അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾക്കായി ഇന്ത്യ (India) വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ (Electricity-based Technology) തേടുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി (Union Minister for Road Transport & Highways) നിതിൻ ഗഡ്കരി പറഞ്ഞു. തിരക്കേറിയ നഗരങ്ങളിലും മലയോര പ്രദേശങ്ങളിലും ഇപ്പോഴുള്ള ഗതാഗത മാർഗങ്ങൾക്ക് ബദലായി റോപ്പ് വേകളുടെ വികസനം ഏറ്റെടുക്കാൻ മന്ത്രാലയം പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
റോപ്പ് വേകൾ, കേബിൾ കാർ തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്താൻ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റീഇമാജിനിംഗ് ഇന്ത്യ 2.0 സീരീസിന്റെ ഭാഗമായി 'റീബിൽഡിംഗ് ഇൻഫ്രാസ്ട്രക്ചർ ഫോർ ഇന്ത്യ 2.0' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില യുഎസ് കമ്പനികൾ സാങ്കേതികവിദ്യയുമായി തന്നെ സമീപിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും ചെലവ് കുറഞ്ഞ, വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതിക മാർഗങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി 11 റോപ്വേ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അന്തർദേശീയ വ്യാപാര പാതകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ തുറമുഖങ്ങളെയും ഒപ്പം ഉൾനാടൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം വേഗത്തിലാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി 2,050 കിലോമീറ്റർ ദൈർഘ്യമുള്ള 65 പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധവിമാനങ്ങൾക്കായി ദേശീയ പാതകളിൽ 29 അടിയന്തര ലാൻഡിംഗ് സൗകര്യങ്ങളും ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയെ സംബന്ധിച്ച് ഇവയ്ക്ക് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട് എന്ന് ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ യുഎസ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചു. റോഡ് വികസനത്തിൽ ഇന്ത്യ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുകയാണെന്നും സംയുക്ത സംരംഭങ്ങൾക്ക് വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ വൈദ്യുത ഉത്പാദനത്തെ സർക്കാർ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും വൈദ്യുത ഗതാഗത മാർഗങ്ങൾ ഇന്ത്യക്ക് അത്യാവശ്യമാണെന്നും മനസിലാക്കുന്നതായി ഗഡ്കരി പറഞ്ഞു. വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം യുഎസ് ആസ്ഥാനമായുള്ള കമ്പനികൾക്ക് ഇവി ഫാക്ടറി സാങ്കേതികവിദ്യയെയും റിട്രോഫിറ്റിംഗ് വ്യവസായത്തെയും കുറിച്ചുള്ള ഗവേഷണ വികസന റിപ്പോർട്ടുകളുമായി സർക്കാരിനെ സമീപിക്കാം എന്നും പറഞ്ഞു.
നൂതനമായ സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന കഴിവുറ്റ എഞ്ചിനീയർമാർ ഇന്ത്യയിലും അമേരിക്കയിലും ഉണ്ട്. അതിനാൽ തന്നെ സാങ്കേതിക വിദ്യയുടെ പ്രയോജനം തിരിച്ചറിയാൻ അവർ മുന്നോട്ട് വരികയും സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുകയും ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2024 അവസാനത്തോടെ ഇന്ത്യയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ അമേരിക്കയുടേതിന് തുല്യമാകുമെന്നുള്ളതിൽ തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.