നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi’s UAE Visit | നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം; ഉഭയകക്ഷി ബന്ധത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും

  Narendra Modi’s UAE Visit | നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം; ഉഭയകക്ഷി ബന്ധത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും

  2015ലെ മോദിയുടെ യുഎഇ സന്ദർശനം ഉഭയകക്ഷി ചരിത്രത്തിലെ തന്നെ വഴിത്തിരിവായി മാറി. അന്ന് മുതൽ 2022ലെ മോദിയുടെ യുഎഇ സന്ദർശനം വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

  Image: Narendra Modi, Twitter

  Image: Narendra Modi, Twitter

  • Share this:
   ഇന്ത്യയും (India) യുഎഇയും (UAE) തമ്മിലുള്ള ബന്ധം കൂടുതൽ ശക്തവും ദൃഢവുമാകാനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം തങ്ങളുടെ പ്രധാന മുൻഗണനയായാണ് പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നാലാം തവണവും യുഎഇ സന്ദർശിക്കും. 2022 ജനുവരി ആദ്യവാരമാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം.

   ഈ വർഷം ഓഗസ്റ്റിൽ ഗൾഫ് ന്യൂസിനോട് സംസാരിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യ-യുഎഇ ബന്ധത്തെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. “ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ഏറ്റവും പ്രധാന അയൽരാജ്യങ്ങളിലൊന്നാണ് യുഎഇ എന്നുമാണ്“ അദ്ദേഹം പറഞ്ഞത്.

   “അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഇടനാഴിയായാണ് ഞങ്ങൾ യുഎഇയെ കാണുന്നത്. കിഴക്ക് സിംഗപ്പൂരാണെങ്കിൽ പടിഞ്ഞാറ് യുഎഇ ആണെന്നും" ജയശങ്കർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

   30 വർഷത്തിലേറെയായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും (1981ൽ ഇന്ദിരാഗാന്ധിക്ക് ശേഷം) രാജ്യം സന്ദർശിച്ചിട്ടില്ലാത്തതിനാൽ 2015ലെ മോദിയുടെ ആദ്യ യുഎഇ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. 2015ലെ മോദിയുടെ യുഎഇ സന്ദർശനം ഉഭയകക്ഷി ചരിത്രത്തിലെ തന്നെ വഴിത്തിരിവായി മാറി. അന്ന് മുതൽ 2022ലെ മോദിയുടെ യുഎഇ സന്ദർശനം വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്.

   അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചെങ്കിലും ഗൾഫ് മേഖലയുമായുള്ള ബന്ധം അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ-യുഎഇ സൈനികതല സന്ദർശനങ്ങളും നടന്നിരുന്നു. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഉന്നതതല സന്ദർശനങ്ങളും ഇടക്കാലത്തുണ്ടായിട്ടുണ്ട്. 2017 ജനുവരി 26ലെ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായി അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ള ഉന്നത യുഎഇ നേതൃത്വം ഇന്ത്യയിൽ എത്തിയിരുന്നു.

   അടുത്തിടെ, ജമ്മു കശ്മീരിൽ നിക്ഷേപം നടത്താനുള്ള കരാറിൽ യുഎഇ ഒപ്പുവച്ചിരുന്നു. ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ അന്തിമമായിക്കഴിഞ്ഞാൽ, കാര്യങ്ങൾ വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൾഫ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   സൗദി അറേബ്യയുമായും യുഎഇയുമായും ഇന്ത്യയുടെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ നരേന്ദ്ര മോദിയും എസ്. ജയ്ശങ്കറും വലിയ പങ്കുവഹിച്ചതായി തന്ത്രപ്രധാന വിഷയങ്ങളിലെ ഇന്ത്യയിലെ ഏറ്റവും മികച്ച വിശകലന വിദഗ്ധനായ ഡോ. സി.രാജ മോഹൻ പറയുന്നു. 2014 മുതൽ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം ഗൾഫ് ന്യൂസിനോട് പറഞ്ഞു.

   പ്രധാനമന്ത്രിയുടെ സന്ദർശനം എങ്ങനെയാണ് ഉഭയകക്ഷി ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുക എന്ന് ചോദിച്ചപ്പോൾ, “യുഎഇയിൽ, നിരവധി സാധ്യതകളാണുള്ളത്. ആഴ്ചയിൽ 4.5 ദിവസം ജോലി മുതൽ ഗാർഹിക തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി വിദേശ പ്രതിഭകളെ ആകർഷിക്കുന്നതിൽ യുഎഇയിൽ നിരവധി സുപ്രധാന പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ“ ഡോ രാജ മോഹൻ വിശദീകരിച്ചു.

   ഇന്ത്യയിലെ നിക്ഷേപം
   ന്യൂഡൽഹിക്ക് വൻതോതിലുള്ള മൂലധനം ആവശ്യമാണ്, യുഎഇക്ക് അത് ധാരാളമുണ്ട് താനും. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ യുഎഇ തയ്യാറാണ്.

   "ഇന്ത്യയിൽ അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാനും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുമായി സഹകരണം വിപുലീകരിക്കാനും ഡിജിറ്റൽ ഇന്നൊവേഷൻ ഹബുകൾ സംയുക്തമായി നിർമ്മിക്കാനും പുതിയ ഊർജ്ജ സ്രോതസ്സുകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനും യുഎഇയ്ക്ക് താത്പര്യമുണ്ട്. അതുകൊണ്ട് തന്നെ പന്ത് ന്യൂഡൽഹിയുടെ കോ‍ർട്ടിലാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.

