Nepal | ഇന്ത്യക്കെതിരായ പരാമർശത്തിന്റെ പേരിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തം; നേപ്പാളിൽ പാർലമെന്റ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി
Nepal | ഇന്ത്യക്കെതിരായ പരാമർശത്തിന്റെ പേരിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തം; നേപ്പാളിൽ പാർലമെന്റ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഒലി വിട്ടുനിന്നു. പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒലി രാജിവയ്ക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി: ഇന്ത്യക്കെതിരായ പരാമർശത്തിന്റെ പേരിൽ രാജി ആവശ്യം ശക്തമായതോടെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹാലിനെയും പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയെയും കണ്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗം, ഇപ്പോൾ നടന്നുവരുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചു.
തുടർന്ന് നടന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ നിന്ന് ഒലി വിട്ടുനിന്നു. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗംപേരും പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒലി രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതോടെ കെ.പി. ഒലി പാർട്ടിക്കുള്ളിൽ കൂടുതൽ ഒറ്റപ്പെട്ടു.
നേപ്പാളിൽ പുഷ്പ കമൽ ദഹൽ നേതൃത്വം നൽകുന്ന വിമതവിഭാഗവുമായി ചേർന്ന് ഇന്ത്യ തന്നെ പുറത്താക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് ഒലി നേരത്തെ ആരോപിച്ചിരുന്നു. നേപ്പാളിന്റെ പുതിയ ഭൂപടം തയാറാക്കിയത് ഇന്ത്യയെ തളർത്തിയെന്നും അതിന്റെ പേരിൽ തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നുമാണ് ഒലി പറഞ്ഞത്. എന്നാൽ പരാമർശം ഒലിക്ക് തന്നെ വിനയായി തീർന്നുവെന്നാണ് നേപ്പാളിലെ പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 44 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പുഷ്പ കമാൽ ദഹൽ, മാധവ് നേപ്പാൾ, ഝലനാഥ് ഖനൽ ബാംദേവ് ഗൗതം എന്നിവർ പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടിസ്ഥാനപരമായ കാര്യങ്ങളിൽപോലും പരാജയപ്പെട്ട ഒലി സർക്കാർ, ഇതിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് നേതാക്കൾ തുറന്നടിച്ചതായി ദി ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.