• HOME
  • »
  • NEWS
  • »
  • india
  • »
  • സ്വന്തമായി 40 ലേറെ ആഢംബര കാറുകൾ; വെടിയേറ്റ് മരിച്ച നബാ കിഷോർ ദാസ് ഒഡീഷ മന്ത്രിസഭയിലെ അതിസമ്പന്നൻ

സ്വന്തമായി 40 ലേറെ ആഢംബര കാറുകൾ; വെടിയേറ്റ് മരിച്ച നബാ കിഷോർ ദാസ് ഒഡീഷ മന്ത്രിസഭയിലെ അതിസമ്പന്നൻ

ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എയാണ് കൊല്ലപ്പെട്ട നബ കിഷോര്‍ ദാസ്

  • Share this:

    ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. അദ്ദേഹത്തെപ്പറ്റി നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒഡീഷയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എയാണ് കൊല്ലപ്പെട്ട നബ കിഷോര്‍ ദാസ്. മൂന്ന് തവണ എംഎല്‍എ പദവി അലങ്കരിച്ച അദ്ദേഹം ഒഡീഷ മന്ത്രിസഭയിലെ ഏറ്റവും ധനികനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആഡംബര കാറുകളോടായിരുന്നു അദ്ദേഹത്തിന് പ്രിയം. ഏകദേശം നാല്‍പ്പത് കാറുകളാണ് മന്ത്രിയ്ക്ക് ഉണ്ടായിരുന്നത്.

    മന്ത്രിയുടെ നിര്യാണത്തില്‍ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമുണ്ടായ തീരാ നഷ്ടമാണ് നബ കിഷോറിന്റെ മരണമെന്നാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. ”ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് നബ കിഷോര്‍ ദാസ്. താഴേക്കിടയില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നു. ഒഡീഷ സംസ്ഥാനത്തിനും ബിജെഡിയ്ക്കും ഉണ്ടായ തീരാനഷ്ടമാണ് ഈ നിര്യാണം”, പട്‌നായിക് പറഞ്ഞു.

    Also read- കാറിൽ മനപൂർവം ബൈക്കിടിപ്പിച്ചു; പിന്തുടർന്ന് ഭീഷണിയും; വീഡിയോ വൈറലായതിനു പിന്നാലെ അറസ്റ്റ്

    ജാര്‍സുഗുഢയ്ക്ക് അടുത്തുള്ള ബ്രജ് രാജ് നഗറില്‍ വെച്ചാണ് മന്ത്രിയ്ക്ക് വെടിയേറ്റത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയ ഗോപാല്‍ ദാസാണ് മന്ത്രിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം ഇയാളെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസിലാണ് നബ കിഷോര്‍ ദാസ് ആദ്യം വേരുറപ്പിച്ചിരുന്നത്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജു ജനതാദളിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ബിജെഡി ടിക്കറ്റില്‍ മത്സരിച്ച അദ്ദേഹം തുടര്‍ച്ചയായി മൂന്ന് തവണയാണ് എംഎല്‍എയായി അധികാരത്തിലെത്തിയത്.

    ആരോഗ്യം, കുടുംബ ക്ഷേമം എന്നീ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. 2020-21ല്‍ കൊവിഡ് മഹാമാരി സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിച്ച മന്ത്രി കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തില്‍ ഉന്നത സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. 2004ലാണ് അദ്ദേഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജാര്‍സുഗുഡയില്‍ നിന്ന് മത്സരിച്ചത്. അന്ന് പരാജയപ്പെടുകയായിരുന്നു.

    Also read- മഞ്ഞുവീഴ്ച്ചയിൽ തണുത്തുറഞ്ഞ ശ്രീനഗറിൽ രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്രയ്ക്ക് ഔദ്യോഗിക സമാപനം‌

    എന്നാല്‍ 2009ല്‍ വീണ്ടും കോണ്‍ഗ്രസ് സീറ്റീല്‍ മത്സരിച്ച അദ്ദേഹം വിജയിച്ചിരുന്നു. 2014ലും അദ്ദേഹം കോണ്‍ഗ്രസിനായി മത്സരിക്കുകയും രണ്ടാം തവണയും എംഎല്‍എ ആവുകയും ചെയ്തു. കോണ്‍ഗ്രസിനെ മുന്‍ നിരയില്‍ നിന്ന് നയിച്ച നേതാക്കളില്‍ ഒരാളായിരുന്നു കിഷോര്‍ ദാസ്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2019ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജു ജനതാദളിലേക്ക് ചേക്കേറുകയായിരുന്നു.

    തുടര്‍ന്ന് ബിജെഡി ടിക്കറ്റില്‍ മത്സരിച്ച് മൂന്നാം തവണയും എംഎല്‍എ ആകുകയായിരുന്നു. 1962 ജനുവരി ഏഴിനാണ് നബ കിഷോര്‍ ദാസ് ജനിച്ചത്. സാമ്പല്‍പൂരിലെ ഭോജ്പൂര്‍ ഹൈസ്‌കൂളില്‍ നിന്ന് 1978ല്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായി. പിന്നീട് ഇംഗ്ലീഷിലും നിയമത്തിലും ബിരുദം നേടുകയും ചെയ്തു. 1980കളിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല ബിസിനസ്സ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് കിഷോര്‍ ദാസ്. ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നീ മേഖലയില്‍ അദ്ദേഹം ബിസിനസ്സ് നടത്തിയിരുന്നു.

    Published by:Vishnupriya S
    First published: