വാശിയേറിയ പ്രചാരണത്തിന് ശേഷം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയും നാഗാലാൻഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നാഗാലാൻഡിലും മേഘാലയയിലും 59 വീതം, ആകെ 118 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 2 ന് വോട്ടെണ്ണും.
നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നിവ തമ്മിലുള്ള പോരാട്ടമാണ് മേഘാലയയിൽ.
നാഗാലാൻഡിൽ, സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുമായി (എൻഡിപിപി) സഖ്യത്തിലാണ് ബിജെപി മത്സരിക്കുന്നത്.
വോട്ടെടുപ്പിനായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലേക്ക് പോളിംഗ് സാമഗ്രികൾ സഹിതം പോളിംഗ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. കൂടുതൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായുള്ള അന്തർ സംസ്ഥാന അതിർത്തികൾ അടച്ചു.
മേഘാലയ
മേഘാലയയിൽ സംസ്ഥാനത്തെ 59 നിയമസഭാ മണ്ഡലങ്ങളിലേക്ക് 36 വനിതകൾ ഉൾപ്പെടെ 369 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
59 നിയമസഭാ മണ്ഡലങ്ങളിലായി 3419 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ്.
മേഘാലയയിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 36 എണ്ണം ഖാസിയിലും ജയന്തിയാ ഹിൽസിലും 24 എണ്ണം ഗാരോ ഹിൽസ് മേഖലയിലുമാണ്.
സംസ്ഥാനത്ത് 81,000 കന്നി വോട്ടർമാരുണ്ട്. ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ഭരണസഖ്യത്തിന് നേതൃത്വം നൽകുന്ന എൻപിപി, മുൻ സഖ്യകക്ഷിയായ ബിജെപി, പ്രതിപക്ഷമായ ടിഎംസി, മറ്റ് പ്രാദേശിക പാർട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയ്‌ക്കെതിരെ ഒറ്റയ്ക്ക് പോരാടുകയാണ്.
2018ലെ തെരഞ്ഞെടുപ്പിൽ എൻപിപിക്ക് 19 സീറ്റും കോൺഗ്രസിന് 21 സീറ്റുമാണ് ലഭിച്ചത്. ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) രണ്ട് സീറ്റുകൾ നേടാനായി. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) 6 സീറ്റുകൾ നേടി.
മൊത്തം 13,17,632 വോട്ടർമാരിൽ ഈ തെരഞ്ഞെടുപ്പിലെ സ്ത്രീ വോട്ടർമാരുടെ എണ്ണം 6,56,143 ( 49.8%) ആണ്. ആകെയുള്ള 183 സ്ഥാനാർത്ഥികളിൽ നാലു വനിതകളാണുള്ളത്.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സൗത്ത് തുറ മണ്ഡലത്തിൽ മത്സരിക്കുമ്പോൾ എൻപിപി മേധാവിക്കെതിരെ ബിജെപി ബർണാഡ് എൻ മറാക്കിനെ മത്സരിപ്പിക്കുന്നു.
ദിമാപൂർ-മൂന്നാം സീറ്റിൽ എൻഡിപിപിയുടെ ഹെഖാനി ജഖാലു, ടെനിങ് സീറ്റിൽ കോൺഗ്രസിന്റെ റോസി തോംസൺ, വെസ്റ്റേൺ അംഗാമി സീറ്റിൽ എൻഡിപിപിയുടെ സൽഹൗതുവോനുവോ, അതോയിസു സീറ്റിൽ ബിജെപിയുടെ കഹുലി സെമ എന്നിവരാണ് നാല് വനിതാ സ്ഥാനാർത്ഥികൾ.
ഉൾപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തവണ പ്രചാരണ രംഗത്ത് ചർച്ചയായത്. അഴിമതി ആരോപണങ്ങളും എൻപിപി സർക്കാരിനെ വേട്ടയാടുന്നുണ്ട്.
ഖാസി ജയന്തിയാ ഹിൽസ് മേഖലയിലെ 18 നിയമസഭാ മണ്ഡലങ്ങളിൽ വോയ്സ് ഓഫ് പീപ്പിൾസ് പാർട്ടി മത്സരിക്കുന്നു.
നാഗാലാൻഡ്
ബിജെപിയും എൻഡിപിപിയും നാഗാലാൻഡിൽ അധികാരം നിലനിർത്താൻ ശ്രമിക്കുന്നു.
ബിജെപിയും എൻഡിപിപിയും 20:40 അനുപാതത്തിലാണ് സീറ്റ് പങ്കിടുന്നത്. നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) കോൺഗ്രസും യഥാക്രമം 22, 23 സീറ്റുകളിലാണ് മത്സരിക്കുന്നത്.
നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) 12 സ്ഥാനാർത്ഥികളെ വീതം നിർത്തി.
എൻഡിപിപി സ്ഥാനാർത്ഥിയും നാഗാലാൻഡ് മുഖ്യമന്ത്രിയുമായ നെയ്‌ഫുയി റിയോയുടെ വിധി നിർണ്ണയിക്കുന്ന നോർത്തേൻ അങ്കാമിയാണ് പ്രധാന മണ്ഡലം
ജൻജാതി ധർമ്മ-സംസ്‌കൃതി സൗരക്ഷ മഞ്ച (ജെഡിഎസ്‌എസ്‌എം) മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവരെ പട്ടികവർഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അടുത്തിടെ മുന്നോട്ട് വച്ചിരുന്നു. ഇത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്.
ബിജെപിയും എൻഡിപിപിയും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങളെ വഞ്ചിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു.നാഗാ രാഷ്ട്രീയ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
“സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്തതിന് ശേഷം നാഗാലാൻഡിലെ 9 ജില്ലകളും നാല് ജില്ലകളിലെ 16 പൊലീസ് സ്റ്റേഷനുകളും ‘സംഘർഷ സാധ്യതാ പ്രദേശങ്ങൾ’ ആയി പ്രഖ്യാപിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആകെ 19 സ്ഥാനാർത്ഥികളാണ് സ്വതന്ത്രരായി മത്സരിക്കുന്നത്.
ഉപമുഖ്യമന്ത്രി വൈ പാറ്റൺ ത്യുയി സീറ്റിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും ജനവിധി തേടുന്നു, അവിടെ നാഗാലാൻഡ് ജെഡിയു പ്രസിഡന്റ് സെൻചുമോ ലോത്തയ്ക്കും മറ്റ് രണ്ട് എതിരാളികൾക്കുമെതിരെയാണ് മത്സരം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടിയ എൻപിഎഫ് 22 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി, എന്നാൽ അവരിൽ ഒരാൾ പിൻമാറി. 21 പേർ മത്സരരംഗത്തുണ്ട്.
അടുത്ത സർക്കാർ രൂപീകരിക്കാൻ ബിജെപിയുമായി കൂട്ടുകൂടില്ലെന്നും എന്നാൽ സമാന ചിന്താഗതിയുള്ള ഏത് മതേതര മുന്നണിയിലും ചേരാമെന്നും കോൺഗ്രസ് പറയുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.