• HOME
  • »
  • NEWS
  • »
  • india
  • »
  • Waste Management | ഭക്ഷണമാലിന്യം സംസ്കരിക്കാൻ ഹോട്ടലുകൾ പ്രത്യേക സ്ഥലം കണ്ടെത്തണം: ദേശീയ ഹരിത ട്രിബ്യൂണൽ

Waste Management | ഭക്ഷണമാലിന്യം സംസ്കരിക്കാൻ ഹോട്ടലുകൾ പ്രത്യേക സ്ഥലം കണ്ടെത്തണം: ദേശീയ ഹരിത ട്രിബ്യൂണൽ

ഹോട്ടലുകളിൽ നിന്നുമുള്ള ഭക്ഷണമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ

  • Share this:
    ഹോട്ടലുകളിൽ നിന്നുമുള്ള ഭക്ഷണമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ (National Green Tribunal (NGT) ). ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ് സംസ്ഥാനങ്ങൾ നേരിടുന്ന വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചണ്ഡീഗഡിൽ ചേർന്ന യോ​ഗത്തിലാണ് ആവശ്യമുയർന്നത്. ശനിയാഴ്ചയാണ് യോ​ഗം ചേർന്നത്.

    ജസ്റ്റിസ് പ്രീതം പാൽ, ജസ്റ്റിസ് ജസ്ബിർ സിംഗ്, ഉർവശി ഗുലാത്തി, എസ് സി അഗർവാൾ, ബാബുറാം എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ദേശീയ ഹരിത ട്രിബ്യൂണൽ ചെയർപേഴ്സൺ എന്നിവരായിരുന്നു മുഖ്യാതിഥികൾ. മലിനീകരണത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും ജില്ലാ പരിസ്ഥിതി പദ്ധതി നടപ്പാക്കിയതിലൂടെ ഉണ്ടായ നേട്ടങ്ങളും സമ്മേളനത്തിൽ ചർച്ചയായി. ഹോട്ടലുകളിൽ അവശേഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ശേഖരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും സമിതി നിർദ്ദേശിച്ചു. ഗ്രാമങ്ങളിൽ മഴവെള്ള സംഭരണത്തിനായി ഒരു കുളമെങ്കിലും ഉണ്ടായിരിക്കണമെന്നും നിർദേശമുയർന്നു.

    ആശുപത്രികളിൽ നിന്നും പുറന്തള്ളുന്ന ദ്രവരൂപത്തിലുള്ള മലിനജലം സംസ്കരിക്കുന്നതിനും പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടായിരിക്കണം. ഒരു കാരണവശാലും ഇവിടങ്ങളിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാതെ പൊതു അഴുക്കുചാലുകളിലേക്ക് പുറന്തള്ളരുത്. ഇങ്ങനെ ചെയ്യുന്നത് ഇത്തരം പ്ലാന്റുകളുടെ സാധാരണ പ്രവർത്തനത്തെ ബാധിക്കും. മികച്ച പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഒരു ജില്ലയെ എങ്കിലും ഓരോ സംസ്ഥാനവും തിരഞ്ഞെടുക്കണമെന്നും സമ്മേളനത്തിൽ നിർദേശമുയർന്നു.

    ഖരമാലിന്യ സംസ്‌കരണത്തിനും മനുഷ്യശേഷിയുടെ കാര്യക്ഷമമായ ഉപയോ​ഗപ്പെടുത്തലിനും ഊന്നൽ നൽകണമെന്ന് ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ പറഞ്ഞു. ഓരോ കെട്ടിടത്തിൽ നിന്നും ശേഖരിക്കുന്ന മഴവെള്ളം തിട്ടപ്പെടുത്തി രേഖപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശം ഉയർന്നു.

    ഭൂഗർഭജലനിരപ്പ് കുറയുന്നതിലുള്ള ആശങ്ക ഉന്നയിക്കുന്നതോടൊപ്പം പൊതുജനങ്ങളിൽ ഇതേക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കണമെന്നും യോ​ഗത്തിൽ ആവശ്യം ഉയർന്നു. റസിഡന്റ് വെൽഫെയർ അസോസിയേഷനുകളും മറ്റ് സിവിൽ സൊസൈറ്റികളും പരിസ്ഥിതി സംരക്ഷണത്തിലുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും യോ​ഗം ആവശ്യപ്പെട്ടു.

    ദേശീയ ഹരിത ട്രിബ്യൂണൽ

    പരിസ്ഥിതികാര്യങ്ങൾക്കായുള്ള ഇന്ത്യയിലെ പ്രത്യേക കോടതിയാണ് ദേശീയ ഹരിതട്രൈബ്യൂണൽ. പരിസ്ഥി കാര്യങ്ങൾക്കായി പ്രതേക കോടതിയുള്ള മൂന്നാമത്തെ രാജ്യമെന്ന പദവിയും ഇന്ത്യക്ക് ട്രിബ്യൂണലിന്റെ രൂപീകരണത്തോടെ സ്വന്തമായിരുന്നു.

    പരിസ്ഥിതി വിഷയങ്ങളിൽ ദേശീയ ഹരിത ട്രിബ്യൂണലിന്‌ സ്വമേധയാ കേസെടുക്കാനും നടപടി സ്വീകരിക്കാനും അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുംബൈ കോർപ്പറേഷനും ദേശീയ ഹരിത ട്രൈബ്യൂലുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിലെ ക്വാറി ഉടമകൾക്ക് കൂടി ബാധകമാകുന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്കരണത്തിനെതിരെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്. കത്തുകൾ, മാധ്യമ വാർത്തകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ സ്വമേധയാ കേസുമായി മുന്നോട്ട് പോകാമെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
    First published: