• HOME
 • »
 • NEWS
 • »
 • india
 • »
 • NCERT പാഠപുസ്തകങ്ങൾ വിമർശിക്കപ്പെടുന്നതിന് കാരണം വസ്തുതകളുടെ പിൻബലമില്ലായ്മ: സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി

NCERT പാഠപുസ്തകങ്ങൾ വിമർശിക്കപ്പെടുന്നതിന് കാരണം വസ്തുതകളുടെ പിൻബലമില്ലായ്മ: സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി

"എൻ‌സി‌ഇ‌ആർ‌ടി പാഠപുസ്തകങ്ങളുടെ ഭാഗങ്ങൾ, പ്രത്യേകിച്ച് ചരിത്രവുമായി ബന്ധപ്പെട്ടവ, വിമർശിക്കപ്പെടുന്നത് അവ പൂർണ്ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നതിനാലാണ് "

Back-to-school

Back-to-school

 • Share this:
  പൂർണ്ണമായും വസ്തുതകളെ (Facts) അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാലാണ് എൻ‌സി‌ഇ‌ആർ‌ടി (NCERT) പാഠപുസ്തകങ്ങളുടെ പല ഭാഗങ്ങളും വിമർശിക്കപ്പെടുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി അനിത കർവാൾ പറഞ്ഞു. തിങ്കളാഴ്ച നടന്ന, പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ചുള്ള ദേശീയ സംവാദത്തിൽ പങ്കെടുക്കവെയാണ് അവർ തന്റെ അഭിപ്രായം പങ്കുവെച്ചത്. "എൻ‌സി‌ഇ‌ആർ‌ടി പാഠപുസ്തകങ്ങളുടെ ഭാഗങ്ങൾ, പ്രത്യേകിച്ച് ചരിത്രവുമായി ബന്ധപ്പെട്ടവ, വിമർശിക്കപ്പെടുന്നത് അവ പൂർണ്ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നതിനാലും അവ അഭിപ്രായങ്ങളോ വാദമുഖങ്ങളോ ആണ് അവതരിപ്പിക്കുന്നത് എന്നതിനാലുമാണ്", കർവാൾ പറഞ്ഞു.

  രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം നിലവിൽ കുട്ടികളിൽ വാദം, വസ്തുത, അഭിപ്രായം എന്നിവ തമ്മിൽ വേർതിരിച്ചറിയാനുള്ള ശേഷി വികസിപ്പിക്കാൻ പര്യാപ്തമല്ലെന്ന് മുൻ സിബിഎസ്ഇ ചെയർപേഴ്‌സണും സ്‌കൂൾ വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഏറ്റവും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയുമായ കർവാൾ പറഞ്ഞു.

  “ശാസ്ത്രപഠനം നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു മേഖലയാണ്. വിമർശനാത്മകമായ ചിന്തയുടെ മേഖലയാണ് അത്. ഭാഷാപരമായ വിഷയങ്ങളിലും ചില എൻസിഇആർടി പുസ്തകങ്ങളെ ആളുകൾ വിമർശിക്കുന്നുണ്ട്. അതിൽ എഴുതിയിട്ടുള്ള ചില കാര്യങ്ങളോടാണ് എതിർപ്പ്. അവ യഥാർത്ഥത്തിൽ അഭിപ്രായങ്ങളോ വാദമുഖങ്ങളോ മാത്രമാണ്, അവ വസ്തുതകളല്ല. അതുകൊണ്ടാണ് അവ വിമർശിക്കപ്പെടുന്നത്. പ്രത്യേകിച്ചും നമ്മുടെ ചരിത്ര പാഠപുസ്തകങ്ങൾ ഇതിന്റെ പേരിൽ വലിയ വിമർശനം നേരിട്ടിട്ടുണ്ട്. ഈ ചരിത്ര പുസ്തകങ്ങൾ പൂർണ്ണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. അവ അഭിപ്രായങ്ങളെയും വാദങ്ങളെയും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. സമൂഹത്തിന് മുമ്പിൽ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പ് ഒരു കുട്ടിക്ക് ഇതെല്ലാം വേർതിരിച്ചറിയാനും ഒരു നിഗമനത്തിലെത്താനും കഴിയണം. ഇത് നാമെല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്”, കർവാൾ പറഞ്ഞു.

  ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ‌സി‌എഫ്) പരിഷ്‌ക്കരിക്കുന്ന ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുമായി വിദഗ്ധർ അടങ്ങുന്ന 25 സംഘങ്ങൾ നടത്തിയ ചർച്ചയ്ക്കിടയിലാണ് കാർവാൾ ഈ പരാമർശങ്ങൾ നടത്തിയത്. ഇന്ത്യയെ കുറിച്ചുള്ള അറിവ് മുതൽ ഗണിതശാസ്ത്ര വിദ്യാഭ്യാസം വരെയുള്ള മേഖലകളെ പ്രതിനിധീകരിക്കുന്ന വിവിധ ഗ്രൂപ്പുകളെ മെയ് 15 നകം പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചുള്ള പൊസിഷൻ പേപ്പർ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

  നിലവിൽ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ചരിത്രം "ആത്മനിഷ്‌ഠമാണ്, വസ്തുനിഷ്ഠമല്ല" എന്നാണ് സാമൂഹ്യ ശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ റിട്ടയേർഡ് പ്രൊഫസർ സി ഐ ഐസക്കിന്റെ അഭിപ്രായം. ഭരണഘടനയുടെ ആദ്യ അനുച്ഛേദത്തിൽ രാജ്യത്തിന്റെ പേര് വിവരിക്കുന്ന ക്രമം തിരുത്തിക്കൊണ്ടാകണം മാറ്റത്തിന്റെ തുടക്കമെന്നും അദ്ദേഹം പറഞ്ഞു.

