ഏക്‌ത ബത്രദിവസം 5000 രൂപയിൽ കൂടുതൽ വാടകയുള്ള എല്ലാ നോൺ ഐസിയു ആശുപത്രി മുറികൾക്കും (non-ICU hospital rooms) 5 ശതമാനം ചരക്ക് സേവന നികുതി (goods and services tax (GST)) ഈടാക്കാൻ ആരംഭിച്ചു. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റം നടപ്പിൽ വന്നത്. ജൂൺ 28, 29 തീയതികളിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഇടത്തരം വരുമാനം ഉള്ളവരുടെ ആരോഗ്യപരിപാലനച്ചെലവ് വർദ്ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യവസായ സ്ഥാപനമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (Indian Medical Association (IMA)) തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.
നിലവിൽ, രാജ്യത്തെ മൊത്തം ആരോഗ്യ ചെലവിന്റെ 29 ശതമാനം സ്വകാര്യ ആശുപത്രികളിലാണ് ചെലവാക്കുന്നത്. 17 ശതമാനം മാത്രമാണ് സർക്കാർ ആശുപത്രികൾക്ക് ലഭിക്കുന്നത്. നഗരങ്ങളിലെ 10 കുടുംബങ്ങളിൽ അഞ്ച് പേരും ഗ്രാമീണ കുടുംബങ്ങളിൽ 40 ശതമാനവും തങ്ങളുടെ പ്രധാന ആരോഗ്യ പരിപാലന സ്രോതസായി സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഒരു നോൺ-ഐസിയു ആശുപത്രി റൂമിന് 5,000 രൂപ വാടക ഉണ്ടെന്നിരിക്കട്ടെ. ഈ റൂമിന് പ്രതിദിനം 5 ശതമാനം ജിഎസ്ടി കൂടി നൽകേണ്ടി വരും. അതായത് 250 രൂപ. രോഗി രണ്ട് ദിവസത്തേക്കാണ് അഡ്മിറ്റ് ആകുന്നതെങ്കിൽ 500 രൂപ ജിഎസ്ടി നൽകേണ്ടി വരും. നാല് ദിവസമായാൽ ഇത് ആയിരത്തിലെത്തും.
എന്നാൽ, രാജ്യത്തെ വലിയൊരു ശതമാനം ആളുകളെയും 5 ശതമാനം റൂം ജിഎസ്ടി എന്ന പുതിയ തീരുമാനം കാര്യമായി ബാധിക്കില്ലെന്ന് അപ്പോളോ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ സുനിത റെഡ്ഡി പറയുന്നു. ചുരുക്കം ചിലർ മാത്രമാണ് 5000 രൂപക്കു മുകളിലുള്ള മുറികൾ ഉപയോഗിക്കുന്നതെന്നും സുനിത പറയുന്നു. "അത്തരം രോഗികൾക്ക് പ്രതിദിനം 250 രൂപ നൽകാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ട്'', സുനിത റെഡ്ഡി സിഎൻബിസി-ന്യൂസ് 18 നോട് പറഞ്ഞു.
പല കോണുകളിൽ നിന്നും പരാതി ഉയർന്നെങ്കിലും ജിഎസ്ടി ഈടാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. 5,000 രൂപ വാടക താങ്ങാൻ കഴിയുന്ന ഒരാൾക്ക് ജിഎസ്ടിയും താങ്ങാനാകുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ഇതുവരെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കും കൂടുതൽ നികുതി ഈടാക്കുന്നതിന് മുന്നോടിയാണോ പുതിയ നീക്കമെന്ന് ഭയപ്പെടുന്നവരുമുണ്ട്. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുക എന്നതാണ് ഇതിനുള്ള ദീർഘകാല പരിഹാരം എന്നും വിദഗ്ധർ പറയുന്നു. ആരോഗ്യ സംരക്ഷണത്തിനുള്ള ബജറ്റ് തുക വർധിപ്പിക്കുക, പൊതു ആശുപത്രി കിടക്കകളുടെ എണ്ണം, ഡോക്ടർ, നഴ്‌സ്-രോഗി അനുപാതം, എന്നിവ വർധിപ്പിക്കുക, രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.