പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനത്തിൽ അഫ്ഗാൻ വ്യോമ പാത ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനം. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് അമേരിക്ക സന്ദർശിക്കുന്നത്. നരേന്ദ്ര മോദിയുടെ സന്ദർശനത്തിനായി അഫ്ഗാൻ വ്യോമ പാത ഉപയോഗിക്കേണ്ടതില്ലെന്ന് സുരക്ഷാ വിഭാഗം തീരുമാനം എടുത്തു. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പകരം പാക്കിസ്ഥാന്റെ വ്യോമ പാത ഉപയോഗിക്കും. ഇതിനായി പ്രത്യേകം അനുമതി നേടിയിട്ടുണ്ട്.
മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസിൽ കാണുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ല പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി യുഎസ് വൈസ് പ്രസിസ്റ് കമല ഹാരിസും യുഎസ് കമ്പനികളുടെ മുൻനിര സിഇഒമാരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നും ശൃംഗ്ല പറഞ്ഞു. മോദി സെപ്റ്റംബർ 26 ന് മടങ്ങിയെത്തും. കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് മോദി നടത്തുന്ന ആദ്യ പ്രധാന വിദേശ സന്ദർശനമാണിത്. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട. പ്രസിഡന്റ് ബൈഡനുമായി പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.
സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും, താലിബാൻ ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്ഥാൻ സാഹചര്യത്തെക്കുറിച്ച് ഒരു ചർച്ച നടത്തുമെന്നും ശൃംഗ്ല പറഞ്ഞു. ഇരു രാജ്യങ്ങളും വാക്സിൻ നയവുമായി ബന്ധപ്പെട്ടും ചർച്ചകൾ നടത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന്റെ ഷെഡ്യൂൾസെപ്റ്റംബർ 22: പ്രധാനമന്ത്രി മോദി കോവിഡ് -19 ഉച്ചകോടിയിൽ പങ്കെടുക്കും.
സെപ്റ്റംബർ 23: ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡ് സുഗയെയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണെയും കാണും. പിന്നീട്, വാഷിംഗ്ടണിൽ അദ്ദേഹം പ്രമുഖ അമേരിക്കൻ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെ കാണും. ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
അതേ ദിവസം, മോദി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കാണും, അതിനുശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം അത്തായ വിരുന്നിൽ പങ്കെടുക്കും.
സെപ്റ്റംബർ 24: വാഷിംഗ്ടണിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് മോദിയും ബൈഡനും ചർച്ച നടത്തും. പ്രധാന പ്രാദേശിക പ്രശ്നങ്ങൾക്ക് പുറമെ തീവ്രവാദവും തീവ്രവാദം കൈകാര്യം ചെയ്യാനുള്ള വഴികളെ കുറിച്ചും ചർച്ച ചെയ്യും.
അതേ ദിവസം തന്നെ വാഷിംഗ്ടണിൽ നടക്കുന്ന ക്വാഡ്രിലേറ്ററൽ സെക്യൂരിറ്റി ഡയലോഗ് ( QUAD)ന്റെ ആദ്യ വ്യക്തിഗത ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
സെപ്റ്റംബർ 25: യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പോകും. ന്യൂയോർക്കിൽ വൈകുന്നേരം 6:30 ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ (യുഎൻജിഎ) 76-ാമത് സെഷന്റെ ഉന്നതതല വിഭാഗത്തിന്റെ പൊതു ചർച്ചയിൽ അദ്ദേഹം സംസാരിക്കും.
2019 സെപ്റ്റംബറിൽ ഹൂസ്റ്റണിലെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹൗഡി-മോദി പരിപാടിയിലാണ് മോദി അവസാനമായി അമേരിക്ക സന്ദർശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.