  ഭരണഘടനയുടെ ആദ്യ അനുച്ഛേദം പറയുന്നത് "ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ ആയിരിക്കും" എന്നാണ്. “കുട്ടികളെ നമ്മൾ ആദ്യം ഭാരതം എന്ന് പഠിപ്പിക്കണം, പിന്നീട് വേണം ഇന്ത്യ എന്ന് പഠിപ്പിക്കാൻ. കുട്ടികളെ സാമൂഹിക ശാസ്ത്രം പഠിപ്പിക്കേണ്ടത് വളരെ ക്രിയാത്മകമായിട്ടായിരിക്കണം. നിലവിൽ, സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, നമ്മുടെ ചരിത്രം വസ്തുനിഷ്ഠമല്ല, മറിച്ച് ആത്മനിഷ്ഠമാണ്. യുദ്ധത്തിലെ തോൽവികളിൽ ഇന്ത്യയുടേയും ഹിന്ദുക്കളുടെയും പരാജയങ്ങളാണ് സ്കൂൾ പാഠ്യ പദ്ധതിയുടെ പ്രധാന വിഷയം. മുഹമ്മദ് ഘോറിയെ കുറിച്ചും അയാളുടെ വിജയങ്ങളെക്കുറിച്ചും നിങ്ങൾക്ക് കേൾക്കാൻ കഴിയും. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന് നമ്മളെല്ലാം പറയാറുണ്ട്, അല്ലേ? എന്നാൽ ആരാണ് അദ്ദേഹത്തെ മഹാനാക്കിയത്? ഗ്രീക്കുകാർക്ക് അലക്സാണ്ടർ മഹാനാണ്. എന്നാൽ, ഇന്ത്യയ്‌ക്കോ ഭാരതീയർക്കോ അങ്ങനെ ആണോ? ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ സാമൂഹ്യ ശാസ്ത്രത്തിനുള്ള ഫോക്കസ് ഗ്രൂപ്പിന്റെ യോഗങ്ങളിൽ ഞങ്ങൾ ചർച്ച ചെയ്തുവരുന്നുണ്ട്", അദ്ദേഹം പറഞ്ഞു.

  Also Read- Mask | മാസ്‌ക് ഉപയോഗം തുടരണം; ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

  കശ്മീർ ഫയൽസ് എന്ന സിനിമയും ചർച്ചയ്ക്കിടയിൽ വിഷയമായി. “ഇന്ന് രാവിലെ 'കാശ്മീർ ഫയൽസി'ന്റെ ക്ലിപ്പ് മെയിലിൽ കാണാനിടയായി. വസ്തുതകളെ മറച്ചുപിടിക്കലും തെറ്റായി ചിത്രീകരിക്കലുമാണ് എത്രയോ കാലങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ പോലും ഇതാണ് സംഭവിച്ചത്. ഈ രീതി അവസാനിക്കാൻ പോവുകയാണെന്നാണ് ഞാൻ കരുതുന്നത്. കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കും. അതിശയോക്തിപരമായ ഒരു പ്രസ്താവനയും ഞങ്ങൾ ഒരിക്കലും നടത്തില്ല. അത് വിപരീത ഫലമായിരിക്കും ചിലപ്പോൾ ഉണ്ടാക്കുക", ഐഐടി ബോംബെയിൽ നിന്നുള്ള പ്രൊഫസർ കെ രാമസുബ്രഹ്മണ്യനും പറഞ്ഞു.

  എൻസിഎഫ് പരിഷ്കരണ പ്രവർത്തനങ്ങൾക്കായുള്ള 12 അംഗ ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയെ നയിക്കുന്നത് മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗൻ ആണ്. 2005ൽ യുപിഎ സർക്കാരിന്റെ കീഴിലും അതിനുമുമ്പ് 1975, 1988, 2000 വർഷങ്ങളിലുമാണ് എൻസിഎഫ് അവസാനമായി പരിഷ്കരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ, ബിജെപി എംപി വിനയ് പി സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള ഒരു രാജ്യസഭാ സമിതി സഭയിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. പക്ഷപാതം ഇല്ലാതെ പുസ്തകങ്ങൾ തയ്യാറാക്കാൻ സാഹചര്യം ഒരുക്കുക, സ്കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രാതിനിധ്യം പുനപരിശോധിക്കുക, വേദങ്ങളിൽ നിന്നുള്ള പുരാതന ജ്ഞാനവും അറിവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നത്.
  Published by:Anuraj GR
  First published: