പഞ്ചാബ് പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് നവജ്യോത് സിംഗ് സിദ്ദു(Navjot Singh Sidhu). അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് പ്രസിഡന്റുമാരോട് സോണിയ ഗാന്ധി ( Sonia Gandhi)രാജി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സിദ്ദുവിന്റെ നടപടി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് പ്രസിഡന്റുമാരോട് സോണിയ രാജി ആവശ്യപ്പെട്ടത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് ചൊവ്വാഴ്ച്ചയാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടത്. ന്യൂഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു തീരുമാനം.
Also Read-
തെരഞ്ഞെടുപ്പ് തോൽവി: അഞ്ചു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷൻമാരും രാജിവെക്കണമെന്ന് സോണിയ ഗാന്ധി
അതേസമയം, സോണിയ ഗാന്ധി ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ ഉത്തരാഖണ്ഡ്, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരായ ഗണേഷ് ഗോഡിയാൽ, ഗിരീഷ് ചോഡൻകർ, അജയ് കുമാർ ലല്ലു എന്നിവർ രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു നീക്കം.
Also Read-
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് നവജ്യോത് സിംഗ് സിദ്ദു
കഴിഞ്ഞ വർഷം ജുലൈയിലാണ് പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷനായി സിദ്ദു ചുമതലയേൽക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായിരുന്നു പഞ്ചാബ്. പക്ഷേ, നാണംകെട്ട തോല്‍വിയാണ് ഇവിട കോൺഗ്രസ് ഏറ്റുവാങ്ങിയത്. സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവരും പരാജയപ്പെട്ടു.
അതേസമയം, കോൺഗ്രസിനുള്ളിൽ മാറ്റം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജി 23 നേതാക്കൾ. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മോശം പ്രകടനത്തിന് ശേഷം നേതൃത്വത്തിൽ മാറ്റം വേണമെന്ന ശക്തമാക്കാനാണ് ജി 23 നേതാക്കളുടെ നീക്കം.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോൺഗ്രസിനുണ്ടായത്. അധികാരമുണ്ടായിരുന്ന പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ അടിതെറ്റി വീണു. ഗോവയിലും മണിപ്പൂരിലും ഉണ്ടായിരുന്ന സ്വാധീനം നാമമാത്രമായി ചുരുങ്ങി. അഞ്ചു സംസ്ഥാനങ്ങളിലായി 690 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. വിജയിച്ചത് വെറും 55 സീറ്റുകളിൽ മാത്രം. യുപിയിൽ 403 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ലീഡ് പിടിക്കാനായത് 3 സീറ്റുകളിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.