ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ സി പി) നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരത് പവാറിന്‍റെ വീട്ടിലെത്തിയ രാഹുൽ ഗാന്ധി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ വൻ തോൽവിക്ക് ശേഷം അധ്യക്ഷസ്ഥാനം രാജി വെക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ ഗാന്ധി. തന്‍റെ വസതിയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവായ ഷീല ദീക്ഷിതിനെ പോലും നേരിൽ കാണാൻ രാഹുൽ ഗാന്ധി അനുമതി നൽകിയിരുന്നില്ല.
അതേസമയം, ശരത് പവാറിന്‍റെ വസതിയിലേക്ക് അദ്ദേഹത്തെ കാണാനെത്തിയ രാഹുൽ ഗാന്ധി ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാൻ ശരത് പവാറും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
നേട്ടങ്ങളുടെ നെറുകയിൽ നരേന്ദ്ര മോദി
1999ൽ എൻ സി പിയിൽ എത്തുന്നതിനു മുമ്പ് ശരത് പവാറും കോൺഗ്രസിൽ ആയിരുന്നു. കോൺഗ്രസ് നേതൃത്വം നൽകിയ യു പി എ സർക്കാരിൽ അംഗവുമായിരുന്നു. നേരത്തെ, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അദ്ദേഹത്തെ വസതിയിൽ സന്ദർശിച്ചിരുന്നു. സോണിയ ഗാന്ധിയും ആ സമയത്ത് രാഹുലിന്‍റെ വസതിയിൽ ഉണ്ടായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറരുതെന്ന് എച്ച് ഡി കുമാരസ്വാമിയും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
ജൂൺ ഒന്നിനാണ് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി മീറ്റിംഗ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം പിമാർ അന്നാണ് തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.