മുംബൈ: മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരത് പവാർ സുഖം പ്രാപിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. പിത്തസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കാണ് പവാർ വിധേയനായത്. കല്ല് വിജയകരമായി നീക്കം ചെയ്തതിനാൽ പവാറിന് ഇനി വയറുവേദനയിൽ നിന്ന് മോചനം ലഭിക്കുമെന്നും ശരത് പവാർ ഉടൻ പൂർണ്ണമായും ആരോഗ്യ സ്ഥിതി വീണ്ടെടുക്കുമെന്നും തോപെ പറഞ്ഞു.
തിങ്കളാഴ്ച കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പിത്തസഞ്ചിയിൽ കല്ല് ഉണ്ടെന്ന് കണ്ടെത്തിയത്. ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എൻഡോസ്കോപ്പി വഴിയാണ് കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം എൻ.സി.പി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായും മാലിക് അറിയിച്ചിരുന്നു.
Also Read-
Covid 19| സംസ്ഥാനത്ത് ഇന്ന് 2653 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.37പിത്തസഞ്ചിയിൽ കല്ലുകൾ ഉണ്ടായിരുന്നതിനാൽ അതിലൊന്ന് പിത്തരസ നാളിയിലേയ്ക്ക് വീണിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന് കടുത്ത വയറുവേദന, നടുവേദന, മഞ്ഞപ്പിത്തം എന്നിവ അനുഭവപ്പെട്ടതെന്ന് പവാറിനെ പ്രവേശിപ്പിച്ച ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ. അമിത് മെയ്ദിയോ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. എൻഡോസ്കോപ്പിയിലൂടെ കല്ല് നീക്കം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
പവാറിനെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി രേഖപ്പെടുത്തി മകൾ സുപ്രിയ സുലെ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഡോ. മെയ്ദിയോ, ഡോ. ഗോൽവാല, ഡോ. പ്രധാൻ, ഡോ. ഡാഫ്റ്ററി, ഡോ. സാംദാനി, ഡോ. ടിബ്രവാല, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ ടീം എന്നിവർക്ക് നന്ദി എന്നാണ് സുപ്രിയ സുലെ ട്വീറ്റ് ചെയ്തത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും തോപെയ്ക്കും ഡോക്ടർമാരുടെ സംഘത്തിനുമൊപ്പം നിൽക്കുന്ന ചിത്രവും സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ട്വീറ്റും സുപ്രിയ പങ്കുവച്ചിരുന്നു, “സുപ്രഭാതം! എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും മുഴുവൻ ടീം ബ്രീച്ച് കാൻഡി ഹോസ്പിറ്റലിനും നന്ദി. പവാർ സാഹിബ് തന്റെ പ്രഭാത പത്ര വായനയിലാണെന്നും ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ആശുപത്രി കിടക്കയിൽ ഇരുന്ന് പവാർ പത്രം വായിക്കുന്ന ചിത്രവും സുപ്രിയ പങ്കുവച്ചു. കാൻസറിനെ മറികടന്ന് എത്തിയ ഇദ്ദേഹം 2004ലും ഇതേ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് ശരത് പവാർ.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്നലെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.