ന്യൂഡൽഹി: രാജ്യത്തെ മുൻനിര മാധ്യമങ്ങളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) ഇനി പുതിയ പേരിൽ. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ (എൻബിഡിഎ) എന്ന പേരിലായിരിക്കും ഇനി സംഘടന അറിയപ്പെടുക. ടെലിവിഷൻ കാഴ്ചക്കാരിൽ 80 ശതമാനം വ്യൂവർഷിപ്പുള്ള രാജ്യത്തെ മുൻനിര വാർത്താചാനലുകളെല്ലാം എൻബിഎയിൽ അംഗങ്ങളാണ്. ഡിജിറ്റൽ മാധ്യമങ്ങളെ കൂടി പരിഗണിച്ചാണ് പേരുമാറ്റം.
സാങ്കേതികവിദ്യകളിലെ പുത്തൻ മാറ്റങ്ങൾ കാരണം മാധ്യമങ്ങളുടെ പ്രകൃതം തന്നെ മാറിയിട്ടുണ്ട്. വാർത്തകളും വ്യത്യസ്തമായ മാധ്യമങ്ങളെയും തെരഞ്ഞെടുക്കാൻ കാഴ്ചക്കാർക്ക് മുൻപത്തെക്കാൾ ഒട്ടനവധി സാധ്യതകളാണുള്ളത്. ഭാവി ഡിജിറ്റൽ മാധ്യമങ്ങളുടേതാകും. ഈ സാഹചര്യത്തിലാണ് അസോസിയേഷനിൽ അംഗങ്ങളായ ഡിജിറ്റൽ മാധ്യമങ്ങളെ കൂടി പ്രതിഫലിപ്പിക്കുന്ന രീതിയിൽ പേര് എൻബിഡിഎ എന്ന് മാറ്റാൻ എൻബിഎ ബോർഡ് തീരുമാനിച്ചത്.
"എൻബിഎ, ഡിജിറ്റൽ മീഡിയ വാർത്താ പ്രക്ഷേപകരെ അതിന്റെ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. അതിന്റെ പുതിയ ഘട്ടത്തിൽ, ഡിജിറ്റൽ മീഡിയ വാർത്താ പ്രക്ഷേപകരെ ഉൾപ്പെടുത്തിക്കൊണ്ട്, എൻബിഎ ബോർഡ് പേര് മാറ്റാൻ തീരുമാനിച്ചു. എൻബിഡിഎ ദൃശ്യ മാധ്യമങ്ങൾക്കും ഡിജിറ്റൽ മീഡിയയ്ക്കും കൂട്ടായ ശബ്ദമായി മാറുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. വാണിജ്യ, നിയന്ത്രണ പ്രശ്നങ്ങൾക്കൊപ്പം, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വതന്ത്രമായ ആശയവിനിമയത്തിനുള്ള മൗലികാവകാശം സംരക്ഷിക്കാൻ അസോസിയേഷനെ ഇത് പ്രാപ്തമാക്കും"- തീരുമാനം പ്രഖ്യാപിച്ച് എൻബിഎ പ്രസിഡന്റ് രജത് ശർമ്മ പറഞ്ഞു:
14 വർഷം മുമ്പ് സ്വയം നിയന്ത്രണാധികാര ഘടകമായി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻബിഎസ്എ) രൂപീകരിച്ചത് അഭിമാന നേട്ടമായാണ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ കാണുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ ജഡ്ജിമാരും പ്രക്ഷേപണ നിലവാരം മെച്ചപ്പെടുത്താൻ പരിശ്രമിച്ച പ്രമുഖ വ്യക്തികളും നേതൃത്വം നൽകുന്ന പരാതി പരിഹാര സംവിധാനവും പ്രക്രിയയും എൻബിഎസ്എ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ മീഡിയ ന്യൂസ് ബ്രോഡ്കാസ്റ്റർമാരെ ഉൾപ്പെടുത്തിക്കൊണ്ട്, സ്വയം നിയന്ത്രിത സ്ഥാപനമായ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (NBSA) പേര് "ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് & ഡിജിറ്റൽ സ്റ്റാൻഡേർഡ് അതോറിറ്റി" (NBDSA) എന്ന് പുനർനാമകരണം ചെയ്യാനും NBDA ബോർഡ് തീരുമാനിച്ചു.
English Summary: News Broadcasters Association (NBA) which is India's largest body of news broadcasters, has decided to change its present name to "News Broadcasters & Digital Association" (NBDA). NBA consists of the nation's top-rated news channels and commands more than 80 per cent of news television viewership in India.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.