പഞ്ചാബിലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച് നവ്ജ്യോത് സിംഗ് സിദ്ദു (Navjot Singh Sidhu). തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് AAPയുടെ ജീവൻ ജ്യോത് കൗറിനോട് 5,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു.
ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നതായി സിദ്ദു പറഞ്ഞു. "ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്.... പഞ്ചാബിലെ ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു.... AAPന് അഭിനന്ദനങ്ങൾ !!!" ഒരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
The voice of the people is the voice of God …. Humbly accept the mandate of the people of Punjab …. Congratulations to Aap !!!
ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിയതും സിദ്ധുവുമായുള്ള ദീർഘകാല പിണക്കത്തിന് ശേഷം കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് അദ്ദേഹം അപ്രതീക്ഷിതമായി പുറത്തുകടന്നതും അഭൂതപൂർവവുമായ നവീകരണത്തിന് കാരണമായി. സിങ്ങിന്റെ പകരക്കാരനായി മുഖ്യമന്ത്രി ചന്ദ്രജിത് സിംഗ് ചന്നിയെ കൊണ്ടുവരികയും, (പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി) സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കുകയും ചെയ്തു.
സിദ്ദുവും ചന്നിയും തമ്മിലുള്ള ബന്ധം വഷളായതോടെ വാർത്തകളിൽ ഇടംനേടുകയും കോൺഗ്രസിലെ ചേരിപ്പോർ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമാവുകയും ചെയ്തു.
മുമ്പ് പഞ്ചാബിന്റെ ടൂറിസം, സാംസ്കാരികകാര്യ മന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള സിദ്ദു, അകാലിദളിന്റെ ബിക്രം സിംഗ് മജിതിയ, ഭാരതീയ ജനതാ പാർട്ടിയുടെ ജഗ്മോഹൻ സിംഗ് രാജു എന്നിവർക്കെതിരെയും മത്സരിച്ചിരുന്നു.
ആർ.എൽ. ഭാട്ടിയ എന്നറിയപ്പെടുന്ന കോൺഗ്രസ് നേതാവായ രഘുനന്ദൻ ലാൽ ഭാട്ടിയയെ പരാജയപ്പെടുത്തി 2004-ൽ ബി.ജെ.പി. ടിക്കറ്റിൽ അമൃത്സറിൽ നിന്ന് സിദ്ദു ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ നരഹത്യക്കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്ന് സിദ്ദു ലോക്സഭാംഗത്വം രാജിവച്ചിരുന്നു. 1988-ലെ റോഡ് അപകടവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരനാവുകയും ചെയ്തു.
2009ൽ കോൺഗ്രസിലെ സുരീന്ദർ സിംഗ്ലയെ 77,626 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014ൽ ലോക്സഭയിലേക്ക് മത്സരിച്ചില്ലെങ്കിലും പിന്നീട് 2016 ഏപ്രിലിൽ നരേന്ദ്ര മോദി സർക്കാർ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നിയമിച്ചു.
2016 ജൂലൈയിൽ അദ്ദേഹം രാജ്യസഭാംഗത്വവും, സെപ്റ്റംബറിൽ ബിജെപിയിൽ നിന്നും രാജിവച്ചു.
പിന്നീട് അകാലിദൾ എം.എൽ.എ. പർഗത് സിങ്ങിനും മറ്റ് ചില നേതാക്കൾക്കും ഒപ്പം ചേർന്ന് അദ്ദേഹം ആവാസ്-ഇ-പഞ്ചാബ് ഫ്രണ്ട് (എഇപി) സ്ഥാപിച്ചു. എന്നാൽ അത് വൈകാതെ ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് 2017 ജനുവരിയിൽ സിദ്ദു കോൺഗ്രസിൽ ചേർന്നു. 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് 42,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചു.
കോൺഗ്രസിൽ ചേർന്നപ്പോൾ, തന്റെ വേരുകളിലേക്ക് തിരിച്ചുവന്ന 'ജന്മനായുള്ള കോൺഗ്രസുകാരനാണ്' താനെന്ന് സിദ്ദു അവകാശപ്പെട്ടു.
2019-ൽ അന്നത്തെ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള തർക്കത്തിനിടെ അദ്ദേഹം പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ജൂൺ 10 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൈമാറിയതായി അവകാശപ്പെട്ട് ജൂലൈ 14 ന് തന്റെ രാജിയുടെ പകർപ്പ് സിദ്ദു ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
2021 ജൂലൈയിൽ സുനിൽ കുമാർ ജാഖറിന്റെ പിൻഗാമിയായി പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹത്തെ നിയമിച്ചു. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അദ്ദേഹം കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ രാജി നിരസിക്കുകയായിരുന്നു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.