   ഇന്ത്യയിൽ യുഎഇയുടെ നിക്ഷേപങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട്. അടുത്തിടെ, ഇന്ത്യയുടെ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡാവിയ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവർ യുഎഇ സന്ദ‍ർശനം നടത്തിയിരുന്നു.

   ആരോഗ്യ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തങ്ങളിൽ വലിയ സാധ്യതകളാണ് മണ്ഡാവിയ പ്രതീക്ഷിക്കുന്നത്. യുഎഇക്ക് ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ വൻ തോതിൽ നിക്ഷേപം നടത്താനാകും.

   അദ്ദേഹത്തിന്റെ സമീപകാല സന്ദർശന വേളയിൽ ഇന്ത്യൻ ആരോഗ്യമേഖലയുടെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് (ഏതാണ്ട് 15000-ലധികം ആശുപത്രികളിലും 1500ലധികം മെഡിക്കൽ നടപടിക്രമങ്ങളിലും 5 ലക്ഷം രൂപ വരെ സൗജന്യവും പണരഹിതവുമായ ചികിത്സ നൽകുന്ന പദ്ധതി) യുഎഇയിലെ എൻആർഐകൾക്ക് കൂടി ലഭ്യമാക്കുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.

   എൻആർഐകൾക്ക് യുഎഇയിൽ ജോലി ചെയ്യുമ്പോൾ പ്രീമിയമായി മുൻകൂട്ടി നിശ്ചയിച്ച വാർഷിക തുക സംഭാവന ചെയ്യാം. പിന്നീട് വിരമിച്ച ശേഷം (അവർ ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ) അവർക്ക് ആയുഷ്മാൻ ഭാരത് സേവനങ്ങൾ പ്രയോജനപ്പെടുത്താം.

   സാധ്യതകൾ
   "എന്റെ സമീപകാല സന്ദർശനവും യുഎഇ സർക്കാരുമായും സംരംഭകരുമായുള്ള കൂടിക്കാഴ്ചകളും ഇന്ത്യയ്ക്കും യുഎഇയ്ക്കും പങ്കാളിത്തത്തിനുള്ള സാധ്യതകളെ ശക്തിപ്പെടുത്തുന്നു." രാജീവ് ചന്ദ്രശേഖർ ഗൾഫ് ന്യൂസിനോട് പറഞ്ഞു.

   “ലോകത്തിന്റെ നൈപുണ്യ കേന്ദ്രമാകാൻ ഇന്ത്യക്ക് കഴിയും. ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയ്‌ക്ക് വൈറ്റ് കോളർ, ബ്ലൂ കോളർ ടാലന്റ് ആവശ്യകതകൾക്ക് മികച്ച സംഭാവനകൾ നൽകുന്നു. നൈപുണ്യ വികസനത്തിലും സാങ്കേതിക വികസനത്തിലും പൊതുവായ വീക്ഷണമുള്ള രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെയാണ് സാങ്കേതികവിദ്യയുടെ ഭാവി നയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ സാങ്കേതിക രംഗത്തും ലോകത്തിനും പ്രയോജനപ്പെടുന്ന ഒരു പുതിയ പങ്കാളിത്തം സൃഷ്ടിക്കാൻ ഇന്ത്യയ്ക്കും യുഎഇയ്ക്കും കഴിയും“ ചന്ദ്രശേഖർ വിശദീകരിച്ചു.

   യുഎഇയ്ക്കും ഇന്ത്യയ്ക്കും സംയുക്തമായി നിക്ഷേപം നടത്താൻ വലിയ അവസരങ്ങളുണ്ടെന്ന ധാരണ വളർന്നുവരികയാണ്. "എണ്ണ വ്യാപാരത്തിനപ്പുറം" ദീർഘകാല ഉഭയകക്ഷി ബന്ധത്തിനുള്ള ഒരു വഴിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

   ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ അടുത്തിടെ സംസാരിച്ച ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരി, ലോകത്തിനും അടുത്ത തലമുറയിലെ യൂണികോണുകൾക്കുമായി പുതുമകൾ സൃഷ്ടിക്കാൻ യുഎഇയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു. 2021ൽ ഇന്ത്യക്കാർ 42 യൂണികോണുകൾ സൃഷ്ടിച്ചു. യുഎസിനുശേഷം യൂണികോണുകളുടെ ഏറ്റവും വലിയ രണ്ടാമത്തെ സൃഷ്ടാക്കളായി രാജ്യം മാറി. എക്സ്പോ 2020ൽ ഇന്ത്യൻ സർക്കാർ അവയിൽ ചിലത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഇരു രാജ്യങ്ങളും കൈകോർത്താൽ മോദിയുടെ വരാനിരിക്കുന്ന സന്ദർശനം ഒരു നാഴികക്കല്ലായി മാറും. 2025ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 33 ലക്ഷത്തോളം വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് യുഎഇ ആതിഥേയത്വം വഹിക്കുന്നതിനാൽ, ഉഭയകക്ഷി ബന്ധത്തിൽ ഒരു കുതിച്ചുചാട്ടത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ.
   Published by:Anuraj GR
   First published: