• HOME
 • »
 • NEWS
 • »
 • india
 • »
 • Jhula Accident | 50 അടി ഉയരത്തിൽ നിന്നും ആകാശ ഊഞ്ഞാൽ തകർന്നു വീണു; അഞ്ചു പേരുടെ നില ഗുരുതരം

Jhula Accident | 50 അടി ഉയരത്തിൽ നിന്നും ആകാശ ഊഞ്ഞാൽ തകർന്നു വീണു; അഞ്ചു പേരുടെ നില ഗുരുതരം

മേളയുടെ സംഘാടകർക്കെതിരെ നാട്ടുകാർ രം​ഗത്തെത്തി. യാതൊരു സുരക്ഷാ മുൻ കരുതലുകളും സ്വീകരിക്കാതെയാണ് മേള നടത്തിയതെന്നാണ് ഇവരുടെ ആരോപണം.

 • Last Updated :
 • Share this:
  പഞ്ചാബിലെ മൊഹാലിയിൽ ആകാശ ഊഞ്ഞാൽ തകർന്നു വീണു. അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. അൻപതു പേരുമായി അൻപതടി ഉയരത്തിൽ കറങ്ങിക്കൊണ്ടിരുന്ന ആകാശ ഊഞ്ഞാൽ ആണ് തകർന്നു വീണത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള‍വർ‍ സംഘത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊഞ്ഞാൽ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആകാശ ഊഞ്ഞാൽ താഴെ വീണ ഉടൻ പലരും കസേരയിൽ നിന്ന് തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

  മേളയുടെ സംഘാടകർക്കെതിരെ നാട്ടുകാർ രം​ഗത്തെത്തി. യാതൊരു സുരക്ഷാ മുൻ കരുതലുകളും സ്വീകരിക്കാതെയാണ് മേള നടത്തിയതെന്നാണ് ഇവരുടെ ആരോപണം. ''ആരും മരിച്ചിട്ടില്ലെന്നാണ് സംഘാടക അധികൃതർ പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? ഇങ്ങനെയുള്ള അപകടങ്ങൾ നടന്നാൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം. ആ ഉറപ്പില്ലാതെ എങ്ങനെയാണ് ഈ ബിസിനസ് നടത്തുന്നത്?'' നാട്ടുകാരിലൊരാൾ ചോദിച്ചു.


  സെപ്തംബർ 4 വരെ പരിപാടി സംഘടിപ്പിക്കാൻ മേളയുടെ സംഘാടകർക്ക് ആദ്യം അനുമതിയുണ്ടായിരുന്നത്. പിന്നീട് സെപ്തംബർ 11 വരെ സമയപരിധി നീട്ടിയതായി അറിയിക്കുന്ന ബോർഡ് ഇവർ സ്ഥാപിച്ചിരുന്നു. ''സെപ്തംബർ 11 വരെ അവർക്ക് ഷോ സംഘടിപ്പിക്കാനുള്ള അനുമതിയുണ്ടായിരുന്നു എന്നാണ് ഞങ്ങൾ കരുതിയിരുത്. സംഘാടകരുടെ ഭാ​ഗത്ത് എന്തെങ്കിലും അനാസ്ഥയുണ്ടെന്നു തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കും'', ഡിഎസ്പി ഹർസിമാൻ സിംഗ് ബാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

  സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

  റഷ്യയിൽ ഊഞ്ഞാലിൽ നിന്ന് 6,300 അടി താഴ്ച്ചയിലേക്ക് വീണ യുവതികൾ നേരിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത മുൻപ് പുറത്തു വന്നിരുന്നു. റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ സുലക് മലയിടുക്കിലാണ് അപകടമുണ്ടായത്. രണ്ട് യുവതികൾ ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുമ്പോൾ വലിയ താഴ്ച്ചയിലേക്ക് വീഴുന്ന ഭയാനകമായ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഊഞ്ഞാലിന്റെ ഒരു ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണം. ഇത്രയും ഉയരത്തിലുള്ള ഊഞ്ഞാലിൽ ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്ന കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു., ഇരുവരും നേരിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഇത്തരത്തിൽ സാഹസികമായ ഊഞ്ഞാൽ ഉപയോ​ഗിക്കുമ്പോഴുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അതിനാലാണ് യുവതികൾക്ക് അപകടം സംഭവിച്ചത് എന്നും ഡാഗെസ്താനിലെ ടൂറിസം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം വിനോദ മാ‍ർ​ഗങ്ങളിൽ ആളുകളുടെ ജീവനും ആരോഗ്യവും അപകടപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി നിയമ നിർവ്വഹണ ഏജൻസികളും മറ്റും ആവശ്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഊഞ്ഞാൽ ഏറ്റവും ഉയരത്തിൽ ആയിരിക്കുമ്പോൾ യുവതികൾ വഴുതിപ്പോയിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു എന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
  Published by:Amal Surendran
  First published: