ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇവിടെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യവും നല്‍കുന്നുണ്ട്. അതിനുദാഹരണമാണ് ദേശീയ സമ്മതിദായക ദിനാഘോഷം. എല്ലാ വര്‍ഷവും ജനുവരി 25നാണ് രാജ്യത്ത് ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നത്.
രാഷ്ട്രീയ പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വോട്ട് ചെയ്യാന്‍ അര്‍ഹരായ പുതിയ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടിംഗ് തിരിച്ചറിയല്‍ രേഖയും ഈ ദിവസത്തോടനുബന്ധിച്ചാണ് ലഭിക്കുന്നത്. ഈ ദിനാചരണത്തിന്റെ മറ്റ് പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സമ്മതിദായക ദിനാചരണത്തിന് പിന്നിലെ ചരിത്രം
2011 മുതലാണ് ജനുവരി 25 രാജ്യത്ത് സമ്മതിദായക ദിനമായി ആചരിച്ച് തുടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു ഈ ദിനാചരണത്തിന്റെ ലക്ഷ്യം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിംഗായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഡോ. മന്മോഹന് സിംഗിന്റെ കീഴില്‍ കേന്ദ്ര മന്ത്രിമാര്‍ യോഗം ചേരുകയും, വോട്ട് ചെയ്യാന്‍ അര്‍ഹരായ യുവാക്കള്‍ സ്വയം വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിക്കുന്ന പ്രശ്നം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് 18 വയസ്സ് തികഞ്ഞ യുവാക്കളെ തിരിച്ചറിയുന്നതിനും, അവരെ ബോധവത്കരിക്കുന്നതിനും അവര്‍ക്ക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) നല്കുന്നതിനുമായി ദേശീയ സമ്മതിദായക ദിനം ആചരിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചു. 1950 ജനുവരി 25ന് തിരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപിതമായതിന്റെ സ്മരണയ്ക്കായിട്ടാണ് എല്ലാ വര്‍ഷവും ഈ ദിവസം ദേശീയ സമ്മതിദായക ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് ആര് ഭരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ജനങ്ങള്‍ക്കാണ് എന്ന് തെളിയിക്കുക എന്നതായിരുന്നു ഈ ദിനാഘോഷത്തിലൂടെ അധികൃതർ ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ ഭാവി നിശ്ചയിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടിയെയും പ്രത്യേയ ശാസ്ത്രത്തെയും തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അധികാരം ജനങ്ങള്‍ക്കാണെന്ന് തെളിയിക്കുകയാണ് ഈ ദിനത്തിലൂടെ. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്തില്‍ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു.
ദേശീയ സമ്മതിദായക ദിനത്തിന്റെ പ്രമേയം
തെരഞ്ഞെടുപ്പുകള്‍ സമഗ്രവും പങ്കാളിത്തത്തോടെയുള്ളതുമാക്കുക എന്നതാണ് 2023ലെ സമ്മതിദായക ദിനത്തിന്റെ പ്രധാന പ്രമേയം. കൂടുതല്‍ ജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുക എന്നത് തന്നെയാണ് അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.
പ്രായപൂര്‍ത്തി വോട്ടവകാശം നേടിയ പുതിയ വോട്ടര്‍മാര്‍ക്ക് ജനാധിപത്യ സംവിധാനത്തെപ്പറ്റിയും തെരഞ്ഞെടുപ്പിനെപ്പറ്റിയും ബോധവല്‍ക്കരണം നടത്തുകയെന്നതും ഈ ദിനാഘോഷത്തിന്റെ ലക്ഷ്യമാണ്.
എല്ലാവര്‍ഷവും മികച്ച രീതിയിലാണ് സമ്മതിദായക ദിനം ആചരിക്കുന്നത്. ദേശീയ സമ്മതിദായക ദിനത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള പരിപാടികളാണ് രാജ്യത്തുടനീളം നടത്തുന്നത്. സമ്മതിദായകദിന പ്രതിജ്ഞ, വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തിട്ടുള്ള യുവവോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, സംസ്ഥാനതലത്തിലും ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ദിനാചരണത്തിന്റെ ഭാഗമായി പൊതുപരിപാടികള്‍ സംഘടിപ്പിച്ച് പുതുതായി വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്ത യുവവോട്ടര്‍മാരെ അനുമോദിക്കുക, തുടങ്ങിയവയാണ് ദേശീയ സമ്മതിദായക ദിനത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.