ലോകത്തിലെ ഏറ്റവും വലുപ്പമുള്ള റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. ഇവിടെ വിവിധതരം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ സർവീസിനായി ഉപയോഗിക്കുന്നുണ്ട്. ഓരോ ട്രെയിനും അതിന്റെ മുൻഗണനാ നിലവാരത്തെ അടിസ്ഥാനമാക്കി തരം തിരിച്ചിരിക്കുന്നു. രാജധാനി, ശതാബ്ദി ട്രെയിനുകളും അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേ ഭാരതുമൊക്കെ രാജ്യത്തെ ഏറ്റവും മുന്തിയ വിഭാഗത്തിലുള്ള ട്രെയിനുകളാണ്. രാജധാനി ട്രെയിനുകൾക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നതെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ ഓടുന്ന മറ്റ് ട്രെയിനുകൾക്ക് വഴിയൊരുക്കുന്നതിന് ചിലപ്പോൾ അവ പിടിച്ചിടാറുണ്ട്.
ട്രെയിൻ അപകടസമയത്ത്, അപകടസ്ഥലത്ത് വൈദ്യസഹായം എത്തിക്കുന്നതിന് ഓടിക്കുന്ന ആക്‌സിഡന്റ് റിലീഫ് മെഡിക്കൽ എക്യുപ്‌മെന്റ് (ARME) ട്രെയിൻ നിർണായക പങ്ക് വഹിക്കുന്നു. രാജധാനി, ശതാബ്ദി എന്നിവയെക്കാളും ഉയർന്ന മുൻഗണനയുള്ള ട്രെയിനായി ഇത് കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഇന്ത്യൻ റെയിൽവേ വളരെ പ്രാധാന്യം നൽകുന്നു. അപകടമുണ്ടായാൽ, ട്രാക്കിലുള്ള മറ്റ് ട്രെയിനുകൾ പിടിച്ചിട്ട് മുൻഗണനാ നിലവാരം പരിഗണിക്കാതെ, അപകടസ്ഥലത്തെ യാത്രക്കാർക്ക് വേഗത്തിലുള്ളതും ഫലപ്രദവുമായ വൈദ്യസഹായം ഉറപ്പാക്കാൻ ARME ട്രെയിനെ കടത്തിവിടാറുണ്ട്.
ഇന്ത്യൻ രാഷ്ട്രപതിക്കായി റിസർവ് ചെയ്തിരിക്കുന്ന ട്രെയിനിന് ഇന്ത്യൻ റെയിൽവേയും ഉയർന്ന മുൻഗണന നൽകുന്നു. മുന്നിൽ ഓടുന്ന എല്ലാ ട്രെയിനുകളും നിർത്തി രാഷ്ട്രപതിയുടെ ട്രെയിനിന് കടന്നുപോകാൻ വഴിയൊരുക്കുന്നത് ഒരു പ്രോട്ടോക്കോൾ ആണ്. എന്നിരുന്നാലും, റെയിൽ വഴിയുള്ള യാത്രയേക്കാൾ കൂടുതൽ വിമാനത്തിൽ യാത്ര ചെയ്യാനാണ് രാഷ്ട്രപതി ഇപ്പോൾ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രപതിക്കുവേണ്ടിയുള്ള ട്രെയിൻ ഇപ്പോൾ സർവീസ് നടത്താറില്ല.
സാധാരണ ദിവസങ്ങളിൽ ഓടുന്ന ട്രെയിനുകളുടെ കാര്യം വരുമ്പോൾ, മറ്റ് ട്രെയിനുകളേക്കാൾ രാജധാനി എക്സ്പ്രസിന് ഏറ്റവും മുൻഗണനയുണ്ട്. മറ്റ് ട്രെയിനുകൾ നിർത്തിട്ട് രാജധാനി എക്സ്പ്രസ് കടന്നുപോകാൻ വഴിയൊരുക്കേണ്ടതുണ്ട്. രാജധാനി എക്സ്പ്രസ് അതിന്റെ ഉയർന്ന മുൻഗണനയ്ക്കും കൃത്യനിഷ്ഠയ്ക്കും മാത്രമല്ല, ആഡംബര സൗകര്യങ്ങൾക്കും പേരുകേട്ടതാണ്. ഈ ട്രെയിനിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളോടെ സുഖകരവും ആസ്വാദ്യകരവുമായ യാത്രയാണ് ലഭ്യമാകുന്നത്.
രാജധാനി എക്‌സ്‌പ്രസ് കഴിഞ്ഞാൽ, ഇന്ത്യയിലെ മറ്റെല്ലാ ട്രെയിനുകളേക്കാളും ഏറ്റവും ഉയർന്ന മുൻഗണനാ നിലവാരം ശതാബ്ദി എക്‌സ്‌പ്രസിനാണ്. ഒരു ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന ഇത് ഒരു സൂപ്പർഫാസ്റ്റ് ട്രെയിനായി തരംതിരിച്ചിട്ടുണ്ട്. വേഗതയ്ക്കും കൃത്യനിഷ്ഠയ്ക്കും സുഖപ്രദമായ യാത്രാനുഭവത്തിനും പേരുകേട്ടതാണ് ശതാബ്ദി ട്രെയിനുകൾ. ബിസിനസ്സിനായോ ചെറിയ യാത്രകളോ നടത്തുന്നവർക്കിടയിൽ ഏറെ ജനപ്രിയമാണ് ഈ ട്രെയിനുകൾ.
ഇന്ത്യയിലുടനീളമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 2009-ൽ ആരംഭിച്ച ദീർഘദൂര ട്രെയിനുകളുടെ ഒരു പരമ്പരയാണ് തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ. ഇത് ഒരു പ്രധാന തീവണ്ടി ആണെങ്കിലും, രാജധാനി, ശതാബ്ദി ട്രെയിനുകൾക്ക് തുല്യമായ മുൻഗണന ലഭിക്കില്ല. തൽഫലമായി, തുരന്തോ ട്രെയിനുകൾ രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകൾക്കുവേണ്ടി പിടിച്ചിടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian railway, Railways, Rajadhani express, Vande Bharat Express