• HOME
  • »
  • NEWS
  • »
  • india
  • »
  • ഷെൽട്ടർഹോമിലെ പെൺകുട്ടികളെ കാണാതാകൽ: കേരളാസർക്കാരിനും ഡിജിപിക്കും ദേശീയ മനുഷ്യാവകാശകമ്മീഷൻ നോട്ടീസ്

ഷെൽട്ടർഹോമിലെ പെൺകുട്ടികളെ കാണാതാകൽ: കേരളാസർക്കാരിനും ഡിജിപിക്കും ദേശീയ മനുഷ്യാവകാശകമ്മീഷൻ നോട്ടീസ്

മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായെന്ന മാധ്യമ റിപ്പോർട്ടുകൾ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ പരിഗണിക്കുകയായിരുന്നു

  • Share this:
കോട്ടയത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) കേരള സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. പെൺകുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ ആവർത്തിച്ച് നടക്കുന്നതിനെ തുടർന്ന് കമ്മീഷൻ, പ്രത്യേക റിപ്പോർട്ടർ ഹരിസേന വർമ്മയോട് സ്ഥലം സന്ദർശിച്ച് രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അദ്ദേഹം നിർദേശിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ഈ ഷെൽട്ടർ ഹോമിലെ അന്തേവാസികൾ “സംതൃപ്തരോ സന്തുഷ്ടരോ അല്ലെന്ന്” തോന്നുന്നതായും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള മനുഷ്യത്വരഹിതവും മാന്യമല്ലാത്തതുമായ പെരുമാറ്റം ഇവിടെ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്നുണ്ടാകാമെന്നും അതുകൊണ്ടാകാം പെൺകുട്ടികൾ ഇവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതെന്നും കമ്മീഷൻ വിലയിരുത്തി.

മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായെന്ന മാധ്യമ റിപ്പോർട്ടുകൾ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ പരിഗണിക്കുകയായിരുന്നു.

”ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന ഒരു കുട്ടിയുടെ ബന്ധു വീട്ടിൽ നിന്നാണ് പോലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. എന്നാൽ ഷെൽട്ടർ ഹോമിലേക്ക് മടങ്ങാൻ പെൺകുട്ടികൾ തയ്യാറായില്ല. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കോട്ടയത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

മഹിളാ സമഖ്യ എന്ന എൻ‌ജി‌ഒ നടത്തുന്ന ഷെൽട്ടർ ഹോമിന് മേൽനോട്ടത്തിന്റെയും കാര്യക്ഷമമായ നിരീക്ഷണത്തിന്റെയും അഭാവമുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ച കമ്മീഷൻ നിരീക്ഷിച്ചു. സാമൂഹിക നീതി വകുപ്പിന്റെയും ശിശുക്ഷേമ സമിതിയുടെയും അംഗീകാരമുള്ള ഷെൽട്ടർ ഹോമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ നടപടി സ്വീകരിച്ച വിവരങ്ങളടക്കം റിപ്പോർട്ട് ആവശ്യപ്പെട്ട് കമ്മീഷൻ കേരള ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. പെൺകുട്ടികളെ ഷെൽട്ടർ ഹോമിൽ നിന്ന് രക്ഷപെടാൻ പ്രേരിപ്പിച്ചതിൽ സാമൂഹിക നീതി വകുപ്പിലെയോ ശിശുക്ഷേമ സമിതിയിലെയോ ഏതെങ്കിലും പ്രവർത്തകരുടെ ഇടപെടലുണ്ടോ എന്നതും റിപ്പോർട്ട് ചെയ്യണം.

കാണാതായ പെൺകുട്ടികൾ പ്രസ്തുത ഷെൽട്ടർ ഹോമിൽ താമസിക്കാൻ വിസമ്മതിക്കുന്നതിന്റെ കാരണങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു.

മാങ്ങാനത്ത് നിന്ന് കാണാതായ പെൺകുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിന്റെ സ്ഥിതിഗതികളിൽ വിശദീകരണം ആവശ്യപ്പെട്ട് കേരള പോലീസ് ഡയറക്ടർ ജനറലിനും കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഉദ്യോഗസ്‌ഥരിൽ നിന്ന്‌ പ്രതികരണം പ്രതീക്ഷിക്കുന്നതായും കമ്മീഷൻ വ്യക്തമാക്കി.

വീടുകളിലും മസാജ് പാർലറുകളിലും സ്പാകളിലും നിർബന്ധിത ജോലിക്കായി പെൺകുട്ടികളെ കടത്തി കൊണ്ടുപോകാനും ലൈംഗികമായി ചൂഷണം ചെയ്യാനും പെൺകുട്ടികളുടെ ഇതുപോലുള്ള കാണാതാകലുകൾ കാരണമായേക്കാമെന്ന് കമ്മീഷൻ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായ ദത്തെടുക്കലിനോ ശൈശവ വിവാഹത്തിനോ വരെ ഇത്തരത്തിൽ കാണാതാകുന്ന പെൺകുട്ടികൾ വിധേയരായേകാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

മനുഷ്യക്കടത്ത് പോലുള്ള സാമൂഹിക വിപത്തിനെ ഉന്മൂലനം ചെയ്യാൻ എല്ലാ ഭാഗത്ത് നിന്നുമുള്ള കൂട്ടായ ശ്രമങ്ങൾ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും കമ്മീഷൻ നിരീക്ഷിച്ചു.
Published by:user_57
First published: