ഇൻഡോർ: ദേശീയഗാനം ഏതെന്ന ആശയക്കുഴപ്പത്തെ തുടർന്ന് ബിജെപി ഭരിക്കുന്ന ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിൽ ദേശീയഗാനം പകുതിയിൽ അവസാനിപ്പിച്ച് ദേശീയഗീതമായ വന്ദേമാതരം ആലപിച്ചു. ബുധനാഴ്ചയാണ് സംഭവം. മുനിസിപ്പൽ കോർപ്പറേഷനിലെ ബജറ്റ് അവതരണത്തിനിടെയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മേയർ മാലിനി ഗൗഡിനെയും വീഡിയോയിൽ കാണാം. കോർപ്പറേഷൻ അംഗങ്ങൾ ആദ്യം ദേശീയ ഗാനം ആലപിക്കുകയായിരുന്നുവെന്നും കുറച്ച് സമയങ്ങൾക്ക് ശേഷം ചില അംഗങ്ങൾ ദേശീയ ഗാനം നിർത്തി വന്ദോമാതരം ആലപിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം കോർപ്പറേഷൻ അംഗങ്ങളിൽ ഒരാളുടെ നാവുപിഴയെ തുടർന്നാണ് തെറ്റ് സംഭവിച്ചതെന്ന് ഇൻഡോർ മുൻസിപ്പൽ ചെയർമാൻ അജയ് സിംഗ് നരൂക പറഞ്ഞു. ആരും മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സംഭവം വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷന്റെ ബജറ്റ് സെഷൻ ആരംഭിക്കുമ്പോൾ ദേശീയ ഗീതവും അവസാനിക്കുമ്പോൾ ദേശീയ ഗാനവും ആലപിക്കാറാണ് പതിവെന്ന് അജയ് പറഞ്ഞു. ദേശീയഗാനം തടസപ്പെടുത്തുകയോ ഇടയ്ക്ക് അവസാനിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.