കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍ ഡല്‍ഹി പോലീസിനും ട്വീറ്ററിനും നിര്‍ദ്ദേശം നല്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് (NCPCR).
ശ്മശാനത്തില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ പോക്സോ നിയമപ്രകാരം ഇരയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടെന്നു കാണിച്ചാണ് ബാലാവകാശ സംരക്ഷണ കമ്മീഷന് രംഗത്തെത്തിയിരിയ്ക്കുന്നത്. പോക്സോ നിയമത്തിന്റെ സെക്ഷന്‍ 23 പ്രകാരവും ഐപിസി 228 എ പ്രകാരവും രാഹുലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പീഢനത്തിനിരയായ കുട്ടിയുടെ കുടുംബാംഗങ്ങളെ പൊതുവേദിയില്‍ വെളിപ്പെടുത്തുന്ന ചിത്രം പങ്കുവച്ചതിലൂടെ പോക്സോ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുകയാണ് രാഹുല്‍ ചെയ്തത്. അക്കാരണത്താല്‍ ഫോട്ടോ നീക്കം ചെയ്യാന്‍ NCPCR ട്വിറ്ററോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമെ ഫോട്ടോ പങ്കുവച്ചതിന് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു അഭിഭാഷകനും ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചപ്പോള്‍ കുടുംബത്തിനു നീതി കിട്ടണമെന്ന് മാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. നീതി കിട്ടും വരെ അവര്‍ക്കൊപ്പം തുടരും, രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡല്‍ഹി നങ്കലിലാണ് ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം നടന്നത്. നങ്കലിലെ ശ്മശാനത്തോട് ചേര്‍ന്ന വാടക വീട്ടിലാണ് പെണ്‍കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. സമീപത്തെ മൈതാനത്ത് കളിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ ശ്മശാനത്തിലെ വാട്ടര്‍ കൂളര്‍ തേടിയെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ തിരക്കിയിറങ്ങിയ അമ്മയോട് പിന്നാലെയെത്തിയ ശ്മശാന പുരോഹിതന് കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കരുതെന്നും അറിയിച്ചാല്‍ അവര്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്നും അവയവങ്ങള്‍ മോഷ്ടിക്കുമെന്നും പുരോഹിതന് അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്നെ കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തില്‍ പ്രതിഷേധം ശക്തമായ അവസരത്തില്‍ 4 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പുരോഹിതന് രാധേ ശ്യാം , കുല്‍ദീപ് കുമാര്‍, ലക്ഷ്മി നാരായണ്‍, മുഹമ്മദ് സലിം എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pocso act, Rahul gandhi, Twitter