'കോവിഡിന്‍റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും'; മുന്നറിയിപ്പ് നല്‍കി ഉദ്ധവ് താക്കറെ
'കോവിഡിന്‍റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കും'; മുന്നറിയിപ്പ് നല്‍കി ഉദ്ധവ് താക്കറെ
കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താക്കറെ, ജനങ്ങൾ തന്നെയാണ് ശ്രദ്ധ പാലിക്കേണ്ടതെന്നും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും ആവർത്തിച്ചു
മുംബൈ: കോവിഡിന്‍റെ അടുത്ത തരംഗം സുനാമി പോലെ ശക്തമായിരിക്കുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ഒരുതരത്തിലുള്ള വീഴ്ചയും വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് മഹാമാരി നിയന്ത്രണത്തിലാക്കാൻ ജനങ്ങൾ പാലിച്ച കരുതലിനും അച്ചടക്കത്തിനും നന്ദി അറിയിച്ചെങ്കിലും ദീപാവലി സമയത്തുണ്ടായ അശ്രദ്ധയിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടമാക്കി.
'ദുസ്സഹറ, ഗണേശോത്സവ് തുടങ്ങി എല്ലാ ഉത്സവങ്ങളും നമ്മൾ ശ്രദ്ധയോടെ തന്നെ ആഘോഷിച്ചു. ദീപാവലി ആഘോഷത്തിലും പടക്കം പൊട്ടിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു അത് നിങ്ങൾ പിന്തുണയ്ക്കുകയും ചെയ്തു. ഇതൊക്കെ കൊണ്ട് തന്നെയാണ് കോവിഡിനെതിരായ യുദ്ധം ഇപ്പോള്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. പക്ഷെ നിങ്ങളോട് എനിക്ക് കുറച്ച് ദേഷ്യമുണ്ട്. ദീപാവലിക്ക് ആൾക്കൂട്ടം ഉണ്ടാകുമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. ധാരാളം ആളുകൾക്ക് മാസ്ക് ധരിക്കാതെ നടക്കുന്നത് കണ്ടു.
കോവിഡ് അവസാനിച്ചു എന്ന് ഒരിക്കലും കരുതരുത്. അശ്രദ്ധരാവുകയും ചെയ്യരുത്. പാശ്ചാത്യ രാജ്യങ്ങളിലായാലും, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലായാലും വൈറസിന്‍റെ രണ്ടും മൂന്നും തരംഗങ്ങൾ സുനാമി പോലെ ശക്തമായിരുന്നു. അഹമ്മദാബാദിൽ രാത്രി കർഫ്യു വരെ ഏർപ്പെടുത്തി'. സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ആളുകള്‍ കൂടുന്നത് കൊണ്ട് കോവിഡ് അവസാനിക്കില്ല മറിച്ച് ഇപ്പോൾ അത് കൂടിവരികയാണ്. വാക്സിന്‍ പോലും ഇതുവരെ ലഭിച്ചിട്ടില്ല. എപ്പോൾ ലഭിക്കുമെന്ന് നമുക്ക് അറിയില്ല. ഡിസംബറോടെ വാക്സിന്‍ ലഭ്യമായാലും എപ്പോഴാകും മഹാരാഷ്ട്രയിൽ എത്തുക? ഇവിടെ 12കോടി ജനങ്ങളാണുള്ളത്. രണ്ട് തവണ വാക്സിൻ നൽകേണ്ടി വരും. അതുകൊണ്ട് തന്നെ 25 കോടി ആളുകൾക്കുള്ള വാക്സിനാണ് ഇവിടെ വേണ്ടത്. അതുകൊണ്ട് തന്നെ കരുതൽ പാലിച്ചേ മതിയാകു. കാരണം ഇതിന് സമയമെടുക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.
കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കിയ താക്കറെ, ജനങ്ങൾ തന്നെയാണ് ശ്രദ്ധ പാലിക്കേണ്ടതെന്നും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കേണ്ടതെന്നും ആവർത്തിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇതുവരെ 17,80,208 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 46,623 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.