• HOME
 • »
 • NEWS
 • »
 • india
 • »
 • Salute ഇന്ത്യൻ സൈന്യത്തിന് ന്യൂസ് 18 സല്യൂട്ട്

Salute ഇന്ത്യൻ സൈന്യത്തിന് ന്യൂസ് 18 സല്യൂട്ട്

ലോകം ആദരവോടെ കാണുന്ന ഇന്ത്യൻ സൈനിക മികവ് ന്യൂസ് 18 കാഴ്ചക്കാർക്ക് മുന്നിലേക്ക്. ഒരു സൈനിക ക്യാംപ് സമ്പൂർണമായി അവതരിപ്പിക്കുന്ന ആദ്യ മലയാളം ടെലിവിഷൻ ചാനലായി ന്യൂസ് 18

News18

News18

 • Last Updated :
 • Share this:
  എഴുപത്തിരണ്ടാം റിപ്പബ്‌ളിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചാണ് ന്യൂസ് 18 ദൃശ്യവിസ്മയം ഒരുക്കുന്നത്. സൈനികരുടെ സാഹസികവും ത്യാഗപൂർണവുമായ ജീവിതവും കായിക, സാങ്കേതിക മികവും പകർത്തുന്നതാണ് പ്രത്യേക പരിപാടി. ആദ്യമായാണ് ഒരു മലയാള ടെലിവിഷൻ ചാനൽ സൈനിക ക്യാംപിലെ പ്രഭാത സല്യൂട്ട് മുതൽ രാത്രിയിലെ ബഡാഖാന വരെ പകർത്തുന്നത്. വെള്ളത്തിലും കരയിലും സാഹസികമായി നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുടെ പരിശീലനങ്ങളും ന്യൂസ് 18 സംഘം കാഴ്ചക്കാർക്കു മുന്നിൽ എത്തിക്കുകയാണ്. ജനുവരി 25ന് രാത്രി ഒൻപതു മണിക്കാണ് സല്യൂട്ട് എന്ന പ്രത്യേക പരിപാടി. 26ന് ഉച്ചയ്ക്ക് 1.30 നും വൈകീട്ട് 7 നും ഇതു വീണ്ടും കാണാം. News18  kerala  യൂട്യൂബ് ചാനലിലും  News18 Malayalam Live Tv തത്സമയം കാണാം.

  പാങ്ങോടും ഗഡ്‌വാളും

  രാജ്യത്തെ തന്നെ ഏറ്റവും പഴക്കവും അനുഭവ സമ്പത്തുമുള്ള പട്ടാള ബറ്റാലിയൻ ആയ മദ്രാസ് റജിമെന്റ് പ്രവർത്തിക്കുന്നത് പാങ്ങോട് സൈനിക ക്യാംപിലാണ്. 1704ൽ തിരിവിതാംകൂർ രാജാവ് സ്ഥാപിച്ച സൈനിക സംഘത്തിലെ പിൻമുറക്കാർ ഉള്ള സ്ഥലം. രാജ്യത്തെ തന്നെ ഏറ്റവും സുശക്തമായ ബറ്റാലിയനുകളിൽ ഒന്നായ ഗഡ്‌വാൾ റൈഫിൾസിലെ പതിമൂന്നാം ബറ്റാലിയൻ പ്രവർത്തിക്കുന്നതും ഇവിടെയാണ്. കരയിലും കടലിലും ഒരുപോലെ പ്രവർത്തിക്കാൻ പരിശീലനം ലഭിച്ച രാജ്യത്തെ ആദ്യ ഉഭയസൈനിക സംഘംകൂടിയാണ് ഗഡ്‌വാൾ റൈഫിൾസ്.


  പ്രഭാത പരേഡ്

  അതിരാവിലെ ആരംഭിക്കുന്ന സൈനിക ജീവിതത്തിന്റെ ഓരോ നിമിഷവും പകർത്തിയിരിക്കുകയാണ് ന്യൂസ് 18 സംഘം. ഗഡ്‌വാൾ റൈഫിൾസിന്റെ ക്വാർട്ടർ ഗാർഡിൽ എട്ടുസൈനികർ ചേർന്ന് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന ദിവസം. 24 മണിക്കൂർ നീളുന്ന ഒരു സൈനിക പാറാവ് കൂടിയാണ് ഈ നിമിഷം ഇവിടെ ആരംഭിക്കുന്നത്. ക്വാർട്ടർ ഗാർഡിൽ സദാസമയവും ജാഗരൂകരായി എട്ട് സൈനികർ. ഓരോ അരമണിക്കൂറിലും സമയം അറിയിച്ച് ഇവിടെ പരമ്പരാഗത രീതിയിൽ മുഴങ്ങുന്ന മണി. പിന്നാലെ പുഷ്പചക്ര സമർപ്പണം. സാഹസികവും ചിട്ടകളാൽ ബന്ധിതവുമായ ഒരു ദിവസം അവിടെ ആരംഭിക്കുകയായി.

  ചിട്ടകളുടെ പരേഡ്

  ഏറ്റവും കർക്കശമായ ചിട്ടകളിലൂടെ കടന്നുപോകുന്നവരാണ് സൈനികർ. സയിൻച മൈതാനത്താണ് ഗഡ്‌വാൾ റൈഫിൾസിന്റെ പരിശീലനം. ആ പേരു തന്നെ ഒരു യുദ്ധജയത്തെ ഓർമിക്കുന്നതാണ്. പഞ്ചാബ് അതിർത്തിയിലെ സയിൻചയിൽ കടന്നുകയറി പാങ്ങോടു നിന്നുള്ള ബറ്റാലിയൻ അധീശത്വം സ്ഥാപിച്ചതിന്റെ ഓർമയ്ക്കു നൽകിയ പേരാണ്. ഇവിടെയാണ് കഠിന പരിശീലനം. മൂന്ന് ഓഫിസർമാർ, ഏഴ് ജൂനിയർ ഓഫിസർമാർ, കൂടാതെ 60 സൈനികരും. ഇത്രയും പേരാണ് ന്യൂസ് 18 സംഘത്തിനു മുന്നിൽ കായിക മികവ് അവതരിപ്പിച്ചത്.

  പ്രതിബന്ധങ്ങൾ മറികടക്കാനുള്ള പരിശീലനമാണ് ഏറെ ശ്രമകരം. തീക്കുണ്ഡത്തിനു മുകളിലൂടെ ചാടിക്കടന്ന്, മുള്ളുവേലികൾക്ക് അടിയിലൂടെ നൂഴ്ന്നിറങ്ങി, ഒറ്റക്കുതിപ്പിൽ കിടങ്ങുകൾ പിന്നിലാക്കിയാണ് കുതിപ്പ്. കായികമൽസരങ്ങളിലെ ചിരപരിചിതമായ ഹർഡിലൂകളല്ല സൈനിക ക്യാംപിൽ. ഓരോ സൈനികനും മറികടക്കേണ്ടത് ട്രാക്കുകളിലെ ഹർഡിലുകളേക്കാൾ കഠിനമായ ഉയരമാണ്. ഒരു നൊടിയിൽ 17 തരം കടമ്പകളാണ് ഗഡ്‌വാൾ സൈനികർ മറികടന്നത്.

  നുഴഞ്ഞുകയറ്റം

  അപ്രതീക്ഷിതമായി കടന്നുകയറുന്ന ശത്രുവിനെ എങ്ങനെ നേരിടാം? ഈ ചോദ്യത്തിനുള്ള ഉത്തരം ഏറ്റവും സാഹസികമായി തന്നെ നമ്മുടെ സൈനികർ കാണിച്ചു തന്നു. ഒപ്പം ശത്രുവിന്റെ ഒളിയിടം വളഞ്ഞുപിടിക്കുന്നതിന്റെ തൽസമയ കാഴ്ചകളും. എംപി 9, എകെ 47 തുടങ്ങിയ യന്ത്രത്തോക്കുകൾ നിർത്താതെ നിറയൊഴിച്ചായിരുന്നു ഓപ്പറേഷൻ. ഭീകരപ്രവർത്തകരെ നേരിടുന്നതിന് ഉപയോഗിക്കുന്ന തന്ത്രങ്ങളാണ് ന്യൂസ് 18 നുവേണ്ടി സൈനികർ അവതരിപ്പിച്ചത്. പിന്നാലെ കാർബൈനും ഇൻസാസും എകെ 47 ഉപയോഗിച്ചുള്ള നിറയൊഴിക്കൽ പരിശീലനം.

  'ഏക് ഗോലി ഏക് ദുശ്മൻ'. ഇതാണ് സൈന്യത്തിന്റെ മുദ്രാവാക്യം. ഒരു ശത്രുവിനെ ഒരു വെടിയുണ്ടയിൽ തന്നെ അവസാനിപ്പിക്കുന്ന കാർക്കശ്യത്തോടെയുള്ള പരിശീലനം. ശത്രുവിന്റെ രൂപത്തിലുള്ള ഡമ്മിയിലേക്ക് നിറയൊഴിച്ചാണ് അസാധാരണ ഉന്നവും പരിശീലന മികവും സൈനികർ കാഴ്ചക്കാരെ അറിയിക്കുന്നത്.

  പ്രളയകാല രക്ഷകർ

  2018ലെ വലിയ പ്രളയം. 2019ലെ രണ്ടാം പ്രളയം. ഈ രണ്ടു ഘട്ടങ്ങളിലും കേരളത്തിന്റെ രക്ഷകരായവരാണ് ഗഡ്‌വാൾ റൈഫിൾസ്. സംഹാരമല്ല സംരക്ഷണമാണ് ഇന്ത്യൻ സൈന്യത്തിന്റെ മുദ്രാവാക്യം. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി എണ്ണായിരത്തോളം പേരെയാണ് ആദ്യ പ്രളയത്തിൽ സംഘം രക്ഷിച്ചത്. ശത്രുസംഹാരത്തിന് നൽകുന്ന അതേ പ്രാധാന്യമാണ് ഇവിടെ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും. അത്യാധുനികമായ ബോട്ടുകളും സ്ട്രച്ചറുകളും പിന്നെ, വിദഗ്ധ പരിശീലനം ലഭിച്ച സൈനികരും. സർവ്വസജ്ജമാണ് രാജ്യത്തിന്റെ ഈ രക്ഷകർ.

  സൈനിക ജീവിതം

  ക്യാംപുകളിലെ സൈനിക ജീവിതത്തിന്റെ ഓരോ നിമിഷവും ന്യൂസ് 18 സംഘം പകർത്തി. ഏതുസമയവും ജാഗരൂകരായി കഴിയുന്ന സൈനികബാരക്കുകൾ. തൊട്ടടുത്ത് കുടുംബസമേതം സൈനികർ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ. തിരുവിതാംകൂർ രാജഭരണകാലം മുതലുള്ള ബാരക്കുകൾ പാങ്ങോട് ക്യാംപിൽ ഇപ്പോഴുമുണ്ട്. സൈനികരുടെ കായിക മികവ് വളർത്താൻ ദിവസവും മൽസരങ്ങളും നടക്കുന്നുണ്ട് ക്യാംപിൽ. ഫുട്‌ബോൾ മൈതാനത്തെ ആ കേളീ മികവും ന്യൂസ് 18 കാഴ്ചക്കാർക്കായി അവതരിപ്പിക്കുന്നുണ്ട് ഗഡ്‌വാൾ റൈഫിൾസ്. ഉന്നത ഉദ്യോഗസ്ഥർ മുതൽ ഏറ്റവും താഴെത്തട്ടിലുള്ളവർ വരെ പങ്കെടുക്കുന്ന ബഡാഖാനയോടെയാണ് ദിവസം അവസാനിക്കുന്നത്.

  ലോകത്തെ ഏറ്റവും വമ്പനായ ശത്രുവിനേയും ഭയപ്പെടുത്തുന്ന സൈനിക മികവ് ഇന്ത്യ എങ്ങനെ കൈവരിച്ചു? ആ ചോദ്യത്തിനുള്ള ഉത്തരമാണ് പാങ്ങോട് ക്യാംപിലെ ഗഡ്‌വാൾ റൈഫിൾസ് നൽകുന്നത്. അതാണ് ന്യൂസ് 18 കാഴ്ചക്കാർക്കു മുന്നിൽ എത്തിക്കുന്നത്.
  Published by:Naseeba TC
  First published: