടെ മരണം വിശദമായി അന്വേഷിക്കുമെന്ന് അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

    Also read : ജയലളിതയുടെ മരണം; ശശികലയടക്കം നാലു പേർക്കെതിരെ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ഉത്തരവിട്ടു

    മുൻ എഐഎഡിഎംകെ സർക്കാർ രൂപീകരിച്ച അറുമുഖസ്വാമി അന്വേഷണ കമ്മീഷൻ 2017 നവംബർ 22-നാണ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ തുടങ്ങിയത്. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ് കമ്മീഷന്റെ തലവൻ.

    Also read : ചിന്നമ്മ' ഇനി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്; ജയലളിതയുടെ തോഴി ശശികലയുടെ ജയിൽവാസം ഇന്ന് പൂർത്തിയാകും

    ജയലളിതയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ ശശികല, അവരുടെ മരണശേഷം എഐഎഡിഎംകെയുടെ തലപ്പത്തെത്തിയിരുന്നു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ടതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി. 2016 ൽ ജയലളിതയുടെ മരണശേഷമാണ് തമിഴ്നാട്ടുകാരുടെ 'അമ്മ'യായ ജയലളിതയുടെ സ്ഥാനത്തേക്ക് 'ചിന്നമ്മ'യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്ഠേനെ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയിൽ എഐഎഡിഎംകെ ലെജിസ്ലേച്ചർ പാർട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്‍റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായി. കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉൾപ്പെടെയുള്ളവര്‍ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗളൂരിവിലെ ജയിലിലേക്കാണിവരെ അയച്ചത്. ഇതിന് പിന്നാലെയാണ് ശശികല പാർട്ടിക്ക് പുറത്തായത്. നാല് വർഷത്തെ ജയില്‍ ശിക്ഷ പൂർത്തിയാക്കി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
    Published by:Amal Surendran
    First published: