മധുര: ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ പങ്കുവെക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചതിനെ തുടർന്ന് മധുരയിൽ നാലിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മുഹമ്മദ് ഇക്ബാൽ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് വിവാദമായത്. ഐസിസിന്റെയും മത മൗലികവാദ സംഘടനയായ ഹിസ്ബ്-ഉത്ത് തഹ്രിറിന്റെയും പ്രത്യയശാസ്ത്രം പങ്കുവെച്ചുകൊണ്ട് താൻ ഒരു തീവ്രചിന്താഗതിക്കാരനാണെന്ന് ഫേസ്ബുക്ക് പോസ്റ്റുകലിൽ മുഹമ്മദ് ഇക്ബാൽ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പ്രചരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം തമിഴ്നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഏപ്രിൽ 15 നാണ് ഈ കേസ് കേന്ദ്ര ഏജൻസി ഏറ്റെടുത്തത്.
“തൂംഗാ വിഴിഗൽ റെൻഡു കാസിമാർ സ്ട്രീറ്റിലാണ്” എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തിയതിന് പ്രതി ഇക്ബാൽ അപ്ലോഡ് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുൻവിധിയോടെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സാമുദായിക സ്പർധ ഉണ്ടാക്കുന്നതിനാണ് പോസ്റ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ”- എൻ ഐ എ വക്താവ് പറഞ്ഞു.
മധുരയിലെ കാസിമാർ സ്ട്രീറ്റിലെ താമസക്കാരനായ ഇക്ബാൽ എന്ന സെന്തിൽ കുമാറിനെ ഡിസംബർ രണ്ടിന് പ്രാദേശിക പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഞായറാഴ്ച തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ കാസിമാർ സ്ട്രീറ്റ്, കെ പുതുർ, പെഥാനിയപുരം, മധുരയിലെ മെഹബൂബ് പാലയം എന്നിവ ഉൾപ്പെടുന്നു.
റെയ്ഡിൽ ഒരു ലാപ്ടോപ്പ്, ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, സിമ്മുകൾ, പെൻ ഡ്രൈവുകൾ, നിരോധിക്കപ്പെട്ട നിരവധി പുസ്തകങ്ങൾ / ലഘുലേഖകൾ / രേഖകൾ എന്നിവ ഉൾപ്പെടെ 16 ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെടുത്തതായും എൻ ഐ എ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.